Thursday, February 4, 2010

നേര്‍ച്ചക്കൊറ്റന്‍



നേര്‍ച്ച ക്കൊറ്റന്‍


വേലിയേറ്റത്തില്‍ മുങ്ങിപ്പോയ ചെറു ദ്വീപാണ് സുലയ്യക്കുട്ടിയുടെ ഓര്‍മ. ഓര്‍ക്കാന്‍ മടിച്ച കാര്യങ്ങളെല്ലാം ഒറ്റയടിക്കവള്‍ മറന്നു. വെള്ളത്തിനു മുകളില്‍ അനാഥമായ പുല്‍ത്തലപ്പു പോലെ വേരും തണ്ടുമില്ലാത്ത ഇത്തിരി ഓര്‍മ്മകള്‍ മാത്രമുണ്ട് ബാക്കി.
മരിച്ചു പോയ ബാപ്പയെ വീടിന്‍റെ മുറികളിലെല്ലാം അവള്‍ തിരഞ്ഞു നടന്നു. ബാപ്പ അങ്ങാടിയില്‍ പോയതായിരുന്നു അവളുടെ ബാക്കി നിന്ന ഓര്‍മ, ബലി പെരുന്നാളിന് വിശുദ്ധ മാംസമായി വീതിക്കപ്പെട്ട നേര്‍ച്ച കൊറ്റനെയാണ് അവള്‍ പിന്നീട് ചോദിച്ചത്. പെറ്റനാള്‍ തൊട്ട് തീറ്റിപ്പോറ്റിയ ആട്ടിന്‍ കുട്ടി . പാല്‍ നിറത്തില്‍ കറുത്ത പുള്ളികളുള്ള, കണ്ണെഴുതിയ കൊറ്റന്‍.


അന്ന് സുലയ്യ കുട്ടിക്ക് എട്ടോ ഒമ്പതോ വയസ്സാണ് പ്രായം. തൊടിയില്‍ ആടുകളെ തീറ്റിക്കൊണ്ടിരുന്നവള്‍ പെട്ടെന്ന് ഓടിക്കിതച്ചുവന്നു. കിതപ്പിനാലവള്‍ക്ക് വീര്‍പ്പു മുട്ടി. കണ്ണുരുട്ടി കൈകാലുകളാല്‍ ആങ്ങ്യം കാട്ടി കാര്യം പറയാന്‍ തുനിഞ്ഞു. എന്തോ കണ്ടു പേടിച്ച പോലെ അവള്‍ വിറക്കുകയായിരുന്നു. ഉമ്മ കണ്ടാല്‍ ജിന്നിനെയിറക്കാന്‍ മന്ത്രിച്ചൂതിയ ചരട് അവള്‍ക് കെട്ടുമെന്ന് ഉറപ്പ്‌.
പേടിച്ചരണ്ട കണ്ണുമായി ശ്വാസം പിടിച്ച്‌, നിര്‍ത്തി നിര്‍ത്തി അവള്‍ പറഞ്ഞു.
- ഇക്കാക്കാ ആങ്ങളേം പെങ്ങളും ......

ചങ്ക് മുറിഞ്ഞ ആടിന്‍റെ ഒടുക്കത്തെ നിലവിളി പോലെയാണ് അത്രയും പറഞ്ഞൊപ്പിച്ചത്. സുലയ്യക്കുട്ടി യുടെ കണ്ണുകള്‍ പൊട്ടിയൊലിച്ചു. ഗദ്ഗദം തൊണ്ടയില്‍ കുപ്പിച്ചില്ലായി തറഞ്ഞു. കിളി വാതിലിലൂടെ ഇക്കാക്ക തൊടിയിലേക്ക്‌ നോക്കി. ആട്ടിന്‍കുട്ടികള്‍ ഇണചേര്‍ന്ന് കളിക്കുന്നു. തള്ളയാട് ഒന്നുമറിയാതെ പ്ലാവില ചവ്യ്ക്കുന്നു.
ആങ്ങളയും പെങ്ങളും കാണിച്ച പാപത്തിന്‍റെ പൊരുള്‍ ഇക്കാക്കയറിഞ്ഞു. ചിരിക്കയോ അവളെ ശാസിക്ക്യോ വേണ്ടതെന്നറിയാതെ അയാള്‍ പരുങ്ങി. പാപത്തിന്‍റെ ജന്തു യാഥാര്‍ ത്യങ്ങള്‍ എങ്ങിനെ അനിയത്തിയോട് പറയും?
വരാന്തയില്‍ കണ്ണ് തുറിച്ച് ഉടല് വിറച്ച് അവള്‍ നിന്നു. പിന്നെ തീരാ പകയോടെ തൊടിയിലിറങ്ങി പാണവടി മുറിച്ചെടുത്ത്‌ ആങ്ങളയെയും പെങ്ങളെയും പൊതിരെ തല്ലി. കാര്യമെന്തെന്നറിയാതെ അവ നിലവിളിച്ചു. അരിശം തോര്‍ന്നപ്പോള്‍ വടി വലിച്ചെറിഞ്ഞ് അടുക്കളയിലേക്ക് ഓടി. അടുക്കളയില്‍ ഒരു വിതുമ്പല്‍ പൊട്ടിയൊലിച്ചു.
പാപം ചെയ്ത കുഞ്ഞാടുകളെ കുറേക്കാലം അവള്‍ തിരിഞ്ഞു നോക്കിയില്ല. അടികൊണ്ട പാടുകള്‍ തടവിക്കൊടുത്തും പച്ച പ്പിലാവില പെറുക്കി തീറ്റിയും പിന്നീട് സുലയ്യക്കുട്ടി ആടുകളുടെ ചങ്ങാത്തം വീണ്ടെടുത്തു. എന്നിട്ടും കൊറ്റനാടിനെ കുറ്റിയില്‍ മുറുക്കി കെട്ടാന്‍ അവള്‍ മറന്നില്ല. മുന്‍കരുതലുകളുടെ കയറു പൊട്ടിച്ച് ആങ്ങളയും പെങ്ങളും വീണ്ടും ഇണചേര്‍ന്നു രമിച്ചു. ക്രമേണ പാപത്തിന്‍റെ നരകക്കാഴ്ചകള്‍ അവളെ പൊള്ളിക്കാതായി.

അവസാനത്തെ ഉറക്കഗുളികയും കൊടുത്താണ് സുലയ്യക്കുട്ടിയെ ഉറക്കിയത്‌. മരിച്ച ബാപ്പയെയും കൊറ്റനെയും ചോദിച്ച് അന്ന് മുഴുവന്‍ അവള്‍ ബഹളം വെക്കുകയായിരുന്നു. അവളെ ഉണര്‍ത്തല്ലേയെന്നു ഇക്കാക്ക പടച്ചവനോടിരന്നു. ഉണര്‍ന്നാല്‍ പാതിരാക്കും അവള്‍ നരകം തീര്‍ക്കും. ചിത്തരോഗാശുപത്രിയില്‍ പാതിരാക്കൊരാള്‍ ഉണര്‍ന്നു നില വിളിച്ചാല്‍ പിന്നെ രാവ് പകലാകും. മയങ്ങിത്തുടങ്ങിയ രോഗികള്‍ ഉണര്‍ന്ന് ആങ്ങ്യങ്ങളുടെയും അട്ടഹാസങ്ങളുടെയും നരക വാതില്‍ തുറക്കും.


സുലയ്യക്കുട്ടിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. യതീംഖാനയില്‍ നിന്ന് വേനലവധിക്ക് നാട്ടിലെത്തിയപ്പോള്‍ കണിക്കൊന്ന പോലെ പൂത്തുലഞ്ഞ അനിയത്തിയെയാണ് കണ്ടത്. ആള്‍കണ്ണാടിക്ക് മുമ്പില്‍ അവള്‍ മണിക്കൂറുകളോളം പനങ്കുലമുടി ചീകിമിനുക്കുന്നതും കണ്ണാടിയിലെ സ്വന്തം ഉടലില്‍ ഉറ്റു നോക്കി കള്ളപ്പുഞ്ചിരി പൊഴിക്കുന്നതും ഒളി കണ്ണാലെ ഇക്കാക്ക കണ്ടു.കടും നിറങ്ങളുള്ള ഉടുപ്പുകളണിഞ്ഞു സുറുമ എഴുതി പീലി വിരിച്ച മയിലിനെ പോലെയാണ് അവളെ കാണുക. ഉടലിന്‍റെ സൌഭാഗ്യം ഒറ്റയ്ക്കവള്‍ ആഘോഷിക്കയാണെന്ന് തോന്നും.
അവളുടെ നോട്ടവും നടത്തവും ഉമ്മയെ അസ്വസ്ഥമാക്കി. ഉമ്മ അവളെ ശകാരിച്ചു കൊണ്ടേയിരുന്നു. അവളാകട്ടെ ഉമ്മയുടെ ഖല്‍ബില്‍ തീക്കനല്‍ കോരിയിട്ടു. ഉമ്മ അവയെല്ലാം കോരി എടുത്ത് മകന്‍റെ മനസ്സിലിട്ടു കത്തിക്കും.
-തലേം മൊലേം വന്ന വാല്യക്കാരത്തിയാ... ആരാന്‍റെ അടുക്കളേല്‍ കഴിയേണ്ടോള.....


ഒരു നാള്‍ കൊറ്റനാടിന്‍റെ കഴുത്തില്‍ ചുകന്ന നേര്‍ച്ച സഞ്ചി കെട്ടിത്തൂക്കി ഉമ്മ അതിനെ അങ്ങാടിയിലേക്ക് ഇറക്കി വിട്ടു. തൊടി വിട്ടു പോകാന്‍ മടിച്ച കൊറ്റന്‍ സുലയ്യക്കുട്ടിയെ വിളിച്ച് ദീനമായി കരഞ്ഞു.
സുലയ്യക്കുട്ടിയുടെ കൊറ്റന്‍ നേര്‍ച്ചകൊറ്റനായി കഴിഞ്ഞിരുന്നു. കഴുത്തിലൊരു സഞ്ചി തൂക്കി അത് ബലിപെരുന്നാള്‍ വരെ അലയണം. മഹല്ലുകാര്‍ അതിന് നേര്‍ച്ചതീറ്റകള്‍ നല്‍കും. നേര്‍ച്ച നാണയങ്ങള്‍ കഴുത്തിലെ നേര്‍ച്ച സഞ്ചിയില്‍ നിക്ഷേപിക്കും. നേര്‍ച്ച കൊറ്റനെ ആരും ഉപദ്രവിക്കില്ല. നാളെത്തുംമുമ്പെ കൊന്നു തിന്നുകയുമില്ല. തീറ്റി കൊഴുപ്പിച്ച് ബലിദിനം വരെ മഹല്ലുകാര്‍ അതിനെ പോറ്റും.
മൈലാഞ്ചി വേലി കടന്ന്‌, അമ്പേ കരഞ്ഞ്, കൊറ്റന്‍ അങ്ങാടിയിലേക്ക് നടന്നു പോകുന്നത് കിളി വാതിലിലുടെ അവള്‍ കണ്ടു. ഖല്‍ബില്‍ നിന്ന് പൊന്തിയ ഒരു നെടുവീര്‍പ് അവളെയാകെ ഉലച്ചു.

യത്തീമായ പെണ്‍കുട്ടിയുടെ ഓരോ തുള്ളി കണ്ണീരിനും പരലോകത്ത് ബന്ധുക്കളും മഹാല്ലുകാരും മറുപടി പറയേണ്ടി വരും- ഉമ്മ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ഒടുക്കം മഹല്ലിലെ മൂപ്പന്മാര്‍ പിരിവെടുത്താണ് പണമുണ്ടാക്കിയത്. അവര്‍ യത്തീം കുട്ടിയ്ക്ക് ദാനപ്പണവും നേര്‍ച്ച പ്പണവും നല്‍കി. അവര്‍ കൊണ്ട് വന്ന സ്വര്‍ണപ്പതക്കം കഴുത്തില്‍ കെട്ടിയപ്പോള്‍ സുലയ്യക്കുട്ടി തമാശയായി പറഞ്ഞു-
ഇനിയെന്നെ ഇറക്കി വിടാലോ നേര്‍ച്ചകൊറ്റനെ പൊലെ.....
കല്യാണദിവസം ഒപ്പന പാടുന്ന കൂട്ടുകാരികളോടോത്ത് മൈലാഞ്ചി വേലി കടന്ന്‌ പോയ അനിയത്തി. ഒരു ബലിദാനത്തിന്‍റെ ഓര്‍മ പോലെ രംഗം മനസ്സില്‍ ചോര തെറിച്ചു കിടന്നു.

ഉമ്മയ്ക്കും ബന്ധുക്കള്‍ക്കും സന്തോഷത്തേക്കാള്‍ അഭിമാനമായിരുന്നു. യാത്തീമായ പെണ്ണിന് ഗള്‍ഫുകാരനെത്തന്നെ കിട്ടിയല്ലോ!
ഉടലാകെ പൂത്തുലഞ്ഞു നടന്നവള്‍ ഇനിയൊരു വീടരായി, അടുക്കള ചുമരുകള്‍ക്കുള്ളില്‍ ഒരു പഞ്ചാരക്കുപ്പിയായി പുകപിടിച്ചു നശിക്കണം. പര്‍ദയും മക്കനയുമിട്ട് സ്വന്തം ഉടലിനെ പാപിയുടെ ചോരക്കറ പുരണ്ട കയ്യ് പോലെ ഒളിപ്പിക്കണം. രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ ദേശാടകനായി ഒരു മാസത്തെ ദാമ്പത്യം നുകരാനെത്തുന്ന ഭര്‍ത്താവ്. ജീവിതത്തിലൊട്ടാകെ അവള്‍ക് എത്ര മാസം ദാമ്പത്യമുണ്ടാകും? മുപ്പത്തഞ്ഞു മാസത്തെ വിരഹവും ഒരു മാസത്തെ ദാമ്പത്യവും!
അനിയത്തിയുടെ ഭാവി ഇക്കാക്കയുടെ മനസ്സില്‍ പൊള്ളുന്ന അറിവായി. യാത്തീമായ പെണ്‍കുട്ടിയുടെ ഓരോ തുള്ളി കണ്ണീരിനും....

ഉയരമുള്ള ചുറ്റുമതിലിനകത്ത് അവള്‍ ഒച്ചയുമനക്കവുമില്ലാതെ ഒതുങ്ങി. ആകാശമേഘങ്ങള്‍ക്കിടയിലൂടെ പറന്നെത്തുന്ന ഭര്‍ത്താവിനെ കാത്തുകാത്ത് കണ്ണീരൊഴുക്കി. കിനാക്കളില്‍ നിറഞ്ഞു. വിരഹത്തിന്‍റെയും കാത്തിരിപ്പിന്‍റെയും രാപകലുകളില്‍ അവളറിയാതെ ഒരു മയില്‍പെണ്ണ് പീലി വിരിച്ചുണര്‍ന്നു. വിഹ്വലമായ കാഴ്ചയില്‍ അവള്‍ നടുങ്ങും. പിന്നെ ക്രൂരമായ ഒരാനന്ദത്തോടെ അതിനെ ചവു ട്ടിയരച്ചു. തലയിണയില്‍ മുഖമമര്‍ത്തി കുമ്പിടും. ഓരോ തവണ ചവുട്ടി യാരക്കുംബോളും അത് കൂടുതല്‍ കരുത്തോടെ പീലി വിരിച്ച്ചെത്തും.പേടിപ്പെടുത്തുന്ന അറിവ് അവള്‍ മനസ്സിന്‍റെ കള്ളരകളില്‍ ഒളിപ്പിച്ചു വെച്ചു .

ഉറക്കഗുളികയുടെ കാരുണ്യത്താല്‍ സുലയ്യക്കുട്ടി കൂര്‍ക്കം വലിച്ചുറങ്ങി. ഇടയ്ക്കിടെ ഞരങ്ങുകയും മൂളുകയും ചെയ്തു. കിളിവാതിലിലൂടെ അവളുടെ ദീനമുഖം കാണാം. മോന്‍റെ മയ്യിത്ത് മടിയില്‍ കിടത്തിയ ഉമ്മയുടെ വ്യാകുലതയാണ് അവളുടെ മുഖത്ത്.
പാതിരാ കഴിഞ്ഞിരിക്കുന്നു. സുലയ്യക്കുട്ടിക്ക് കാവലായി ചിത്തരോഗാശുപത്രി യുടെ നനഞ്ഞ വരാന്തയില്‍ ചുമരും ചാരിയിരുന്ന് ഇക്കാക്ക നക്ഷത്രത്തോളമുയരത്ത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു.

അന്ന് വീട്ടില്‍ മറ്റാരുമില്ലായിരുന്നു. കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ മനസ്സിനകത്ത് ഒരിക്കലുമില്ലാത്ത പിടച്ചിലുകള്‍ അവളറിഞ്ഞു. അന്നാദ്യമായി കുളിമുറിയില്‍ അവള്‍ ഒറ്റയ്ക്ക് വിവസ്ത്രയായി. കണ്ണാടിക്കു മുമ്പില്‍ സ്വന്തം ഉടലിനെ അമ്പരപ്പോടെ നോക്കി നിന്നു. വിവാഹനാള്‍ മടക്കി വെച്ച പട്ടു സാരിയുടുത്തു. കണ്ണില്‍ സുറുമയെഴുതി. വീട്ടു മുറ്റത്തെ മരത്തണലില്‍ അവള്‍ പനങ്കുല മുടിയഴിച്ചു. ഭര്‍ത്താവ് ഗേറ്റ് തുറന്നു വരുമ്പോള്‍ സ്വബോധമില്ലാതെ പനങ്കുല മുടി ചീകിച്ചീകി മിനുക്കി അവള്‍ ജ്വലിച്ചു നില്കയായിരുന്നു. എതിര്‍ വശത്തെ ഇരു നിലക്കെട്ടിടത്തിന്‍റെ കിളിവാതിലിലൂടെ കാമം കത്തുന്ന രണ്ടു കണ്ണുകള്‍ അവളെ നക്കിയാറ്റുന്നത്‌ അയാള്‍ കണ്ടു. അവള്‍ കണ്ടതുമില്ല. ഇടിവെട്ടുംപോലെ ഒരട്ടഹാസമായിരുന്നു പിന്നെ.

അന്ന് രാത്രി, ഗാഡ്ഡനിദ്രയില്‍ ഭര്‍ത്താവ് ഒരു കത്രികയായി വന്നു. പനങ്കുലമുടി നൂറായിരം ചുരുളുകളായി മുറിയില്‍ ഫണമുയര്‍ത്തി ഇഴഞ്ഞു. പങ്കക്കാറ്റില്‍ മുടി ചുരുളുകള്‍ വായിലും മൂക്കിലും വന്നടിഞ്ഞ് അവളെ വീര്‍പുമുട്ടിച്ചു. സുലയ്യക്കുട്ടി തലയിട്ടടിച്ചു. അലമുറയിട്ടു കരഞ്ഞു. അവളുടെ നിലവിളി ഭ്രാന്തമായ അലര്‍ച്ചകളായി...പുലമ്പലുകളായി....


ഒരാഴ്ച മുമ്പാണ് ഭര്‍ത്താവ് സുലയ്യക്കുട്ടിയെ വീട്ടില്‍ കൊണ്ട് വിട്ടത്. കുഞ്ഞുമോന്‍ എവിടെയെന്നു തിരക്കിയ ഉമ്മയോടയാള്‍ കയര്‍ത്തു.
-['ഓളതിനെ കൊല്ലും. പ്രാന്താ...നട്ടപ്രാന്ത്...'
ഉമ്മയുടെ കണ്ണില്‍ ഒരു മിന്നല്‍ പുളഞ്ഞു. മകളെ കെട്ടിപ്പിടിച്ചു കരയുന്ന ഉമ്മയുടെ മുന്നില്‍ നിസ്സഹായനായി നില്‍ക്കയായിരുന്നു ഇക്കാക്ക. സുലയ്യക്കുട്ടി പെട്ടെന്ന് തലമറച്ച മക്കന അവന്‍റെ നേരെ വലിച്ചെറിഞ്ഞു. പനങ്കുല മുടിക്ക് പകരം നഴ്സറിക്കുട്ടിയുടെ തലമുടി!...
മൂന്നാം നാള്‍ സുലയ്യക്കുട്ടിയെ മൊഴി ചൊല്ലിയ കത്ത് തപ്പാലില്‍ വന്നു. അന്നാണ് അവള്‍ക്ക് ഓര്‍മയുടെ ദ്വീപ് മുച്ചൂടും മുങ്ങിപ്പോയത്.


ബലിപെരുന്നാളിന്‍റെ തലേ രാത്രി ഉറക്കഗുളികയുടെ വീര്യത്തില്‍ തളര്‍ന്നു കിടക്കയായിരുന്നു സുലയ്യക്കുട്ടി.

രാത്രിയുടെ നീലിച്ച ഇരുട്ടിലൂടെ നേര്‍ച്ചക്കൊറ്റന്മാരുടെ നിലവിളി അവളില്‍ പെയ്തിരിക്കാം. പ്രണയത്തിന്‍റെ മൈലാഞ്ചി ചുവപ്പുമായി മനസ്സിലേക്കാരോ ചുംബനമായിറങ്ങിയിരിക്കാം. കാരണം എന്തായാലും ചിത്തരോഗാശുപത്രിയുടെ അടച്ചിട്ട വാര്‍ഡില്‍ നിന്ന് സുലയ്യക്കുട്ടി അപ്രത്യക്ഷയായിരിക്കുന്നു. നേരം വെളുപ്പാന്‍ നേരത്ത് എവിടെയാണവളെ തിരയുക?...
ഇക്കാക്കയുടെ ഉള്ളിലാകെ തിയ്യായിരുന്നു. അവന്‍ ആശുപത്രിയുടെ ഉറുമ്പുമാടികള്‍ വരെ പരതി. ആരെല്ലാമോ എങ്ങെല്ലാമോ വെളിച്ചവുമായി തിരഞ്ഞിറങ്ങി.
തളര്‍വാതം പിടിച്ചവനെപോലെ അവശനായിരിക്കുമ്പോഴാണ്‌ ഏതോ ചിലര്‍ തിരിച്ചുവന്നത്. അവരുടെ പുറകെ ഒരു ബലിയാടിന്‍റെ മനസ്സുമായി ഇക്കാക്ക നടന്നു.

ഒടുക്കം തെരുവിന്‍റെ ഇരുള്‍ വരാന്തയില്‍ കീറിപ്പറിഞ്ഞ സാരിയും ചോരത്തുള്ളികളുമായി സുലയ്യക്കുട്ടി ബോധംകെട്ടു കിടന്നു. വീതിക്കപ്പെട്ട ഇറച്ചിയുടെ നോവില്‍ കലങ്ങിയ നേര്‍ച്ചകൊറ്റന്‍റെ മുഖവുമായി.

Wednesday, January 20, 2010

ആരുടെയുമല്ലാത്ത ഇടം






ആരുടെയുമല്ലാത്ത
ഇടം


അതിര്‍ത്തിയിലെ മുള്ളുവേലി തുറന്ന് രണ്ടു പേരെ നാടുകടത്തിയ ശേഷം പട്ടാളക്കാരന്‍ വൃദ്ധനായ ഹൈദരൂസിന്റെ മുഖത്ത് നോക്കി . അവിടെ തുളുമ്പി നിന്ന ഒരു തുള്ളി കണ്ണീര്‍ കണ്ടു മനം നൊന്തു.
നിങ്ങളെക്കൂടി പുറത്താക്കി വേലിയടക്കണം.

പിന്നീടെന്തു പറയണമെന്നറിയാതെ അയാള്‍ വിഷമിച്ചു.

"ഞാന്‍ എന്ത് തെറ്റാ ചെയ്തത് ?

-വൃദ്ധന്റെ നിഷ്കളങ്കമായ ചോദ്യം യാത്രയിലുടനീളം അയാളുടെ മനസ്സ് പൊള്ളി ച്ചിരുന്നു .അതിര്‍ത്തി വേലി യിലേക്ക് ചൂണ്ടി പട്ടാളക്കാരന്‍ വൃദ്ധന്റെ ചുമലില്‍ തട്ടി പോകാം എന്ന് പറയാതെ പറഞ്ഞു . വൃദ്ധന്‍ അതിര്‍ത്തിവേലി ക്കിരു ഭാഗത്തും ഓരോ കാലുറപ്പിച്ചു വിതുമ്പുന്ന കണ്ണുകളാല്‍ പട്ടാളക്കാരനെ നോക്കി.

അടുത്ത ചുവടു കൂടി വെച്ചാല്‍ നിങ്ങള്‍ ആരുടെതുമല്ലാത്ത മണ്ണിലാണ് .ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം ....

ഒരു ചടങ്ങ് പോലെ പട്ടാളക്കാരന്‍ പറഞ്ഞു.വൃദ്ധന്റെ കാലിലെ പ്രമേഹ രോഗം സമ്മാനിച്ച മാറാവൃണം വിണ്ടു കീറി പുകഞ്ഞു .അടുത്ത ചുവടു വെക്കാന്‍ ഇടതു കാല് പൊങ്ങുന്നില്ല . മണ്ണിനടിയില്‍ നിന്ന് ആയിരം കൈകളാല്‍ ആരോ പിടിച്ചു വലിക്കുന്നു.

ഇടതു കാല് പണിപ്പെട്ടു പറിച്ചെടുത്ത് മരുഭൂമിയില്‍ വെച്ചപ്പോള്‍ മണല് ചുട്ടു പൊള്ളുന്ന തായി തോന്നി . മറ്റു രണ്ടു പേര്‍ അറ്റമില്ലാത്ത മരുഭൂമിയുടെ നെഞ്ചിലൂടെ നടന്നു കഴിഞ്ഞിരുന്നു. വളരെ ദൂരെ ഇരുണ്ട മരക്കുറ്റി പോലെ അവര്‍ വൃദ്ധനെ കാത്തു നില്‍ക്കുന്നത് കാണാം.


വൃദ്ധന്റെ കൈകള്‍ അറിയാതെ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് നീണ്ടു. പട്ടാളക്കാരന്റെ കൈ പിടിച്ച് സഹായ മപേക്ഷിക്കും പോലെ മുഖത്ത് നോക്കി .വിടുന്നും ഉത്തരം കിട്ടാത്ത ചോദ്യം വൃദ്ധന്‍ ആവര്‍ത്തിച്ചു .
"ഞാനെന്തു തെറ്റ് ചെയ്തിട്ടാ ?"
വൃദ്ധന് തൊണ്ട ഇടറുന്നുണ്ടായിരുന്നു .മരുഭൂമിയിലെ പൊള്ളുന്ന മണലില്‍ അയാള്‍ക്ക് നില്കാനാവുന്നില്ല .
വൃദ്ധന്റെ പേരിലുള്ള കുറ്റങ്ങള്‍ രേഖാ മൂലം അറിയിച്ചിട്ടുണ്ട് . ശത്രുവിന് വേണ്ടി മാതൃ രാജ്യത്തെ ഒറ്റിക്കൊടുത്തു .അവര്‍ക്ക് വേണ്ടി ചാരപ്പണി എടുത്തു .വര്‍ഷങ്ങളായി ഒളിച്ചു കഴിയുന്ന വിടെശ്സ് ചാരനാണിയാള്‍.
ഇതെല്ലാം കെട്ട്കഥ കളാണെന്നു അയാള്‍ വൃദ്ധനില്‍ നിന്ന് ഇതിനകം മനസ്സിലാക്കിയിരുന്നു .ഇനിയീ സത്യങ്ങള്‍ അനാവശ്യങ്ങള്‍ ആണല്ലോ എന്നത് പട്ടാളക്കാരനെ വല്ലാതെ നോവിച്ചു .വൃദ്ധന്റെ ഉത്തര മില്ലാത്ത ചോദ്യങ്ങളില്‍ നിന്ന് രക്ഷ പ്പെടാന്‍ അയാള്‍ വിഷയം മാറ്റി. "ഗള്‍ഫിലുള്ള മോന് ഞാന്‍ കത്തയച്ചോളാം."
അനാവശ്യമായേറ്റെടുത്ത
ഉത്തര വാദിത്വമാനെകിലും വൃദ്ധന്റെ മകനെ വിവരം അറിയക്കാന്‍ പട്ടാളക്കാരന്‍ മനസ്സിലുറച്ചിരുന്നു .
മകന്റെ കാര്യം ഓര്‍ത്തതോടെ വൃദ്ധന്‍ ഒന്ന് പിടഞ്ഞു .പട്ടാളക്കാരന്റെ കൈ കൂട്ടിപ്പിടിച്ചത്‌ അയഞ്ഞു .ഒരു കൈ മുള്ളു വേലിയില്‍ കൊളുത്തി നിന്നു.
അര ദിവസത്തെ യാത്രക്കിടയില്‍ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി വൃദ്ധന്‍ കഥകളെല്ലാം പറഞ്ഞിരുന്നു .
കാലിലെ
വൃണമുണക്കാന്‍ ആശു പത്രിയില്‍ പോയി വരുമ്പോളാണ് പോലീസ് വണ്ടി അടുത്ത് വന്നു നിര്‍ത്തിയത് .നാട്ടിലെ രാഷ്ട്രീയ നേതാവ് വണ്ടിയിലിരുന്നു ചൂണ്ടിക്കാട്ടുന്നത് കണ്ടിരുന്നു .
ഉപ്പ
എവിടെ പോയെന്നു ഇനി മക്കളോ ഭര്‍ത്താവ് എവിടെയെന്നു ഭാര്യയോ ഇനി അറിയില്ല .ലഹളയുടെ കാലത്താണ് ബാലനായിരുന്ന ഹൈദ്രോസും സഹോദരങ്ങളും ഉമ്മയോടും ഉപ്പയോടും ഒപ്പം നാടും വീടും വിട്ടോടിയത് .
അതിര്‍ത്തിക്കടുത്ത്
ഏതോ ഗ്രാമത്തിലായിരുന്നു അവരുടെ കുടില്‍ .ലഹള തുടങ്ങിയപ്പോള്‍ ഏഴു മക്കളെയും ഉമ്മയെയും തെളിച്ച്‌ ബാപ്പ ഗാന്ധി യുടെ നാട്ടിലേക്ക് പുറപ്പെട്ടു . വഴിയില്‍ വെച്ച് ഉമ്മയും അനിയനും മരിച്ചു .മൂത്ത പെങ്ങളെ ആരോ തട്ടിക്കൊണ്ടു പോയി . അവളെ അന്വേഷിച്ചിറങ്ങിയ രണ്ടാങ്ങള മാരും പിന്നെ തിരിച്ചു വന്നില്ല . നഷ്ടപ്പെട്ട വരുടെ വ്യഥയുമായി യാത്ര ലക്ഷ്യത്തിലെത്തും മുമ്പേ ഗാന്ധിജി കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു .നരക ത്തീയിലൂടെ ഇഴഞ്ഞാണ് അവസാനം മലയാള ക്കരയെത്തിയത് .ബാകിയായവര്‍ ഉപ്പയും ഹൈദ്രോസും ചേട്ടനും മാത്രം .ഒരു ചോര ക്കടല്‍ മുഴുവന്‍ നീന്തി ക്കടന്ന് അഭയ സ്ഥാനം കണ്ടെത്തുകയായിരുന്നു അതില്‍ പിന്നെ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു . ബാപ്പയും കൂടപ്പിറപ്പും രോഗം വന്നു മരിച്ചു .അവശേഷിച്ച ഹൈദ്രോസ് നാട്ടില്‍ വേരിറക്കി .കുടുംബവും കുട്ടികളുമായി .ഇപ്പോഴിതാ പൊടുന്നനെ ഹൈദ്രോസ് വിദേശിയും ചാരനുമായി മാറിയിരിക്കുന്നു
വര്‍ഷങ്ങള്‍ക്കു
ശേഷം അതിര്‍ത്തി ഗ്രാമത്തിലെ നരഗ രാത്രികള്‍ തിരിച്ചു വന്നിരിക്കുന്നു .അതിര്‍ത്തിക്കു പുറത്ത് മരുഭൂമിയില്‍ പിടഞ്ഞു മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാലും അക്കാര്യം കുടുംബ മറിയില്ല. ഗള്‍ഫിലുള്ള മകനും .
മോനെ
വിവരമറിയിക്കണമെന്ന് കേണ പേക്ഷിക്കുമ്പോള്‍ വൃദ്ധന്‍ ഒരു കുഞ്ഞിനെ പോലെ വിതുമ്പുന്നു ണ്ടായിരുന്നു . വീട്ടി ത്തീര്‍ക്കാനാകാത്ത കടമാണിത് .ഏറ്റെടുത്തതില്‍ ഏറ്റവും കനത്ത ബാധ്യത .
വൃദ്ധനോടുള്ള കരുണയും തന്നോട് തന്നെയുള്ള പുച്ചവും മനസ്സില്‍ പെരുകി വന്നു . തിളച്ചു മറിയുന്ന മരുഭൂമിയുടെ അറ്റമറിയാത്ത ദൂരത്തേക്കു അയാള്‍ കുറച്ചു നേരം നോക്കി നിന്നു .
യാത്രക്കിടയില്‍ ഒരു വാട്ടര്‍ ബോട്ടിലും ഒരു ജോഡി ബൂട്സും വൃദ്ധനുവേണ്ടി വാങ്ങി വെച്ചിരുന്നു .അവ വൃദ്ധന്റെ കയ്യിലേല്‍പിച്ചു .
"മരുഭൂമി താണ്ടാന്‍ ഇതാവശ്യമാണ് "
ബാക്കി
പറയാന്‍ കഴിയാതെ പട്ടാളക്കാരന്‍ കുഴങ്ങി .
സ്നേഹ പ്രകടനത്തിന് മുന്നില്‍ അന്ധാളിച്ചു നില്‍ക്കയായിരുന്നു വൃദ്ധന്‍ .പൊള്ളുന്ന മണലില്‍ ചടഞ്ഞിരുന്ന് വലതു കാലില്‍ ബൂട്ട് വലിച്ചു കയറ്റി . ഇടതു കാലില്‍ വലിച്ചു കയറ്റവേ പ്രമേഹ വ്രണത്തിലെപൊറ്റ പൊളിഞ്ഞ വേദനയില്‍ പുളഞ്ഞു .ഏറെ നേരം മുറിവില്‍ ഊതിയ ശേഷം വേദന കടിച്ചു പിടിച്ച് ബൂട്ട് കയറ്റിയിട്ടു .എഴുന്നേറ്റു നിന്നപ്പോള്‍ വേദന കൊണ്ട് പുളഞ്ഞു പോയി . വൃദ്ദന്റെ മുഖത്തു വലിഞ്ഞു മുറുകുന്ന വേദന കണ്ട് പട്ടാളക്കാരന് നൊന്തു .
"ബൂട്ടിട്ടാല്‍ മുറിവിലുരഞ്ഞു വിഷമിക്കും. പിന്നെ തീരെ നടക്കാന്‍ പറ്റാതാവും "
പട്ടാളക്കാരന്‍ ഉപദേശിച്ചു .
"മോന്‍ തന്നതെങ്ങിന്യാ വേണ്ടാന്നു പറയ്വാ ?"
മോന്‍ എന്ന പ്രയോഗം പട്ടാളക്കാരനെ വീണ്ടും അലിയിച്ചു . പാവം വൃദ്ധനെ ഉപേക്ഷിച്ചു പോകുന്നത് കടുത്ത പാപമാകുമെന്ന്
അയാള്‍ക്ക് തോന്നി ഓരോ മാസവും ഇങ്ങിനെ നാലഞ്ചു തവണ കുറ്റവാളികളെയും ചാരന്മാരെയും അതിര്‍ത്തി കടത്തി വിടാറുണ്ട് . അന്നൊന്നും തോന്നാത്ത കുറ്റബോധം പട്ടാളക്കാരനെ കുഴക്കി .ആസ്തമ രോഗിയായ വൃദ്ധനു ഒരു ചെറു മണല്‍ കട്ട് പോലും അതിജീവിക്കാനാവില്ല. ദുരന്തം മുന്‍കൂട്ടി അറിയുന്നത് കൊണ്ടാണ് വൃദ്ധനെ കുറിച്ച് അയാളേക്കാള്‍ താന്‍ വ്യാകുല പ്പെടുന്നതെന്ന് പട്ടാളക്കാരന്‍ സ്വയം സമാധാനിച്ചു .




മരുഭൂമിയുടെ രണ്ടറ്റത്തും നീളത്തില്‍ മുള്ളു വേലിയാണ് . അവയില്‍ എപ്പോളും തോക്കേന്തിയ പട്ടാളക്കാര്‍ കാവലുണ്ടാകും .അതിര്‍ത്തി യോടടുത്താല്‍ കാവല്‍ക്കാര്‍ വെടിവെക്കും .ഒരിന്ത്യന്‍ നുഴഞ്ഞു കയറ്റക്കാരനെ വകവരുത്തിയതായി രേഖയുണ്ടാക്കും . തിരിച്ചു നടന്നാല്‍ ഇന്ത്യന്‍ കാവല്‍ക്കാര്‍ വെടി വെക്കും. ഒരു പാക് ചാരന്‍ വെടി യേറ്റു മരിച്ചെന്നു അവരും രേഖയുന്ടാക്കും.ഇരു തോക്കു കള്‍ക്കുമിടയില്‍ ആരുടേതു മല്ലാത്ത മരുഭൂമി താണ്ടുക അസാധ്യവും . തിളച്ചു മറിയുന്ന മരുഭൂമി . ദിവസങ്ങളോളം മരണവുമായി മല്ലിട്ട് മരുഭൂമിയെ കീഴടക്കിയാലും കാവല്‍ തോക്കുകളില്‍ നിന്ന് രക്ഷപ്പെടാനാവില്ല . മണല്‍ കാറ്റില്‍ പെട്ട് മരിക്കുക അല്ലെങ്കില്‍ വെള്ളം കിട്ടാതെ തൊണ്ട പൊട്ടി മരിക്കുക . മരണമാണ് മരുഭൂമിയില്‍ ഉപേക്ഷിക്ക പ്പെടുന്നവന്റെ വിധി .
വൃദ്ധന്‍
ഇടതു കാലിലെ ബൂട്ട് കയ്യോഴിച്ച് വാട്ടര്‍ ബോട്ടിലില്‍ നിന്ന് ഒരു കവിള്‍ വെള്ളം കുടിച്ചു "ഞാനെപ്പഴാ അവിടെത്വാ ?""
ഒരു
ദിവസത്തെ യാത്ര യുണ്ട് . രാത്രി നടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു പകല്‍ വേണ്ടി വരും മരുഭൂമി ശാന്ത മല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസം കൂടി വേണ്ടിവരും ."
അതൊരു
കൊടും വഞ്ചനയാണെന്ന് പട്ടാളക്കാരന് അറിയാമായിരുന്നു .
ദിവസങ്ങളോളം മരുഭൂമിയോട് മല്ലടിച്ചാലും ഒരാള്‍ക്ക് ഒരാള്‍ക്ക് രക്ഷപ്പെടാനാവില്ല . കുറെ ദൂരം ചെന്നാല്‍ മണല്‍ കുന്നുകള്‍ യാത്രക്കാരനെ വഴി തെറ്റിക്കും . നടന്നു നടന്നെ ത്തുക ആരംഭിച്ചിടത്തു തന്നെ . ജീവിതവും മരണവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് മരുഭൂമിയില്‍ . മരുഭൂമിയെ കീഴടക്കാന്‍ അതിന്റെ ഹൃദയ രേഖകള റിയുന്ന വനുപോലും എളുപ്പമല്ല . ചുട്ടു പഴുത്ത മണല്‍ക്കാടും ആഞ്ഞടിക്കുന്ന മണല്‍ക്കാറ്റും ഒരാളുടെ മനോധൈര്യം മുഴുവന്‍ ചോര്‍ത്തി ക്കളയും .ആദ്യ മണല്‍ കാറ്റില്‍ തന്നെ ശ്വാസം മുട്ടി വൃദ്ധന്‍ പൊള്ളുന്ന മരുഭൂമിയില്‍ വീഴും . കുടിക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടാതെ തൊണ്ട പൊട്ടി മരിക്കും . അനാഥമായ മയ്യത്തിനു മുകളില്‍ മണല്‍ കുന്നുകളുണ്ടാക്കി മരുഭൂമി തന്നെ ഖബറദക്കവും നടത്തും .
ഒരാഴ്ച
കഴിഞ്ഞിട്ടും എന്റെ കത്ത് വന്നില്ലെങ്കില്‍ ബാപ്പ മയ്യത്തായീന്ന് മോന് കമ്പിയടിക്കണം.
അത്
പറയുമ്പോള്‍ വൃദ്ധന്റെ കണ്ണുകള്‍ കലങ്ങിയിരുന്നു . രണ്ടു വട്ടം മൂക്ക് ചീറ്റി കണ്ണ് തുടച്ചു ഒന്നുമുരി യാടാതെ പെട്ടെന്ന് വൃദ്ധന്‍ തന്റെ വിധിയിലേക്ക് നടന്നു .അറ്റം കാണാത്ത മരുഭൂമി അയാള്‍ക്കായി കാത്തു കിടന്നു.
അകലെ
ആകാശത്തിന്റെ ശുഭ്രത മറച്ചു മണല്‍ കാറ്റ് പൊങ്ങുന്നതും സൂര്യനെ മറയക്കുന്നതും പട്ടാളക്കാരന്‍ കണ്ടു. അതറിയാതെ വൃദ്ധന്‍ നടന്നു കൊണ്ടിരുന്നു .
ഉപേക്ഷിച്ചു പോയ ബൂട്ട് ഒരു സ്മാരകമായി പട്ടാളക്കാരന്‍ തന്റെ സഞ്ചി യിലെടുത്തിട്ടു .
വൃദ്ധന്‍
വളരെ ദൂരത്തെത്തിക്കഴിഞ്ഞിരുന്നു . അതിര്‍ത്തി വേലി അടച്ചു പൂട്ടിയ ശേഷം ഒരിക്കല്‍ കൂടി വൃദ്ധനെ നോക്കി , പിന്തിരിയുമ്പോഴാണ് അത് കണ്ടത്, വൃദ്ധനു മുകളില്‍ വട്ട മിട്ടു പറക്കുന്ന കഴുകന്മാരുടെ അവ്യക്ത നിര . ദുശ്ശകുനം അയാളെ കിടിലം കൊള്ളിച്ചു .
കുറ്റവാളി കളെ അതിര്‍ത്തി കടത്തി വിടുമ്പോഴെല്ലാം ദൃശ്യം കാണുന്നതാണ് . അന്നൊന്നും അതിത്ര ഭയാനക മായ കാഴ്ചയായി അനുഭവപ്പെട്ടിരുന്നില്ല . ഇത്ര പകയോടെ കഴുകന്മാരെ നോക്കിയിട്ടുമില്ല .
ഒരാളെ
അതിര്‍ത്തി കടത്തി വിടുമ്പോള്‍ ഒരിരയെ കിട്ടിയെന്നു കഴുകന്മാര്‍ എത്ര പെട്ടെന്നാണ് തിരിച്ചറിയുന്നത്‌!!!

Tuesday, December 22, 2009






ഇലയില്‍ ഒരല്പം ബാക്കി വെക്കുക


ക്ഷണം നശിപ്പിക്കരുത് അഥവാ വൈസ്റ്റ്‌ ചെയ്യരുത് എന്നാണ് മുതിര്‍ന്നവര്‍ പറയുക . അത് പാപമാണ് . പിന്നീട് പട്ടിണി കിടക്കേണ്ടി വരും . ദൈവം ശപിക്കും . എന്നൊക്കെയാണ് പണ്ട് മുതല്‍ പറഞ്ഞു പഠിപ്പിച്ചത് .
നിങ്ങളും ഞാനും ബാക്കി വെക്കുകയും ഉപേക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ മനുഷ്യരല്ലാത്ത കാക്കത്തൊള്ളായിരം ജീവികള്‍ എങ്ങിനെ വിശപ്പ്‌ മാറ്റും .അവയ്ക്ക് ആര് ഭക്ഷണം ഉണ്ടാക്കി കൊടുക്കും .അവയ്ക്ക് വീടും കുടുംബവും അടുക്കളയും ഇല്ല . ഉറുമ്പുകള്‍ ,പാറ്റകള്‍ , പുഴുക്കള്‍ ,ഇഴ ജീവികള്‍ , കൂറയും ,തേരട്ടയും , ഇങ്ങിനെ എത്രയെത്ര ജന്മങ്ങള്‍ ? അവയ്കും വേണ്ടേ ഭക്ഷണം ?
മുന്പോകെ റോഡു വക്കില്‍ എച്ചില്‍ കൊട്ട പരതുന്ന പ്രാന്തന്മാരും തെണ്ടികളും കുട്ടികളും പട്ടികളും പൂച്ചകളും കാക്കകളും സാധാരണ കാഴ്ചകളായിരുന്നു .ഇന്നത്‌ നഗരങ്ങളില്‍ പോലും സാധാരണമല്ല . പട്ടിണി കുറഞ്ഞത്‌ കൊണ്ടാകാം . പക്ഷെ ജീവികളുടെ കാര്യം അങ്ങനെയല്ല . നഗരവും വീടുകളും ആധുനികമയത്തോടെ വൃത്തിയും വെടുപ്പും സാധാരണമായതോടെ ജീവികല്ക് നിലനില്പ് തന്നെ അസാധ്യമാവുകയാണ് . ചാഴിപൊടികളും കീട നാശിനികളും വ്യാപകമായി അവയെ കൊന്നൊടുക്കുന്നു . അവയ്കും ജീവിക്കാനുള്ള അവകാശം എന്ത് കൊണ്ടാണ് നമുക്ക് അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്തത് .
ഊണ കഴിക്കുമ്പോള്‍ ഇലയില്‍ ഒരല്പം , വെറും ഒരല്പം ബാക്കി വെക്കുക. അത് പുറത്തേക്ക് കളഞ്ഞാല്‍ എത്രയോ ജീവികള്‍ ക്ക് അത് അന്നമാകും . ഇടയ്കൊക്കൊക്കെ അവയും ഓണം ഉണ്ണട്ടെ.

http://bhoomivaathukkal.blogspot.com

Tuesday, December 15, 2009

വരൂ ...... തിരൂര്‍ തെരുവിലെ ഈ ചിത്രങ്ങള്‍ കാണൂ







........................................................................................................................................................................

വരൂ ......

തിരൂര്‍ തെരുവിലെ ചിത്രങ്ങള്‍ കാണൂ




ചിത്രങ്ങള്‍

1. തിരൂര്‍ ബസ്‌ സ്ടാന്റിനു സമീപം ചെമ്പ്ര റോഡില്‍ മണി എന്ന തമിള്‍ യുവാവിനെ ചവുട്ടി താഴത്തിട്ട ശേഷം ചിലര്‍ മദ്യക്കുപ്പിയിലെ മദ്യം അയാളുടെ ദേഹത്തൊഴിച്ച് നോക്കി നില്‍ക്കുന്നു .
2. അയാളുടെ പുറത്ത് ചവുട്ടി നിന്ന് ഒരാള്‍ ശക്തി തെളിയിക്കുന്നു .
3. ഉടുമുണ്ടഴിച്ചു കാലുകള്‍ ബന്ധിച്ച ശേഷം വലിച്ചിഴക്കുന്നു .
4. മര്‍ദന ശേഷം.
5. ചിത്രം മറക്കാനാവുന്നില്ല

....................................................................................................







ഇത് ബീഹാറും ബംഗാളും അല്ല . നമ്മുടെ പ്രിയപ്പെട്ട കേരളം . ദൈവങ്ങളുടെ സ്വന്തം നാട്‌. ഇത് മലപ്പുറം ജില്ലയിലെ തിരൂര്‍. തുഞ്ചത് ആചാര്യന്റെ മണ്ണ് കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യക്ഷരം നാവില്‍ എഴുതി കൊടുക്കുന്ന ഭാഷ പിതാവിന്റെ നാട്‌ . അഭിമാനിക്കാന്‍ അങ്ങിനെ എന്തൊക്കെ?

ഇതാ, കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ മണി എന്ന 37 കാരനെ ഒരു കൂട്ടം ശക്തര്‍ നാട് റോഡില്‍ ചവുട്ടി താഴത്തിട്ടു. തെരുവ് ഗുണ്ടായിസം നിയമം കയ്യിലെടുത്ത കാഴ്ച കണ്ടു നിന്നവര്‍കും അത് തടയാന്‍ കഴിഞ്ഞില്ല. റെയില്‍വേ പോലീസിനു പോലും. ഒരു റെയില്‍വേ പോലീസുകാരനാണ് മണി മോഷ്ടാവ് ആണെന്നും കൈകാര്യം ചെയ്യാനും നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്. അത് കേട്ടതോടെ മുന്നും പിന്നും നോക്കാതെ ഒരു കൂട്ടം ശക്തന്മാര്‍ മണിയെ കൈകാര്യം ചെയ്തു. ആദ്യം അയാളെ ഒറ്റ ചവുട്ടിനു താഴത്തിട്ടു . ആരുണ്ടിവിടെ ചോദിക്കാന്‍ . അതും റെയില്‍വേ പോലിസ് നോക്കി നില്കുമ്പോള്‍ ? മണിയുടെ ഭാര്യയും മകളും ഇത് കണ്ടു നില വിളിക്കുമ്പോള്‍ ?
കണ്ണൂര്‍ വളപട്ടണം എന്ന സ്ഥലത്താണ് മണിയും കുടുംബവും താമസം. ചെറിയ മാനസിക പ്രയാസം ഉണ്ടത്രേ. ഇതല്ലാതെ മണി കള്ളനാണന്നതിനു ഒരു തെളിവും ആരുടെ പക്കലും ഇല്ല. പോലീസിന്റെ പക്കല്‍ പോലും. എന്നിട്ടും നിസ്സഹായനായ ഒരാളെ ആണുങ്ങള്‍ , അവര്‍ക്ക് ജാതിമത രാഷ്ട്രീയമില്ല മര്‍ദിക്കുന്നതില്‍ ,
ചവുട്ടി താഴത്തിട്ട ശേഷം മണിയുടെ ഉടുമുണ്ടഴിച് ഇരു കാലുകളും ബന്ധിച്ചു. വലിച്ചിഴച്ചു . വീണു കിടന്ന മനുഷ്യന്‍റെ ദേഹത്ത് ചവുട്ടി ഉഴിഞ്ഞു . പിന്നീട് യഥാര്‍ത്ഥ പോലീസ് വന്നു . പോലീസ് മണിയെ ഓട്ടോ രിക്ഷയിലേക്ക് കാലുകള്‍ ബന്ധിച്ച നിലയില്‍ തന്നെ വലിച്ചെറിഞ്ഞു . ആശുപത്രിയില്‍ എത്തിച്ച ശേഷം ചത്ത്തില്ലെന്നു ഉറപ്പു വരുത്തി വെറുതെ വിട്ടു. എത്ര നല്ല ജനകീയ പോലീസ്! മണിക്കെതിരെ കേസുകളൊന്നും ഇല്ല എന്ന് പോലീസ് ഉറപ്പിച്ചു പറയുന്നു. പക്ഷെ അയാളെ തള്ളിയും ചവുട്ടിയും തകര്‍ത്ത ആണ്‍ സിങ്കങ്ങല്കെതിരെയും ആദ്യം പോലീസ് കേസെടുക്കാന്‍ തയാറായില്ല. മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു എന്നറിഞ്ഞപോള്‍മാത്രമാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത് .
കഴിഞ്ഞ കൊല്ലം എടപ്പാളില്‍ ഒരു തമിള്‍ അമ്മയെയും മകളെയും നാട്ടുകാര്‍ ഇതേ പോലെ ചവുട്ടിയും അടിച്ചും ആണിന്റെ കരുത്ത് തെളിയിച്ചിരുന്നു . അന്നും കാര്യമായ ഇടപെടല്‍ ഉണ്ടായത് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടപ്പോള്‍ മാത്രമാണ് .
നമ്മുടെ ആനുങ്ങല്കൊകെ എന്താണ് സംഭവിച്ചത് ? ഇവിടെ പോലീസിന്റെയും കോടതിയുടെയും എല്ലാം അധികാരം അവര്‍ കുറച്ചു പേര്‍ ഏറ്റെടുത്‌വോ? തെരുവ് ഗുണ്ടകള്‍ ഒരു നാട് കയ്യടക്കിയാല്‍ പിന്നെ ഫാസിസത്തിന് അധിക ദൂരം പോകാനുണ്ടാവില്ല. ഇട്കൊകെ ആര് കേള്‍ക്കാന്‍ ? പ്രത്യേകിച്ചും ആണുങ്ങള്‍ നിറഞ്ഞ ഒരു ലോകത്ത്?
തമിളന്‍ നിരന്തരം ആക്രമിക്കപെടുമ്പോള്‍ തമിള്‍ നാട്ടുകാര്‍ അവിടത്തെ ആയിര കണക്കിന് മലയാളികളോടും കണക്കു തീര്‍ക്കാന്‍ തുടങ്ങിയാല്‍ കാര്യം ഗംഭീരമായി.

Wednesday, October 28, 2009

അന്തക വിത്തുകള്‍ക്ക് എതിരെ സുരേഷിന്‍റെ ഒറ്റയാന്‍ വിത്ത് സത്യാഗ്രഹം


Add Video

Wednesday, October 14, 2009

ആരായിരുന്നു ആ ചാവേര്‍?



''മലപ്പുറം കൈംബ്രാഞ്ച് ഓഫീസില്‍നിന്ന് ബാലകൃഷ്ണനെയും മറ്റൊരു സഖാവിനെയും
കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോകും വഴി യൂനിവേഴ്സിറ്റിക്കടുത്ത് ചേളാരിയില്‍വെച്ച് ബീഡികത്തിക്കാനെന്ന് പറഞ്ഞ് ബാലകൃഷ്ണന്‍ തീപ്പെട്ടി ഉരക്കുകയും പെട്രോള്‍ ടിന്ന് മറിച്ചിട്ട് തീകൊടുക്കുകയും ചെയ്തു. മുന്‍സീറ്റിലിരുന്ന പൊലീസ് ഡിവൈ.എസ്.പിയെ ചുറ്റിപ്പിടിച്ച ബാലകൃഷ്ണന്‍ ആ പൊലീസ് ഉദ്യോഗസ്ഥനോടൊപ്പം വെന്തു മരിക്കുകയായിരുന്നു''
- കെ.വേണു ( പച്ചക്കുതിര, 2005, ജൂണ്‍)



രിത്രം ചാവേര്‍ എന്ന വാക്കിനെ അടയാളപ്പെടുത്തുന്നത് വെറുമൊരു
ആത്മഹത്യക്കാരന്‍ എന്ന മേല്‍വിലാസത്തിലാണോ? അതോ ചരിത്രാവസാനത്തോളം
ഓര്‍ത്തുവെക്കേണ്ട പേരുകളില്‍ ഒന്ന് എന്ന നിലയിലോ?
ആത്മഹത്യ ചെയ്യുന്ന ഓരോ മനുഷ്യന്റെ മനസ്സിലും ലക്ഷ്യങ്ങളെല്ലാം
അവസാനിച്ചുപോയതിന്റെ നിരാശയായിരിക്കണം അവസാനമായി പതിഞ്ഞു കിടന്നിരിക്കുക.
പക്ഷേ, ഒരു ചാവേറിന്റെ മനസ്സ് അതല്ല. പൂര്‍ത്തിയാകാന്‍ നേരം
കാത്തുകിടക്കുന്ന ഏതോ ഒരു ലക്ഷ്യത്തിലേക്കുള്ള അയാളുടെ ഒടുവിലത്തെ
സംഭാവനയാണത്. സ്വന്തം ജീവന്‍കൊണ്ട് നടത്തുന്ന ഒടുവിലത്തെ സമരം.
മറ്റൊരര്‍ഥത്തില്‍ നിസ്സഹായനായ മനുഷ്യന്റെ ഏറ്റവും ഒടുവിലത്തെ സമരമുറ.
ചരിത്രത്തോളം പഴക്കമുണ്ട് ഈ ചാവേര്‍ പ്രയോഗത്തിന്. സാമൂതിരിയുടെ
നിലപാടുതറയില്‍ വള്ളുവക്കോനാതിരിക്കായി പിടഞ്ഞുവീണവരെയായിരിക്കണം
മലയാളത്തിന്റെ ഭാഷാപരിചയം ആദ്യമായി 'ചാവേര്‍' എന്ന് വിളിച്ചത്.
അധിനിവേശത്തിന്റെ കൂറ്റന്‍ യന്ത്രങ്ങള്‍ക്കുമുന്നില്‍ സ്വയം
പൊട്ടിത്തെറിക്കുന്ന ചാവേറുകള്‍ ഇന്ന് ലോകത്തിന്റെ ഭൂപടത്തില്‍ ഒരു
വാര്‍ത്തയേ അല്ലാതായിട്ടുണ്ട്. വിയറ്റ്നാമില്‍, ഇറാഖില്‍, അഫ്ഗാനില്‍
എല്ലാം ചാവേറുകള്‍ സമരത്തിന്റെ അടയാളങ്ങളായിട്ടുണ്ട്. ശത്രുവിനെ
അരിഞ്ഞുവീഴ്ത്താന്‍ വിമതഗ്രൂപ്പുകളും നിരന്തരം പ്രയോഗിച്ചുവരുന്നത്
ജീവന്‍കൊണ്ടുള്ള ഈ കളിയാണ്.
എന്നാല്‍, കൊടിയടയാളം നോക്കി എതിര്‍പാര്‍ട്ടിക്കാരനെ പതിയിരുന്ന്
വെട്ടിവീഴ്ത്തുന്ന രാഷ്ട്രീയ അഭ്യാസങ്ങളെയും മാതാപിതാക്കളുടെയും
മക്കളുടെയും ഭാര്യയുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും മുന്നിലിട്ട്
വെട്ടിക്കൊല്ലുന്നതിനെയും വീറുറ്റ കഥകളായി ആചരിക്കുന്ന കേരളത്തിന്റെ
മണ്ണില്‍ ഒരു രാഷ്ട്രീയ ചാവേറിന്റെ ചരിത്രം ഓര്‍മിക്കപ്പെടാതെ
കിടക്കുന്നുണ്ട്. തിരുവായ്ക്ക് എതിര്‍വായില്ലാതിരുന്ന അടിയന്തരാവസ്ഥയുടെ
നാളുകളില്‍ ഭരണകൂടത്തിന്റെ ദംഷ്ട്രകള്‍ക്കു മുന്നില്‍ ഒരു തീഗോളമായി
ഒടുങ്ങിപ്പോയ ഒരു സമര ഭടന്റെ ഒടുവിലത്തെ സമരത്തെ വെറും ആത്മഹത്യയായി
ഒതുക്കി പറഞ്ഞതിന്റെ കാരണങ്ങള്‍ എന്തായിരിക്കാം?
മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ എന്ന
നക്സലൈറ്റ് ഒരു തീപ്പന്തമായി എരിഞ്ഞു തീരുമ്പോള്‍ അയാള്‍ നിരാശാഭരിതനായി
ആത്മഹത്യ ചെയ്യുകയായിരുന്നില്ല എന്നു വിശ്വസിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്.
ആ വഴികളിലൂടെ, ചരിത്രം ചകിതമായി നിന്ന നാളുകളിലൂടെ നടന്നുപോകുമ്പോള്‍ ഒരു
രാഷ്ട്രീയ ചാവേറിന്റെ ചിത്രം തെളിഞ്ഞുവരുന്നുണ്ട്. കേരള രാഷ്ട്രീയം
ഇപ്പോള്‍ ഗൃഹാതുരത്വമായി ആചരിക്കുന്ന അടിയന്തരാവസ്ഥയില്‍ ഒരു മനുഷ്യന്‍
നടത്തിയ ഒറ്റയാന്‍ സമരം.
'ആത്മാഹുതി 'എന്നതിനെക്കാള്‍ ഒരു ചാവേറിന്റെ മരണം എന്ന് ബാലകൃഷ്ണന്റെ
മരണത്തെക്കുറിച്ച് പറയുന്നതാകും കൂടുതല്‍ ശരി. ആത്മാഹുതിയില്‍ ആത്മനാശം
മാത്രമേയുള്ളൂ. ഒരു ചാവേര്‍ സ്വന്തം ജീവിതം തകര്‍ക്കുക മാത്രമല്ല,
ശത്രുവിന്റെ നാശം ഉറപ്പുവരുത്തുകകൂടി ചെയ്യുന്നു. ഈ അര്‍ഥത്തില്‍
ബാലകൃഷ്ണന്റെ മരണം അടിയന്തരാവസ്ഥയിലെ ഒരു ചാവേറിന്റെ
മരണംതന്നെയായിരുന്നു. അടിയന്തരാവസ്ഥയില്‍ കണ്ട അപൂര്‍വവും ധീരവുമായ
ചെറുത്തുനില്‍പും ചാവേര്‍ ആക്രമണവുമായിരുന്നു അതെന്ന് പറയാം.
ആ 'ഭീതിയുടെ നാളുകളില്‍' എന്തിനും അധികാരവും ശക്തിയുമുണ്ടായിരുന്ന ഉന്നത
പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ഇരുകൈകളിലും ആമംവെച്ച് പൊലീസ് ജീപ്പിനകത്ത്
തടവുപുള്ളിയായിരിക്കുന്ന അവസരത്തില്‍ ഇങ്ങനെ ഒരാക്രമണം അപ്രതീക്ഷിതം.
അതും നക്സല്‍ വേട്ടക്കു വേണ്ടി രൂപവത്കരിച്ച ക്രൈംബ്രാഞ്ച് സ്പെഷല്‍
സ്ക്വാഡിന്റെ തടവിലിരിക്കുമ്പോള്‍! അന്ന് അടിയന്തരാവസ്ഥയില്‍
ഞെട്ടിത്തരിച്ചത് പൊലീസ് സേനയും ഭരണകൂടവുമായിരുന്നു. ഇത്രയും സുരക്ഷിതമായ
ഒരിടത്ത് ഇത്ര മാരകമായ ആക്രമണം സംഭവിക്കാമെങ്കില്‍ പിന്നെ എവിടെയാണ്
സുരക്ഷിതം? ആ ചോദ്യം പൊലീസ് ഉന്നതരുടെയും ഭരണത്തിലെ ഉന്നതരുടെയും
ഉറക്കംകെടുത്തിയിരുന്നു. ഇമേജ് രക്ഷിക്കാന്‍ പുറത്തുനിന്നുള്ള
നക്സലൈറ്റുകള്‍ പൊലീസ് ജീപ്പ് ആക്രമിച്ചു എന്നായിരുന്നു പൊലീസ്
പ്രചാരണം. അന്ന് പത്രങ്ങള്‍ അതുസംബന്ധിച്ച് കാര്യമായ വാര്‍ത്തകളൊന്നും
പ്രസിദ്ധീകരിച്ചില്ല. നക്സലൈറ്റുകള്‍ പരസ്പരം പറഞ്ഞും മറ്റു ചില വിപ്ലവ
പ്രസിദ്ധീകരണങ്ങളിലൂടെയുമാണ് സംഭവം പുറംലോകം അറിഞ്ഞത്.
നക്സലൈറ്റുകളെ അടിച്ചമര്‍ത്താനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്
മുട്ടുവിറച്ചത് ഈ സംഭവത്തോടെയായിരുന്നു. കക്കയം പൊലീസ് ക്യാമ്പ് പോലും
ഒട്ടും സുരക്ഷിതമല്ലെന്നും നക്സലൈറ്റ് ആക്രമണം അവിടെയും ഉണ്ടാകാന്‍
സാധ്യതയുണ്ടെന്നും വിലയിരുത്തിയതിനാലാണ് ഉടനെ കക്കയം ക്യാമ്പില്‍നിന്ന്
ക്രൈംബ്രാഞ്ച് ഉരുട്ടല്‍ കേന്ദ്രം മാലൂര്‍ക്കുന്നിലേക്ക് മാറ്റിയത്.
ക്യാമ്പുകളില്‍ നക്സലൈറ്റുകള്‍ക്കെതിരായ കടുത്ത പീഡനങ്ങള്‍ കുറഞ്ഞത്
അതിനു ശേഷമായിരുന്നു. എത്രയൊക്കെ സുരക്ഷാ സംവിധാനങ്ങളുണ്ടായാലും പൊലീസ്
ഓഫീസര്‍മാര്‍ സ്വന്തം വീട്ടിലും നാട്ടിലും സുരക്ഷിതരല്ലെന്ന ബോധം
പൊലീസില്‍ വളരാനും ഇതു കാരണമായി.
വെള്ളം കടക്കാത്ത അറയിലാണെങ്കിലും തങ്ങളും കുടുംബവും സുരക്ഷിതരല്ലെന്ന
ബോധം പൊലീസ് വകുപ്പില്‍ വളര്‍ന്നത് ഈ സംഭവത്തോടെയാണ്. അത്
സത്യവുമായിരുന്നു. അടിയന്തരാവസ്ഥക്കു ശേഷം മര്‍ദകരായ പൊലീസ് ഓഫീസര്‍മാരെ
കൈകാര്യം ചെയ്യാന്‍ നക്സലൈറ്റുകാര്‍ പലതവണ തീരുമാനിച്ചിരുന്നു. ഒന്നോ
രണ്ടോ തവണ ഇവരില്‍ ചിലര്‍ ആക്രമിക്കപ്പെടുകയുമുണ്ടായി.
അധികാരഗര്‍വില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുകയൂം കൊലചെയ്യപ്പെടുകയും
മനുഷ്യത്വരഹിതമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നിടങ്ങളില്‍ ഇത്തരം
ചാവേറുകള്‍ ഉയര്‍ന്നുവരുമെന്ന് ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും വര്‍ത്തമാന
യാഥാര്‍ഥ്യങ്ങള്‍ തെളിയിക്കുന്നു. സ്വയം ചാവേറാകാന്‍ തീരുമാനിച്ച
ഒരാള്‍ക്കു മുന്നില്‍ ഒന്നും തടസ്സമാകുന്നില്ല. ഒരു ചാവേറിന്റെ
മനസ്സിനകത്തെ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള സംവിധാനം കണ്ടെത്തുംവരെ
ചാവേറുകള്‍ എല്ലാ സൈനിക സന്നാഹങ്ങള്‍ക്കും ഭീഷണിയായി തുടരും. ലോകത്തെ
മാറ്റിമറിക്കാന്‍ കഴിയുമെന്ന് തനിക്ക് വിശ്വാസമുള്ള ഒരാദര്‍ശത്തിനു
വേണ്ടി ( അത് മറ്റുള്ളവര്‍ക്ക് തെറ്റായാലും ശരിയായാലും) സ്വയം
ചാവേറാകാന്‍ ഒരാള്‍ തയാറായാല്‍ ലോകത്തിലെ ഏറ്റവും അപകടകാരി
അയാളായിരിക്കും. ഫ്രഞ്ചു വിപ്ലവം ലോകത്തിനു മുന്നില്‍ തുറന്നു വെച്ച ഈ
ആശയം ലോകം മുഴുവന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ ആശയം ഏറ്റവും ശക്തവും
വിദഗ്ധവുമായി ആവിഷ്കരിക്കപ്പെടുന്നത് കഴിഞ്ഞ രണ്ട് ദശകങ്ങളിലാണ്. അധികാരം
തലക്കു പിടിച്ചവരുടെ അഹങ്കാരവും മര്‍ദനമുറകളും കൂട്ടക്കൊലകളും വളരെയേറെ
വര്‍ധിച്ചിരിക്കുന്നു എന്നാണ് ഇതിനര്‍ഥം.
ങ്ങാടിപ്പുറം ബാലകൃഷ്ണന്‍ എന്ന നക്സലൈറ്റിന്റെ ജീവിതവും മരണവും ഈ
യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ വേണം വിലയിരുത്താന്‍. എന്നാല്‍ അത്
ഇതുവരെ ഉണ്ടായിട്ടില്ല. നക്സലൈറ്റ് നേതാവായിരുന്ന കെ. വേണു പോലും
ബാലകൃഷ്ണന്റെ മരണം കേവലമൊരു ആത്മാഹുതിയായി വിലയിരുത്തുന്നതിലെ അപാകതയും
അതുതന്നെ. വേണുമാത്രമല്ല, മറ്റുള്ളവരും ഇങ്ങനെതന്നെയാണ് വിലയിരുത്തിയത്.
അടിയന്തരാവസ്ഥയിലെ പ്രത്യേക സാഹചര്യവും നക്സലൈറ്റ് വേട്ടയടക്കമുള്ള
കാര്യങ്ങളും ഈ സാഹചര്യത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. വര്‍ഗീസിനെയും
പി.രാജനെയും രക്തസാക്ഷികളായി അംഗീകരിച്ചവര്‍പോലും ബാലകൃഷ്ണനെ
രക്തസാക്ഷിയായി അംഗീകരിച്ചിട്ടില്ല.
ബാലകൃഷ്ണന്‍ തീകൊടുത്ത പൊലീസ് ജീപ്പില്‍ (KLV 9104) സഹതടവുകാരനായി
ഉണ്ടായിരുന്ന അങ്ങാടിപ്പുറത്തെ പ്രഭാകരന്‍ മാസ്റ്ററും ഇതൊന്നും
അംഗീകരിക്കുന്നില്ല ( അഭിമുഖം കാണുക). മാഷ് ഏറെക്കാലം ബാലകൃഷ്ണന്റെ കൂടെ
സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചയാളും അങ്ങാടിപ്പുറത്ത് സി.പി. എം
നേതാക്കളുടെ പ്രതിഷേധം വകവെക്കാതെ ഒന്നിച്ച് ബീഡി സഹകരണ സംഘം നടത്തിവന്ന
ആളുമാണ്. എന്നിട്ടും ബാലകൃഷ്ണന്റെ ചാവേര്‍ മനസ്സ് അദ്ദേഹത്തിന്
കണ്ടെത്താനായിട്ടില്ല. അദ്ദേഹം അത് അംഗീകരിക്കുന്നുമില്ല. എന്നാല്‍, അതേ
ജീപ്പില്‍ ബാലകൃഷ്ണന്റെ അടുത്തിരുന്ന ക്രൈംബ്രാഞ്ച് സ്പെഷല്‍ സ്ക്വാഡ്
കോണ്‍സ്റ്റബിള്‍ നാരായണന്‍ ഭാഗികമായെങ്കിലും ജീപ്പിന് തീകൊളുത്തിയത്
ബാലകൃഷ്ണന്‍ തന്നെയാകാമെന്ന് സമ്മതിക്കുന്നുണ്ട്. മാഷെ
സംബന്ധിച്ചിടത്തോളം ബാലകൃഷ്ണന്‍ ജീപ്പിന് തീകൊളുത്തി എന്നത് തികച്ചും
'ഇല്ലോജിക്' ആയ ഒരു പ്രസ്താവനയാണ്. അത് പിന്നീട് ആരോ ഉണ്ടാക്കിയ വെറും കഥ
മാത്രമാണ് അദ്ദേഹത്തിന്.

പ്രഭാകരന്‍ മാഷ് പറയുന്ന ന്യായം
1976 മാര്‍ച്ച് എട്ടിന് കാലത്ത് എട്ട് മണിക്ക് മലപ്പുറം ക്രൈംബ്രാഞ്ച്
ഓഫീസില്‍ നിന്ന് പ്രഭാകരന്‍ മാഷെയും ബാലകൃഷ്ണനെയും ജീപ്പില്‍
കയറ്റുമ്പോള്‍ ഇരുവര്‍ക്കും കക്കയം ക്യാമ്പിലേക്കാണ്
പോകുന്നതെന്നറിയില്ലായിരുന്നു. പൊലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍
പൂര്‍ണമായും ദേഹപരിശോധന നടത്തിയ ശേഷമാണ് ജീപ്പില്‍ കയറ്റിയത്. അതിനാല്‍
ബാലകൃഷ്ണന്‍ തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയെന്ന് കരുതാനാവില്ല.
ബാലകൃഷ്ണന്‍ അപ്പോള്‍ തീരെ അവശനും നേരെ നില്‍ക്കാന്‍പോലും കഴിയാത്ത
അവസ്ഥയിലുമായിരുന്നു. ജീപ്പില്‍ വഴിക്കുവെച്ച് പെട്രോള്‍ അടിക്കുമെന്നോ,
കാനില്‍ പെട്രോള്‍ നിറച്ച് ജീപ്പില്‍ സൂക്ഷിക്കുമെന്നോ ആര്‍ക്കും
മുന്‍കൂട്ടി കാണാനാവില്ല. അതുകൊണ്ടുതന്നെ ജീപ്പ് കത്തിക്കാന്‍
ബാലകൃഷ്ണന്‍ നേരത്തേ പദ്ധതിയിട്ടിരുന്നു എന്നു കരുതാനാവില്ല. ഇത് വെറും
കഥയാണ്. ഈ കഥ തികഞ്ഞ 'ഇല്ലോജിക്കും'.

കോണ്‍സ്റ്റബിള്‍ നാരായണന്‍ പറഞ്ഞത്
തീപിടിച്ച അതേ ജീപ്പില്‍ ബാലകൃഷ്ണന്റെ അടുത്തിരുന്ന കോണ്‍സ്റ്റബിള്‍
നാരായണന്‍ സംഭവം നടന്നത് ഒരുമാസം കഴിഞ്ഞാണെന്ന് വാദിക്കുന്നു. അതായത്
1976 ഏപ്രില്‍ എട്ടിനാണത്രെ സംഭവം നടന്നത് (ഇത് തെറ്റാണെന്ന് കൂടുതല്‍
അന്വേഷണത്തില്‍ വ്യക്തമായി. അന്ന് കൊല്ലപ്പെട്ട ഡിവൈ.എസ്.പി
സുബ്രഹ്മണ്യത്തിന്റെ മകന്‍, ഇന്നത്തെ തൃശൂര്‍ പൊലീസ് സൂപ്രണ്ട് ദിനേശ്
പറയുന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ മരണം 1976 മാര്‍ച്ച് 13 ന്
ആയിരുന്നു എന്നാണ്. അതനുസരിച്ച് മാര്‍ച്ച് എട്ടിന് പൊള്ളലേല്‍ക്കുകയും
അഞ്ച് ദിവസം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍വെച്ച് മരണപ്പെടുകയും
ചെയ്തു എന്ന് വ്യക്തം).
തീകൊടുത്തത് ബാലകൃഷ്ണനാകാം. എന്നാല്‍, അയാള്‍ തീകൊടുക്കുന്നത്
കണ്ടിട്ടില്ല. പെട്ടെന്ന് തീ 'ഭും' എന്ന ശബ്ദത്തോടെ
കത്തിയുയരുകയായിരുന്നു. തീപ്പെട്ടിയോ തീപ്പെട്ടിക്കൊള്ളിയോ ഒളിച്ചു
കടത്തിയതാകാം. നിയമവിരുദ്ധമായി ജീപ്പിനകത്ത് പെട്രോള്‍
സൂക്ഷിച്ചതെന്തിനെന്ന ചോദ്യത്തിന് അതൊരു സാധാരണ സംഭവം
മാത്രമാണെന്നായിരുന്നു മറുപടി. ഉള്‍പ്രദേശങ്ങളില്‍ റെയ്ഡിനു പോകുമ്പോള്‍
ഇങ്ങനെ കാനില്‍ പെട്രോള്‍ കരുതാറുണ്ട്. അന്ന് പെട്രോള്‍ ബങ്കുകള്‍ തീരെ
കുറവായിരുന്നു. എല്ലാ ബങ്കില്‍നിന്നും പൊലീസിന് പെട്രോള്‍
കിട്ടുമായിരുന്നില്ല. അതിനാലാണ് കാനില്‍ സൂക്ഷിച്ചത്. കോഴിക്കോട്ടേക്ക്
പോകുമ്പോള്‍ ആവശ്യത്തിന് ബങ്കുകളുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന്
മറുപടി അവ്യക്തം.

യുക്തിരഹിത കാലത്തെ യുക്തികള്‍
അടിയന്തരാവസ്ഥയില്‍ മനുഷ്യരുടെ യുക്തിക്കോ നീതിബോധത്തിനോ എന്ത് പ്രസക്തി
എന്ന ചോദ്യം പ്രഭാകരന്‍ മാഷോട് ചോദിച്ചിട്ടു കാര്യമില്ല. നക്സലൈറ്റ്
അല്ലാത്ത തന്നെ നക്സലൈറ്റായി മുദ്രകുത്തി അടിയന്തരാവസ്ഥയില്‍ അറസ്റ്റ്
ചെയ്യുകയും എട്ടു മാസത്തോളം അറസ്റ്റു രേഖപ്പെടുത്താതെ കേരളം, തമിഴ്നാട്,
കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും
ജയിലുകളിലും തടഞ്ഞുവെക്കുകയും ചെയ്തതിന്റെ യുക്തി അദ്ദേഹത്തിനുപോലും
മനസ്സിലാകില്ല എന്നിരിക്കെ ബാലകൃഷ്ണന്റെ പ്രവൃത്തിയില്‍ യുക്തി തേടുന്നത്
എന്തിനെന്ന് വ്യക്തമല്ല. 1976 മാര്‍ച്ച് ഏഴിന് രാവിലെ ഒമ്പതുമണിക്ക്
പ്രഭാകരന്‍ മാഷെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുദിവസം മലപ്പുറം
ക്രൈംബ്രാഞ്ച് ഓഫീസില്‍ താമസിപ്പിച്ച് അടുത്ത ദിവസം കാലത്ത്
കക്കയത്തേക്ക് പുറപ്പെട്ടു. അപ്പോഴാണ് സംഭവം. അതിനും ഏതാണ്ട് ഒരാഴ്ച
മുമ്പെ പിടിയിലായ ബാലകൃഷ്ണന്‍ തടവില്‍ അനുഭവിക്കേണ്ടി വന്ന
പീഡനങ്ങളെക്കുറിച്ച് മാഷ്ക്ക് അറിയില്ല. പൊലീസ് ജീപ്പില്‍ കയറുമ്പോള്‍
മാത്രമാണ് സഹപ്രവര്‍ത്തകരായ ഇരുവരും നേരില്‍ കാണുന്നത്. സംസാരിക്കാന്‍
പോയിട്ട് നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു
ബാലകൃഷ്ണന്‍. ജീപ്പിന്റെ പിറകില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ കൂടെ
ഇരുന്ന മാഷ് ഏറെ വൈകാതെ മയങ്ങിപ്പോകുകയും ചെയ്തു. അതിനാല്‍ ജീപ്പില്‍
ബാലകൃഷണന്‍ എന്തു ചെയ്തു എന്ന് അദ്ദേഹം കണ്ടിട്ടില്ല. ജീപ്പില്‍ തീ
പൊങ്ങിയപ്പോഴാണ് മാഷ് ഉണരുന്നത്. അപ്പോള്‍ തന്നെ പുറത്തേക്ക് ചാടി.
ബാലകൃഷ്ണനെ രക്ഷപ്പെടുത്താനൊന്നും ശ്രമിച്ചില്ല.
മാഷും ബാലകൃഷ്ണനും തമ്മില്‍ മാനസികാവസ്ഥകളുടെ കാര്യത്തിലും നിലപാട്
കാര്യത്തിലും വലിയ അന്തരമുണ്ടായിരുന്നു. താന്‍ അടിയന്തരാവസ്ഥയില്‍
അറസ്റ്റിലാകുമെന്നോ ഇത്രകാലം തടവില്‍ കഴിയേണ്ടി വരുമെന്നോ മാഷ്
കരുതിയിരുന്നില്ല. ബാലകൃഷ്ണനാകട്ടെ ഏതു നേരവും താന്‍ അറസ്റ്റ്
ചെയ്യപ്പെടുമെന്ന് ഉറപ്പിച്ചിരുന്നു. നിരവധി ദിവസം ഒളിവില്‍ കഴിഞ്ഞശേഷം
അപകടം അറിഞ്ഞുകൊണ്ടുതന്നെ പിടികൊടുക്കാന്‍ തയാറായ ആളാണ് ബാലകൃഷ്ണന്‍.
ഒളിവില്‍ പോകാമെന്ന് തീരുമാനിച്ചാണ് താനും ബാലകൃഷ്ണനും പിരിഞ്ഞതെന്നും
പിന്നീട് ബാലകൃഷ്ണന്‍ നിലപാട് മാറ്റി വീട്ടിലേക്ക് തിരിച്ചു
വരുകയായിരുന്നുവെന്നും കെ.വേണു പറഞ്ഞിട്ടുണ്ട്. ''ഈ ഒളിവു ജീവിതം
തുടരാനാവില്ലെ''ന്ന് അച്ഛന്‍ പറഞ്ഞതായി മകന്‍ മുരളീധരനും പറഞ്ഞിട്ടുണ്ട്.
അറസ്റ്റും പീഡനവും സ്വീകരിക്കാന്‍ തയാറായി തന്നെയാണ് ബാലകൃഷ്ണന്‍ ഒളിവു
ജീവിതം മതിയാക്കി പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസിലെത്തിയത്. അന്നാണ്
അറസ്റ്റിലായതും. വയനാട്ടിലെ സഖാവ് വര്‍ഗീസിനെ പൊലീസ് വെടിവെച്ചു
കൊന്നതായിരുന്നു എന്ന് ബാലകൃഷ്ണന് അറിവുണ്ടായിരുന്നു. അടിയന്തരാവസ്ഥ
പ്രഖ്യാപനം കഴിഞ്ഞ് അപ്പോള്‍ ഏതാണ്ട് ഒമ്പത് മാസം കഴിഞ്ഞിരുന്നു.
തുടര്‍ന്നുണ്ടായ പൊലീസിന്റെ നക്സല്‍ വേട്ടയെക്കുറിച്ചും
ബാലകൃഷ്ണനറിയാമായിരുന്നു. മലപ്പുറത്തും തിരുവനന്തപുരത്തും കെ.വേണുവിനെ
പൊലീസ് വേട്ടയാടുകയാണെന്ന് അറിയാമായിരുന്ന അദ്ദേഹം വേണുവിനെ അന്ന്
തിരുച്ചിറപ്പള്ളിയിലുണ്ടായിരുന്
ന യു.പി. ജയരാജിന്റെ അടുത്ത്
എത്തിച്ചയാളാണ്. മാര്‍ച്ച് ഒന്നിന് പിടിയിലായ ആര്‍.ഇ.സിയിലെ പി.രാജനും
അഞ്ചിന് പിടിയിലായ വിജയനും പൊലീസ് പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട
വിവരവും ചോര്‍ന്ന് കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ ബാലകൃഷ്ണനും
അക്കാര്യം അറിയേണ്ടതാണ്. എന്നിട്ടും ഒളിവുവാസം മതിയാക്കി പൊലീസിനു
മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചതില്‍ അടിയന്തരാവസ്ഥാ വിരുദ്ധമായ
മനസ്സും തീരുമാനവും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. പ്രഭാകരന്‍ മാസ്റ്ററുടെ
ധാരണ അനുസരിച്ച് ബാലകൃഷ്ണന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ
സഹപ്രവര്‍ത്തകന്‍ മാത്രം. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളെ
എതിര്‍ത്തിരുന്നു അയാള്‍ എന്നു മാത്രം. മലപ്പുറം ക്രൈംബ്രാഞ്ചിന്റെ
ഒരാഴ്ചത്തെ ചോദ്യംചെയ്യലും പീഡനവും കഴിഞ്ഞാണ് ബാലകൃഷ്ണന്‍ കക്കയത്തേക്ക്
പുറപ്പെടുന്നത്. അതിനു മുമ്പ് മൂന്നു തവണയെങ്കിലും പൊലീസ് റെയ്ഡില്‍
നക്സലൈറ്റുകളെ കാണിച്ചു കൊടുക്കാന്‍ ബാലകൃഷ്ണനെ കൂടെ
കൊണ്ടുപോയിരുന്നതായും റെയ്ഡിനിടയില്‍ വണ്ടിയില്‍ കാന്‍ നിറയെ പെട്രോള്‍
സൂക്ഷിച്ചിരുന്നതായും കോണ്‍സ്റ്റബിള്‍ നാരായണന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കക്കയം യാത്രയിലും സ്വാഭാവികമായും വണ്ടിയില്‍ പെട്രോള്‍ കരുതാനുള്ള
സാധ്യത ബാലകൃഷ്ണന്‍ മനസ്സില്‍ കണ്ടിട്ടുണ്ടാകാം. അതനുസരിച്ചുള്ള
തയാറെടുപ്പുകളും മാനസികമായി നടത്തിയിരിക്കാം. തീപ്പെട്ടിയോ
തീപ്പെട്ടിക്കൊള്ളിയോ അയാള്‍ ഒളിച്ചു കടത്തിയിരിക്കാം. സ്വയം ചാവേറാകാന്‍
പോകുന്ന ഒരാള്‍ക്ക് എന്താണ് സാധ്യമല്ലാത്തത്? അതിന്റെ യുക്തി മാഷ്ക്ക്
മനസ്സിലാവണമെന്നില്ല.
മുന്‍കൂട്ടി തയാറെടുപ്പില്ലാത്ത ഒരാള്‍ തീപിടിത്തമുണ്ടായാല്‍
അതില്‍നിന്ന് രക്ഷപ്പെടാന്‍ നോക്കുക സ്വാഭാവികം. ഇവിടെ ബാലകൃഷ്ണന്‍ സ്വയം
രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്നു മാത്രമല്ല, മലപ്പുറത്തെ പീഡനങ്ങള്‍ക്ക്
നേതൃത്വം വഹിച്ചിരുന്ന ഡിവൈ.എസ്.പിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ
കഴുത്തില്‍ ആമത്തില്‍ ബന്ധിപ്പിച്ച കൈകള്‍കൊണ്ട് കുരുക്കിടുകയും അയാളെ
ആവുന്നിടത്തോളം പൊള്ളിക്കുകയും ചെയ്തു എന്നതില്‍ എന്ത്
യുക്തിരാഹിത്യമാണുള്ളത്? പൊലീസ് പരിശോധനക്കിടയില്‍ ഒന്നും
ഒളിപ്പിക്കാനാവില്ലെന്ന മാഷുടെ സ്വാഭാവിക വിശ്വാസം തകര്‍ക്കുന്ന ഒരനുഭവം
മാലൂര്‍ക്കുന്ന് ക്യാമ്പില്‍ ഉണ്ടായിരുന്ന നക്സലൈറ്റ് തടവുകാരന്‍
ആര്‍ട്ടിസ്റ്റ് മോഹനന്‍ പറയുകയുണ്ടായി. തടവറയില്‍ കഴിയുന്ന നേരത്ത്
മുറിയില്‍ ഉണ്ടായിരുന്ന വീതി കുറഞ്ഞതും മൂര്‍ച്ചയേറിയതുമായ ഒരു ഉളി കുറെ
നാള്‍ തന്റെ അടിവസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവെച്ചിരുന്നുവത്രെ.
അത്തരം അവസ്ഥകളില്‍ പല്ലും നഖവും ആയുധമാകുമെന്ന് പറഞ്ഞാല്‍ മതി.
അതിനപ്പുറം അതിന്റെ ലോജിക്ക് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. തീകൊളുത്തിയ
ശേഷം വസ്ത്രങ്ങള്‍ കത്തുമ്പോഴും അയാള്‍ ഡിവൈ.എസ്.പിയെ പിറകില്‍ നിന്ന്
കഴുത്തിന് പിടിച്ച് രക്ഷപ്പെടുന്നത് തടഞ്ഞു എന്നു വ്യക്തം. സി.ഐയും
ഡ്രൈവറും ഓടുന്ന ജീപ്പില്‍നിന്ന് രക്ഷപ്പെട്ടിട്ടും ഡിവൈ.എസ്.പിക്ക്
രക്ഷപ്പെടാന്‍ ശരീരം മുഴുവന്‍ പൊള്ളുന്നതുവരെ കാത്തിരിക്കേണ്ടി വന്നു
എന്നത് ഇതിനു തെളിവാണ്. പ്രഭാകരന്‍ മാഷ് ഇക്കാര്യം ഇപ്പോള്‍
നിഷേധിക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം പച്ചക്കുതിര
എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു: ''
പെട്ടെന്ന് ഡിവൈ.എസ്.പി ഒറ്റ നിലവിളിയാണ്^അയ്യോ! തീ! എന്ന്. ഞാന്‍ കണ്ണ്
തുറന്നപ്പോള്‍ ബാലകൃഷ്ണനും ഡിവൈ.എസ്.പിയും ജീപ്പിനകത്തെ ആളിക്കത്തുന്ന
തീയില്‍ മല്‍പ്പിടിത്തം നടത്തുന്നതാണ് കണ്ടത്. ''
ജീപ്പിനകത്തെ പെട്രോള്‍ കാന്‍ തട്ടിമറിച്ചിട്ട് തീകൊളുത്തി താനടക്കം
എല്ലാവരും മരിക്കണമെന്നതാകാം ബാലകൃഷ്ണന്‍ കരുതിയത്. പി.രാജന്‍
കൊല്ലപ്പെട്ടതിന് നക്സലൈറ്റുകള്‍ പകരം വീട്ടുമെന്ന് പൊലീസിന്
അറിവുണ്ടായിരുന്നു. അതിനാലാണ് പുറത്തുനിന്നുള്ള നക്സലൈറ്റുകള്‍ ജീപ്പ്
ആക്രമിച്ചതാണെന്ന് പൊലീസ് പ്രചരിപ്പിച്ചത്. നിന്നു കത്തുമ്പോഴും
ബാലകൃഷ്ണന്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നതായി പ്രഭാകരന്‍ മാഷും
കോണ്‍സ്റ്റബിള്‍ നാരായണനും പറയുന്നുണ്ട്. തീപ്പൊള്ളി
മരിക്കുമെന്നറിഞ്ഞിട്ടും പുറത്തിറങ്ങാതെ വണ്ടിയില്‍ വെച്ച് മുദ്രാവാക്യം
വിളിച്ച് സമയം കളഞ്ഞത് യുക്തിയുടെ ഭാഷയില്‍ ചിന്തിച്ചാല്‍ മണ്ടത്തരമോ
വിവരക്കേടോ ആണ്. ബാലകൃഷ്ണന്‍ നക്സലൈറ്റ് മുദ്രാവാക്യമൊന്നും
വിളിച്ചിട്ടില്ല എന്നും പൊതുവായ മാര്‍ക്സിസ്റ്റ് മുദ്രാവാക്യം മാത്രമാണ്
വിളിച്ചിരുന്നതെന്നുമുള്ള മാഷുടെ വാക്കുകളും അങ്ങനെതന്നെ
അംഗീകരിക്കാനാകില്ല. നക്സല്‍ബാരിക്കും ചാരുമജൂംദാറിനും മുദ്രാവാക്യം
വിളിച്ചിരുന്നതായാണ് നാരായണന്‍ പറഞ്ഞത്. പൊലീസുകാരും മാഷും ബാലകൃഷ്ണനെ
അവിടെതന്നെ ഉപേക്ഷിച്ചു പോവുകയായിരുന്നു. പിന്നീട് അതുവഴി വന്ന ഒരു ബസിലെ
ആളുകളാണ് അയാളെ മെഡിക്കല്‍ കോളജിലെത്തിച്ചത്. അവിടെയും മുദ്രാവാക്യം
വിളി തുടര്‍ന്നു. മരിക്കുന്നതുവരെ ഇതു തുടര്‍ന്നതായും മാഷും നാരായണനും
പറഞ്ഞിട്ടുണ്ട്.
അന്ന് കോണ്‍സ്റ്റബിളായിരുന്ന നാരായണന്‍ മുഴുവന്‍ കാര്യങ്ങളും പറയാത്തത്
മനസ്സിലാക്കാം. തൊട്ടടുത്തിരുന്ന തടവുകാരന്‍ തീപ്പെട്ടിയുരച്ച് പെട്രോള്‍
കാനിന് തീവെക്കുന്നത് അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അയാള്‍ക്ക് പൊലീസില്‍
തുടരാനാവുമായിരുന്നില്ല. മുന്‍സീറ്റിലെ ഡിവൈ.എസ്.പിയെ രക്ഷിക്കാതെ
സ്വന്തം ജീവന്‍ രക്ഷിച്ചു എന്ന് പറയാന്‍ ഒരു കോണ്‍സ്റ്റബിളിനെങ്ങനെ
കഴിയും!

Monday, August 10, 2009

സ്വാമിനാഥന്റെ കുമ്പസാരങ്ങള്‍




ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ്, ലോകോത്തര ശാസ്ത്രജ്ഞന്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ ശാസ്ത്രകാര്യ ഉപദേശകന്‍, മഗ്സാസെ അവാര്‍ഡ് ജേതാവ് ... ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷണങ്ങളുണ്ട് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരില്‍. ജീവിച്ചിരിക്കെതന്നെ സ്വന്തം പേരില്‍ ഫൌണ്ടേഷന്‍ തുടങ്ങിയ അതിബുദ്ധിശാലിയാണ് അദ്ദേഹം. കുട്ടനാടിന്റെ അഭിമാനഭാജനം. ഭൌമസമ്മാനം മുതല്‍ പത്മശ്രീ വരെ അംഗീകാരങ്ങളുടെ നീണ്ടനിര. അതെ, നമ്മുടെ ഡോ. സ്വാമിനാഥന്‍ തന്നെ. ഒരു ശാസ്ത്രജ്ഞന്‍ ശാസ്ത്രവിഷയങ്ങളില്‍ ശാസ്ത്രീയമായി ഒരു നിലപാടില്‍ ഉറച്ചു നില്‍ക്കും. നില്‍ക്കണം. അത് തെറ്റായിരുന്നു എന്ന പുതിയ കണ്ടെത്തലുകളുണ്ടാകുംവരെ. അങ്ങനെ മഹാന്മാരായ പല ശാസ്ത്രജ്ഞരും സ്വന്തം നിലപാടുകള്‍ തിരുത്തിയിട്ടുണ്ട്. പല മഹാന്മാരും സ്വന്തം നിലപാട് ശരി എന്ന് ഉറച്ചുനിന്നതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ പീഡനം സഹിക്കേണ്ടിവന്നിട്ടുമുണ്ട്. പലരും കൊലചെയ്യപ്പെടുകയോ കല്‍ത്തുറുങ്കില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. നമ്മുടെ ഹരിത വിപ്ലവ പിതാവ് സ്വാമിനാഥന് പക്ഷേ ഇത്തരം ചരിത്രമല്ല ഉള്ളത്. സ്വന്തം കണ്ടെത്തലുകളും നിലപാടുകളും പിന്നീട് പലതവണ തെറ്റാണെന്ന് പറഞ്ഞ മഹാനാണ് അദ്ദേഹം. ഇപ്പോള്‍, അവസാനം, ഈ വയസ്സുകാലത്ത് വീണ്ടുമിതാ തന്റെ പഠനം തെറ്റായിരുന്നു എന്ന് അദ്ദേഹം രേഖാമൂലം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നു. സ്വന്തം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ നിയമം തെറ്റായി പോയെന്നും അതിനാല്‍ അതിന് സ്വാഭാവിക മരണം വിധിക്കണമെന്നും അദ്ദേഹം എഴുതിക്കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 22ന് കോസ്റ്റല്‍ മാനേജ്മെന്റ് സോണ്‍, 2007 ( സി.ഇസെഡ്. എം) നിയമം ഇല്ലാതായി. പഴയ നിയമമായ കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍1991 ( സി. ആര്‍.ഇസെഡ്) നിയമം വീണ്ടും പ്രാബല്യത്തിലായി. കടല്‍ത്തീരത്തിന്റെ അടിസ്ഥാന അവകാശികളായ മല്‍സ്യത്തൊഴിലാളികളെ വിവാദ നിയമം ഒട്ടും പരിഗണിച്ചില്ലെന്ന് ആ നിയമത്തിന് ആധാരമായ വിദഗ്ധ റിപ്പോര്‍ട്ട് തയാറാക്കിയ ഡോ. സ്വാമിനാഥന്‍തന്നെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ശിപാര്‍ശകള്‍ അടിസ്ഥാന പരമായി തെറ്റായിരുന്നു എന്നാണ് ലോകോത്തര ശാസ്ത്രജ്ഞനായ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആദ്യ കുമ്പസാരവുമല്ല. തെറ്റ് സമ്മതിക്കലും തിരുത്തലും മാത്രമായി ഒരാളുടെ ജീവിതം മാറാം. പക്ഷേ ഒരു ശാസ്ത്രജ്ഞന്റെ ജീവിതം ഇങ്ങനെ ആയിക്കൂടാ. അങ്ങനെ വന്നാല്‍ അയാള്‍ അടിസ്ഥാനപരമായി ശാസ്ത്രജ്ഞനല്ല എന്നു പറയേണ്ടി വരും. കോപ്പര്‍നിക്കസ് തന്റെ കണ്ടെത്തലുകളും നിലപാടുകളും തിരുത്തിയാല്‍ പിന്നെന്ത് കോപ്പര്‍നിക്കസ്? ഇന്ത്യന്‍ കടല്‍ത്തീരങ്ങള്‍ വന്‍കിട സ്വദേശ ^ വിദേശ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പതിച്ചുനല്‍കാന്‍ ആവശ്യമായ വിദഗ്ധോപദേശം നല്‍കിയ ഡോ. സ്വാമിനാഥന്‍ തന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച നിയമം ഇന്ത്യന്‍ ജനസംഖ്യയുടെ കാല്‍ഭാഗത്തോളം വരുന്ന കോടിക്കണക്കിനു മനുഷ്യരുടെ ജീവിതായോധന മാര്‍ഗങ്ങളെയും ഒരുകോടിയോളം വരുന്ന മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. പരിസ്ഥിതിയോടൊപ്പം ജീവിതോപാധികളുടെ സംരക്ഷണവും പ്രധാനമാണെന്ന് വൈകിയാണെങ്കിലും അദ്ദേഹത്തിന് ബോധമുദിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇതിന് അദ്ദേഹത്തെ മാനിച്ചേ പറ്റൂ. പക്ഷേ, മൂന്നു കൊല്ലംമുമ്പ് അദ്ദേഹത്തിന് ഈ അടിസ്ഥാന ശാസ്ത്രം അറിയില്ലായിരുന്നു എന്നു വിശ്വസിക്കാനാണ് പ്രയാസം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പുതിയ ബോധോദയങ്ങള്‍ അങ്ങനെതന്നെ വിഴുങ്ങാന്‍ പ്രയാസമുണ്ട്. ഒന്നാമത്തെ ചോദ്യം ആര്‍ക്കു വേണ്ടിയാണ് അന്ന് അദ്ദേഹം മനുഷ്യവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ വിദഗ്ധ റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയത് എന്നതാണ്. സര്‍ക്കാറിനു വേണ്ടിയോ? വന്‍കിട വ്യവസായികള്‍ക്കു വേണ്ടിയോ? വിദേശ കുത്തകകമ്പനികള്‍ക്കു വേണ്ടിയോ? ലോകോത്തര ശാസ്ത്രജ്ഞനായ അദ്ദേഹത്തിന് ഈ തെറ്റു പിണഞ്ഞത് എങ്ങനെയാണ്? അദ്ദേഹം തന്നെയാണ് സത്യം വിശദീകരിക്കേണ്ടത്. അത് അദ്ദേഹം ചെയ്യുമോ? ചെയ്യുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. കാരണം അദ്ദേഹം മുന്‍കാല തെറ്റുകള്‍ ഏറ്റുപറഞ്ഞതല്ലാതെ അതിനു പിന്നില്‍ നടന്നതെന്താണെന്ന് വിശദീകരിക്കാന്‍ ഇന്നുവരെ തയാറായിട്ടില്ല.
ഒന്നാം കുമ്പസാരംഡോ. സ്വാമിനാഥന് 1971 ലെ മഗ്സാസെ അവാര്‍ഡ് ലഭിച്ചു. ഇന്ത്യന്‍ ശാസ്ത്ര ലോകം അഭിമാനിച്ചു. പക്ഷേ, തെറ്റായ ഒരു ഗവേഷണഫലത്തിന്റെ പേരിലായിരുന്നു അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. ഇക്കാര്യം അവാര്‍ഡിനു മുമ്പുതന്നെ അംഗീകൃത ശാസ്ത്ര കേന്ദ്രങ്ങള്‍ സ്ഥിരീകരിക്കുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോ. സ്വാമിനാഥന്‍ തന്റെ ഗവേഷണ പ്രബന്ധം തിരുത്താനോ തെറ്റു സമ്മതിക്കാനോ തയാറായില്ല. 1967 ഒക്ടോബറില്‍ ദല്‍ഹിയിലെ ഒരു സിമ്പോസിയത്തിലാണ് അദ്ദേഹം തന്റെ അദ്ഭുതകരമായ കണ്ടെത്തല്‍ പ്രഖ്യാപിച്ചത്. പാലിന്റെ പോഷകഗുണങ്ങളുമായി പുതിയൊരു ഇനം ഗോതമ്പ് താന്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നായിരുന്നു പ്രഖ്യാപനം. പാലിലെ പോലെ ഉയര്‍ന്ന പ്രോട്ടീന്‍, ലൈസീന്‍ ഘടകങ്ങള്‍ അടങ്ങിയ ഗോതമ്പ് വിത്താണ് കണ്ടുപിടിച്ചതെന്നും ലോകദരിദ്ര കോടികളുടെ പോഷകാഹാരക്കുറവ് എന്ന ശാപം ഇതോടെ ഇല്ലാതാകും എന്നുവരെ അദ്ദേഹം പ്രഖ്യാപിച്ചു. ഈ അദ്ഭുത ഗോതമ്പിന്റെ ഉപജ്ഞാതാവായ സ്വാമിനാഥനെ പത്രമാസികകള്‍ പാടിപ്പുകഴ്ത്തി. ഈ അദ്ഭുതഗോതമ്പ്വിത്തിന് ഡോ. സ്വാമിനാഥന്‍ നല്‍കിയ പേരാണ് 'സര്‍ബതി സൊണോര'. മെക്സിക്കോയിലെ കുള്ളന്‍ ഗോതമ്പ് ഇനമായ സൊണോരയുടെയും ഇന്ത്യന്‍ ഇനമായ 'സര്‍ബതി'യുടെയും വിത്തുകളില്‍നിന്ന് വികസിപ്പിച്ചതാണ് പുതിയ വിത്തെന്നും അദ്ദേഹം സമര്‍ഥിച്ചു. അദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധം ഫുഡ് ഇന്‍ഡസ്ട്രീസ് എന്ന ശാസ്ത്രമാഗസിനില്‍ ആദ്യമായി അച്ചടിച്ചു വന്നു. പുതിയ ഗോതമ്പിലെ ലൈസീന്‍ അളവ് 4.6 ശതമാനമാണെന്ന് സ്ഥാപിച്ചിരുന്നു (പാലിലെ ലൈസീന്റെ അളവ് ഏഴു മുതല്‍ എട്ട് ശതമാനം വരെയാണെന്നാണ് കണക്ക്). ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. വൈ.പി. ഗുപ്ത ഈ ഗവേഷണത്തിലെ അവകാശവാദം വ്യാജമാണെന്ന് ആരോപിച്ചു. ഈ ആരോപണത്തെ പ്രതിരോധിക്കാന്‍ സ്വാമിനാഥന്‍ അതേ ഗവേഷണ പ്രബന്ധം 1968ല്‍ മൂന്ന് ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുകൂടി അച്ചടിക്കാന്‍ നല്‍കുകയാണ് ചെയ്തത്. ഗുപ്തക്കു പുറമെ ഒട്ടേറെ വിദേശ ശാസ്ത്രജ്ഞരും സ്വാമിനാഥന്റെ ഗവേഷണം തെറ്റാണെന്നും അവകാശവാദം വ്യാജമാണെന്നും സ്ഥാപിച്ച് പഠനങ്ങള്‍ എഴുതി. സ്വാമിനാഥന്‍ എന്നിട്ടും കുലുങ്ങിയില്ല. മെക്സിക്കന്‍ ഗോതമ്പിനമായ സൊണോരയും സ്വാമിനാഥന്റെ ഗോതമ്പിനമായ സര്‍ബതിസൊണോരയും തമ്മില്‍ വ്യത്യാസങ്ങളില്ലെന്നും അവര്‍ സമര്‍ഥിച്ചു. 1969 ജൂലൈ ^ ആഗസ്റ്റ് ലക്കം സിമ്മിറ്റ് ന്യൂസിലും സ്വാമിനാഥന്റെ അവകാശവാദം ശരിയല്ലെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള 'ഇന്റര്‍നാഷനല്‍ മെയ്സ് ആന്റ് വീറ്റ് സെന്ററി'ന്റെ ഗവേഷണ പ്രസിദ്ധീകരണമാണ് സിമ്മിറ്റ് ന്യൂസ്. എന്നിട്ടും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള മഗ്സാസെ അവാര്‍ഡ് സ്വാമിനാഥനെ തേടിയെത്തി. അദ്ദേഹം അന്നും ഇന്നും അത് നിരസിച്ചില്ല. പിന്നീട് തന്റെ ഗവേഷണം തെറ്റായിരുന്നു എന്ന് അദ്ദേഹത്തിനുതന്നെ സമ്മതിക്കേണ്ടി വന്നു. കണക്കില്‍ വന്ന പിശകാണ് അബദ്ധം പിണയാന്‍ കാരണമായതെന്നായിരുന്നു ആ ശാസ്ത്രജ്ഞന്റെ വിശദീകരണം. എന്നാല്‍ ശാസ്ത്രലോകം അതും ചോദ്യം ചെയ്തു. കണക്കില്‍ വന്ന പിശകായിരുന്നു തെറ്റായ ഗോതമ്പ് ഗവേഷണം പ്രസിദ്ധീകരിക്കാന്‍ കാരണമെങ്കില്‍ ചോള ഗവേഷണത്തിലും ഈ തെറ്റ് എങ്ങനെ കടന്നു കൂടിയെന്നും പിന്നീട് ഈ പ്രബന്ധം എന്തിനു പ്രസിദ്ധീകരിച്ചു എന്നും ശാസ്ത്ര ലോകം ചോദിച്ചു. ഡോ. സ്വാമിനാഥന് അതിനുത്തരമുണ്ടായിരുന്നില്ല. തെറ്റായ ഗവേഷണത്തിന്റെ പേരില്‍ താന്‍ നേടിയ മഗ്സാസെ അവാര്‍ഡ് അദ്ദേഹം ഇന്നുവരെ തിരിച്ചു നല്‍കിയിട്ടില്ല.
രണ്ടാം കുമ്പസാരംഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവായ ഡോ. എം.എസ്. സ്വാമിനാഥന്‍ ഏതാണ്ട് അഞ്ചുവര്‍ഷം മുമ്പാണ് ഹരിത വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ പാളിയെന്ന് സമ്മതിച്ചതും ജൈവ, മണ്ണിരകൃഷി രീതികളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞതും. ജപ്പാനില്‍ ഒരു അന്താരാഷ്ട്ര അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതവിപ്ലവം ഉല്‍പാദന ക്ഷമത കൂട്ടിയെങ്കിലും കൃഷിച്ചെലവുകള്‍ ഗണ്യമായി വര്‍ധിച്ചതോടെ കൃഷി ഒരു നഷ്ടക്കച്ചവടമായി മാറി എന്നത് ഇന്ന് ഇന്ത്യന്‍ കാര്‍ഷിക മേഖല അനുഭവിക്കുന്ന ഏറ്റവും കാതലായ പ്രശ്നമാണ്. എല്ലാ കാര്‍ഷിക ആസൂത്രണങ്ങളും പരാജയപ്പെടുന്ന കാരണവും ഇതുതന്നെ. ഹരിതവിപ്ലവം, വര്‍ധിച്ച കൃഷിച്ചെലവിന്റെ അടിസ്ഥാനത്തില്‍ സമൃദ്ധി കൊണ്ടുവന്നില്ല എന്നും പഞ്ചാബില്‍ അത് ഭീകരവാദമാണ് കൊണ്ടുവന്നതെന്നും വന്ദനശിവ തന്റെ ആദ്യകാല പഠനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ഇതു സംബന്ധിച്ച നിരവധി പഠനങ്ങളുണ്ടായി. ഇതൊന്നും ഗൌനിക്കാതെ ഹരിതവിപ്ലവത്തിന്റെ പ്രവാചകനായി നിന്ന സ്വാമിനാഥന്‍ അഞ്ചുകൊല്ലം മുമ്പാണ് തന്റെ ഹരിതവിപ്ലവ സ്വപ്നങ്ങള്‍ പരാജയപ്പെട്ടു എന്ന് ഏറ്റുപറഞ്ഞത്. ഈ ഏറ്റുപറച്ചിലിനു മുമ്പ് ഹരിതവിപ്ലവം എന്ന ആധുനിക അമേരിക്കന്‍ കൃഷിരീതി ഇന്ത്യയിലേക്ക് പറിച്ചു നടാന്‍ സ്വാമിനാഥനും ചില ശാസ്ത്രജ്ഞരും നടത്തിയ ഗൂഢാലോചനകള്‍ ഇന്നും പൂര്‍ണമായി വെളിച്ചം കണ്ടിട്ടില്ല.എഴുപതുകള്‍ ലോകബാങ്ക് സഹായത്തോടെ ഇന്ത്യന്‍ കാര്‍ഷികമേഖല വികസിപ്പിക്കാന്‍ ശ്രമം നടന്ന കാലമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയും പ്രഥമകൃഷി മന്ത്രി കെ.എം മുന്‍ഷിയും അമേരിക്കന്‍ കൃഷിരീതി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് എതിരായിരുന്നു. 1965ല്‍ പുതിയ സങ്കര വിത്തിനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി മുന്നറിയിപ്പു നല്‍കുകയും ചെയ്തു. മാസങ്ങള്‍ക്കുശേഷം അദ്ദേഹം താഷ്കന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പലതവണ ആവശ്യപ്പെട്ടിട്ടും മരണവുമായി ബന്ധപ്പെട്ട രേഖകളോ തെളിവുകളോ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചത്? അദ്ദേഹം കൊല്ലപ്പെട്ടതായിരുന്നോ? അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുള്ള സംശയങ്ങള്‍ നീക്കാന്‍ ഇതുവരെ ഒരു സര്‍ക്കാറും തയാറായിട്ടില്ല. അന്നത്തെ കൃഷി മന്ത്രി മുന്‍ഷിയെ മാറ്റി സുബ്രഹ്മണ്യത്തെ അവരോധിച്ചതിനു പിന്നിലും അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചന സംശയം ഉയര്‍ന്നിരുന്നു. ഇതും വെളിവാക്കപ്പെട്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നിന്ദ്യമായ രീതിയില്‍ കൊല്ലപ്പെട്ടിട്ടും മുന്‍കാല ദുരൂഹ മരണങ്ങള്‍ മറയ്ക്കുള്ളില്‍തന്നെ നില്‍ക്കുന്നു. ശാസ്ത്രിയുടെ മരണവും സുബ്രഹ്മണ്യത്തിന്റെ കൃഷിമന്ത്രി പ്രവേശവും കഴിഞ്ഞ ശേഷമാണ് അമേരിക്കന്‍ കൃഷിരീതി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അമേരിക്കന്‍ കൃഷിരീതി ഇന്ത്യയും സ്വീകരിക്കണമെന്ന് ശക്തമായി വാദിച്ച ചുരുക്കം ഇന്ത്യക്കാരില്‍ പ്രമുഖനായിരുന്നു മന്ത്രി സുബ്രഹ്മണ്യവും ഡോ. എം.എസ്. സ്വാമിനാഥനും. സ്വാമിനാഥന്‍ ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായതും അതിനു ശേഷമാണ് (1965). ഇതിനിടയില്‍ നടന്ന ഗുരുതരമായ ഗൂഢാലോചനകള്‍ 'ദ ഗ്രേറ്റ് ജീന്‍ റോബറി' എന്ന പേരില്‍ ക്ലോഡ് അല്‍വാരിസ് നേരത്തേ പുറത്തു കൊണ്ടുവന്നതാണ്. അന്നത് ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ കവര്‍ സ്റ്റോറിയായിരുന്നു. കട്ടക്കിലെ അരി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോ. ആര്‍.എച്ച്്. റിച്ചാരിയ എന്ന കാര്‍ഷിക ശാസ്ത്രജ്ഞന്‍ വികസിപ്പിച്ചെടുത്ത ആയിരക്കണക്കിന് പരമ്പരാഗത ഇന്ത്യന്‍ നെല്‍വിത്തിനങ്ങള്‍ എങ്ങനെ ഫിലിപ്പീന്‍സിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണകേന്ദ്രത്തിന്റെ കൈയിലെത്തി എന്നതിന്റെ വെളിപ്പെടുത്തലായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട്. ഡോ. സ്വാമിനാഥനും ഇന്ത്യയിലെ അമേരിക്കന്‍ അനുകൂല ശാസ്ത്ര, രാഷ്ട്രീയ ലോബിയും ചേര്‍ന്ന് റിച്ചാരിയ എന്ന മഹാനായ കാര്‍ഷിക ശാസ്ത്രജ്ഞനെ പുകച്ചു പറത്തു ചാടിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന്റെ കഥകള്‍ അന്ന് അനാവരണം ചെയ്യപ്പെട്ടു. ഇന്നുവരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ക്ക് സ്വാമിനാഥനോ ബന്ധപ്പെട്ട കേന്ദ്രങ്ങളോ മറുപടി പറഞ്ഞിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തെത്തിയ സ്വാമി നാഥന്‍, കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ശാസ്ത്ര ഉപദേഷ്ടാവും കൂടിയായിരുന്നു. ഇക്കാലത്താണ് ഇന്ത്യയിലെ പരമ്പരാഗത കൃഷിരീതികള്‍ വലിച്ചെറിഞ്ഞ് ഔദ്യോഗികമായി അമേരിക്കന്‍ നിയന്ത്രിത ഹരിത വിപ്ലവ കൃഷിരീതികള്‍ ഇന്ത്യയില്‍ നടപ്പാക്കിയത്. അങ്ങനെയാണ് സ്വാമിനാഥന്‍ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതൃവേഷധാരിയായത്. ഇതിനെ ചോദ്യം ചെയ്തവരെയെല്ലാം അന്നത്തെ ഇന്ത്യയിലെ അമേരിക്കന്‍ ലോബി പീഡിപ്പിക്കുകയും സ്ഥാനക്കയറ്റങ്ങളും പ്രോജക്ടുകളും നിഷേധിക്കുകയും ചെയ്തു. രണ്ടിലധികം കാര്‍ഷിക ശാസ്ത്രജ്ഞര്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യക്കുറിപ്പില്‍ സ്വാമിനാഥന്റെ പീഡനകഥകള്‍ എഴുതി വെച്ചിരുന്നു. പാര്‍ലമെന്റില്‍ അന്ന് ഏറെ ഒച്ചപ്പാടുണ്ടാക്കിയ പ്രശ്നം സുപ്രീംകോടതി വരെ എത്തുകയും ചെയ്തു. കേന്ദ്ര കൃഷിവകുപ്പ് സെക്രട്ടറി, കേന്ദ്ര മന്ത്രിസഭയുടെ ശാസ്ത്ര ഉപദേശക സമിതി ചെയര്‍മാന്‍, കേന്ദ്ര ആസൂത്രണകമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നീ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ട ഡോ. സ്വാമിനാഥന്‍ ഇന്ത്യന്‍ സര്‍ക്കാറിനെയും ശാസ്ത്രലോകത്തെയും ഞെട്ടിച്ചുകൊണ്ട് 1982ല്‍ മൂന്ന് പദവികളും രാജിവെച്ചു. ഉടനെ അദ്ദേഹം ഫിലിപ്പീന്‍സിലെത്തി അമേരിക്കന്‍ നിയന്ത്രിത അന്താരാഷ്ട്ര നെല്ലു ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. ഉന്നതവും തന്ത്രപ്രധാനവുമായ പദവികള്‍ വലിച്ചെറിഞ്ഞ് വിദേശത്തെ ഒരു ഗവേഷണ സ്ഥാപനത്തിന്റെ തലവനായി സ്വാമിനാഥന്‍ ചുമതലയേറ്റതെന്തിന്? ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ രഹസ്യങ്ങള്‍ പൂര്‍ണമായും അറിയുന്ന ഉന്നത തസ്തികയിലിരിക്കുന്ന ഒരാളെ വിദേശ സ്ഥാപനത്തിന്റെ തലവനാകാന്‍ ഇന്ത്യ എങ്ങനെ അനുവദിച്ചു? ഇന്ത്യന്‍ ആണവ രഹസ്യങ്ങള്‍ അറിയുന്ന ഒരാളെ ഇന്ത്യ ഇങ്ങനെ പുറത്തു പോയി ജോലി ചെയ്യാന്‍ അനുവദിക്കുമോ? വിദേശലാവണം തേടിപ്പോയ ഡോ. സ്വാമിനാഥന്‍ തിരിച്ചു വരുന്നതിനു മുമ്പുതന്നെ ഡോ. റിച്ചാരിയ വികസിപ്പിച്ചെടുത്ത പരമ്പരാഗത നെല്‍വിത്തുകളുടെ അമൂല്യ ജീന്‍ കലവറ ഫിലിപ്പീന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (IRRI) എത്തിയതെങ്ങനെ? ഇത്രയും അപകടകരവും ഭീമവുമായ ജീന്‍ കൊള്ളയില്‍ സ്വാമിനാഥനടക്കമുള്ള ശാസ്ത്രലോകത്തിന്റെ പങ്ക് എന്താണ്? ഇത് ആരെങ്കിലും അന്വേഷിക്കുകയോ, രഹസ്യങ്ങള്‍ പുറത്തു വരുകയോ ചെയ്യാതെ ഡോ. സ്വാമിനാഥന്‍ ഇപ്പോള്‍ എങ്ങനെയാണ് ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും കേന്ദ്ര ^സംസ്ഥാന സര്‍ക്കാറുകളുടെയും ഉപദേഷ്ടാവായത്? സ്വന്തം പേരില്‍ ഒരു ട്രസ്റ്റ് രൂപവത്കരിച്ച് ജൈവവൈവിധ്യ മേഖലയില്‍ ഗവേഷണവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നത്? ഇക്കാര്യത്തില്‍ അദ്ദേഹം എന്തെങ്കിലും കുമ്പസാരങ്ങള്‍ ആരോടെങ്കിലും നടത്തിയിട്ടുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. പിന്നെ എങ്ങനെ? അതെല്ലാം ഇന്ത്യയില്‍ നടക്കും. അതുതന്നെ മറുപടി.l