Tuesday, April 19, 2011

2 മുതല്‍ 80 വരെ സീറ്റ് കിട്ടുമെന്ന് സി.പി.എം

Published on Wed, 04/20/2011 - 00:03 ( 6 hours 19 min ago)

72 മുതല്‍ 80 വരെ സീറ്റ് കിട്ടുമെന്ന് സി.പി.എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്താനാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടാനാകുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. വി.എസ് ഫാക്ടര്‍ തെരഞ്ഞെടുപ്പില്‍ ചെലുത്തിയ സ്വാധീനം സംബന്ധിച്ച് അനുകൂലമോ പ്രതികൂലമോ ആയ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് വിവരം.
ഭരണം നിലനിര്‍ത്താന്‍ ഇടതു മുന്നണിക്ക് കഴിയും. സര്‍ക്കാറിന്റെ പ്രവര്‍ത്തന മികവും ഇടത് മുന്നണിയുടെ കെട്ടുറപ്പുമാണ് നേട്ടത്തിന് വഴിയൊരുക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി. നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതു മുന്നണിയെ എതിര്‍ത്ത വലിയൊരു വിഭാഗം ഇക്കുറി അനുകൂലമായി വോട്ട് ചെയ്തുവെന്നും സി.പി.എം വിലയിരുത്തി.
എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി എന്നിവയുടെ നിലപാടില്‍ മാറ്റംവന്നിട്ടില്ല. എന്‍.എസ്.എസ് സമദൂരമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അവര്‍ ചില മണ്ഡലങ്ങളില്‍ യു.ഡി.എഫിന് അനുകൂലമായി പ്രത്യേക താല്‍പര്യമെടുത്ത് പ്രവര്‍ത്തിച്ചു. ക്രൈസ്തവ വിഭാഗങ്ങള്‍ ഇടതിനോട് വലിയ എതിര്‍പ്പ് കാണിച്ചിട്ടില്ല. ഇടയലേഖനമടക്കം ഇടപെടലുകള്‍ ക്രൈസ്തവ സഭകളുടെ ഭാഗത്തുനിന്ന് വന്നില്ല. അതേസമയം സഭകളിലെ കടുത്ത കമ്യൂണിസ്റ്റ്് വിരുദ്ധര്‍ പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭരണ വിരുദ്ധ വികാരം ഉണ്ടായില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. ഭരണനേട്ടങ്ങള്‍ ഏറെ ഗുണം ചെയ്തു. യു.ഡി.എഫിലെ അനൈക്യവും ഇടതിന് അനുകൂലമായ ഘടകമാണ്. മുസ്‌ലിം ലീഗിന്റെ സ്വാധീന കേന്ദ്രങ്ങളില്‍ അവര്‍ക്ക് അനുകൂല സാഹചര്യമുണ്ടെന്നും പ്രാഥമിക വിലയിരുത്തലില്‍ പറയുന്നു.
തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ വന്‍ വിജയം ആവര്‍ത്തിക്കാനാകുമെന്ന വിലയിരുത്തലാണ് ജില്ലാ ഘടകങ്ങളില്‍ നിന്ന് ലഭിച്ചത്. 72 സീറ്റിലാണ് ഉറച്ച പ്രതീക്ഷയുള്ളത്. തൃശൂര്‍ വരെ 40 സീറ്റും അതിന് തെക്ക് 35 സീറ്റും കണക്കാക്കുന്നു. കടുത്ത മല്‍സരം നടക്കുന്ന ചില സീറ്റുകളില്‍ കൂടി വിജയിക്കാനാകും. കാസര്‍കോട് ജില്ലയില്‍ മൂന്ന് സീറ്റിലാണ് ഉറച്ച വിജയ പ്രതീക്ഷ. തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് എന്നിവയില്‍. മഞ്ചേശ്വരത്ത് കൂടി വിജയ പ്രതീക്ഷ പുലര്‍ത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ എന്നിവ ഉറപ്പില്ലാത്ത പട്ടികയിലാണ്. ബാക്കിയുള്ളവയില്‍ വിജയം ഉറപ്പാണ്. വയനാട് ജില്ലയില്‍ ഉറപ്പുള്ള മണ്ഡലങ്ങളൊന്നുമില്ല. മാനന്തവാടി, കല്‍പറ്റ എന്നിവിടങ്ങളില്‍ ചെറിയ പ്രതീക്ഷയുണ്ട്.
കോഴിക്കോട് ജില്ലയില്‍ വടകര, കോഴിക്കോട് നോര്‍ത്ത്് എന്നിവ ഉറച്ച പട്ടികയിലല്ല. എന്നാല്‍ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കൊയിലാണ്ടിയും ഉറച്ച പട്ടികയിലല്ല. മലപ്പുറം ജില്ലയില്‍ പൊന്നാനി, തവനൂര്‍ എന്നിവിടങ്ങളിലാണ് വിജയപ്രതീക്ഷ. പെരിന്തല്‍മണ്ണ, നിലമ്പൂര്‍, താനൂര്‍ എന്നിവിടങ്ങളിലും ചിലപ്പോള്‍ വിജയിക്കാം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സംശയമുള്ള പട്ടികയിലാണ്. പട്ടാമ്പി തീര്‍ത്ത് പറയാനാകില്ല. ചിറ്റൂരില്‍ ചിലപ്പോള്‍ ജയിച്ചേക്കാം. തൃശൂരില്‍ നാട്ടിക, ഗുരുവായൂര്‍, ചേലക്കര, കൈപ്പമംഗലം, പുതുക്കാട് എന്നിവയാണ് ഉറച്ച പട്ടികയില്‍. മണലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ ഒരു പക്ഷേ ജയിച്ചേക്കാം. ചാലക്കുടിയില്‍ ചെറിയ പ്രതീക്ഷയേയുള്ളൂ.
ഇടുക്കിയില്‍ എല്ലാ സീറ്റും കിട്ടിയേക്കും. പക്ഷേ ഉറപ്പില്ല. കോട്ടയത്ത് മൂന്ന് സീറ്റുകള്‍ ഉറപ്പാണ്. ഒന്നില്‍ കൂടി വിജയിക്കാം. കോട്ടയം, വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി എന്നിവയാണ് പട്ടികയില്‍. കടുത്തുരുത്തിയില്‍ നേരിയ പ്രതീക്ഷ വെക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ വൈപ്പിന്‍, പറവൂര്‍, അങ്കമാലി, കളമശേരി, തൃപ്പൂണിത്തുറ, കോതമംഗലം, പിറവം എന്നിവ പ്രതീക്ഷിക്കുന്നു. ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, മാവേലിക്കര എന്നിവ ഉറപ്പുള്ള കൂട്ടത്തിലാണ് എണ്ണുന്നത്. അരൂരും ചെങ്ങന്നൂരും നേരിയ സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ തിരുവല്ലയും റാന്നിയുമാണ് ഉറപ്പ്. കോന്നിയും വിജയിച്ചേക്കാം. കൊല്ലം ജില്ലയില്‍ പത്തനാപുരം, ചവറ, എന്നിവ സംശയത്തിലാണ്. ചാത്തന്നൂര്‍ ചിലപ്പോള്‍ കിട്ടിയേക്കാം. തിരുവനന്തപുരത്ത് കഴക്കൂട്ടം, കോവളം, ആറ്റിങ്ങല്‍, നേമം, ചിറയിന്‍കീഴ്, തിരുവനന്തപുരം എന്നിവയാണ് ഉറച്ച പട്ടികയില്‍. കാട്ടാക്കട, നെയ്യാറ്റിന്‍കര , പാറശ്ശാല എന്നിവയിലെ സ്ഥാനാര്‍ഥി നിര്‍ണയം വിമര്‍ശ വിധേയമായി.
വിശദമായ വിലയിരുത്തല്‍ സെക്രട്ടേറിയറ്റ് നടത്തിയില്ല. ഈസ്റ്റര്‍ കഴിഞ്ഞ് വീണ്ടും വിലയിരുത്തും. ജില്ലാ കമ്മിറ്റികള്‍ മണ്ഡലം കമ്മിറ്റികളുമായി കൂടുതല്‍ ചര്‍ച്ച നടത്തി കൃത്യമായ വിലയിരുത്തല്‍ നടത്താനും നിര്‍ദേശിച്ചു.


3 comments:

  1. 72 സീറ്റിന്റെ സാധ്യത തള്ളിക്കളയാനാവില്ല.

    ReplyDelete
  2. പാർട്ടി പക്വമായ വിലയിരുത്തലാണു നടത്തിയിരിക്കുന്നത്. പക്ഷെ അദൃഷ്ടങ്ങൾ ഫലത്തെ അട്ടിമറിക്കാനിടയുണ്ട്. അതിലൊന്നു സ്ത്രീവോട്ടറന്മാരുടെ പക്ഷപാതിത്തമാണു. അവർക്ക് പൊതുവേ പഥ്യമാകുന്നത് കോൺഗ്രസ്സിന്റെ പരിലാളന രാഷ്ട്രീയമാണു. തങ്ങളെ അമ്മച്ചി, അമ്മായി എന്നൊക്കെ പറഞ്ഞ് സമീപിക്കുന്ന കോൺഗ്രസ്സുകാരോട് വാത്സല്യം തോന്നി വോട്ട് ചെയ്യുന്നവരുണ്ട്. എന്നാൽ ഇത്തവണ വി.എസ് അതിലും വലിയ മുന്നേറ്റം നടത്തിയോ എന്നു സംശയിക്കണം. വി.എസ്സിന്റെ വാക്കുകൾ സ്ത്രീകൾക്ക് വിശ്വാസമാണു. പതിവില്ലാതെ ഇടത്തരക്കാരായ ഒരുപാട് സ്ത്രീകൾ വി.എസ്സിനു ചുറ്റും നിരക്കുന്ന കാഴ്ച നാം കണ്ടു. വേങ്ങരയിലായാലും കായംകുളത്തായാലും സ്ത്രീകൾ വി.എസ്സിനേകേൾക്കാൻ ഒഴുകിയെത്തി. സ്ത്രീയുടെ മാ‍നം സംരക്ഷിക്കാൻ അദ്ദേഹമാണു ഉത്തമെനെന്ന ഒരു വിശ്വാസം അവരിൽ കടന്നു കൂടിയോ എന്നു വിചാരിക്കണം. എങ്കിൽ എൽ.ഡി.എഫിനുണ്ടാകുന്ന വിജയം ഞെട്ടിക്കുന്നതായിരിക്കും. 100 സീറ്റിനു മുകളിൽ. മറ്റൊന്നുള്ളത് ഹിന്ദുവോട്ടുകളുടെ സമാഹരണമാണു. അതിനു മാപിനികൾ ഒന്നുമില്ല. മിഷനിലെ റിസൾട്ട് ബട്ടൺ ഞെക്കുമ്പോഴറിയാം. പക്ഷെ ചില അന്തർധാരകൾ കണ്ടില്ലെന്നു നടിച്ചു കൂടാ. കോൺഗ്രസ്സിന്റെ കൃസ്ത്യൻ പക്ഷപാതിത്തവും( മറ്റു മാർഗ്ഗമില്ലാഞ്ഞിട്ടാണെന്നത് വേറെ കാര്യം) മാണിസാറിന്റെ ആക്രാന്തവും ഹിന്ദുക്കളുടെ മനസിൽ ഉണർത്തിയ വിചാരം എന്താണെന്നറിയില്ല. എന്തായാലും അവർ ബി.ജെ.പിക്ക് വോട്ട് നൽകി പാഴാക്കുമെന്നു വിചാരിക്കാനാവില്ല. കാരണം, ബി.ജെ.പി കുയിലിനേപ്പോലെയാണെന്നു എല്ലാവർക്കുമറിയാം. ഓരോതവണയും മുട്ടയിടുന്നതിനു മുൻപ് കുയിൽ വിചാരിക്കും ഇത്തവണ സ്വന്തമായി ഒരു കൂടൊക്കെയുണ്ടാക്കി അതിൽ മുട്ടയിടണമെന്നു. പക്ഷെ സമയമാകുമ്പോൾ പറന്നു ചെന്നു കാക്കക്കൂട്ടിൽ തന്നെ മുട്ടയിടും. ഈ തെരെഞ്ഞെടുപ്പിലും അവർ അത് ചെയ്തെന്നു ഊഹിക്കണം. അല്ലാതെ അടുത്ത 5 കൊല്ലം ജീവിക്കാൻ അവർക്കെന്താ വഴി? അപ്പോൾ ഹിന്ദു വോട്ടറന്മാർ മുഷിഞ്ഞ് വല്ലതും ചെയ്തുപോയിട്ടുണ്ടെങ്കിൽ അതിന്റെ ഗുണം കിട്ടുന്നത് എൽ.ഡി.എഫിനായിരിക്കും.സ്ത്രീയും ഹിന്ദു വോട്ടും രണ്ടും ഒരുപോലെ സംഭവിച്ചാൽ കേരളചരിത്രത്തിലെ അട്ടിമറി വിജയമായിരിക്കും ഇടതുമുന്നണിക്ക് കിട്ടാൻ പോകുന്നത്. 110-124 സീറ്റുകൾ. ഇതൊന്നുമല്ല രാഷ്ട്രീയ വോട്ടിങ്ങാണു നടന്നിട്ടുള്ളതെങ്കിൽ യു.ഡി.എഫിനു ആത്മവിശ്വാസത്തോടെ ഇരിക്കാം. 80-85 സീറ്റുകൾ അവർക്ക് ലഭിക്കും. ഈ വോട്ടുകൾ കോൺഗ്രസ്സ് അതിന്റെ എല്ലാവിധ കഴിവുകളും ഉപയൊഗിച്ചു ശാക്തീകരിച്ചതാകും. ജാതി, മതം, ബി.ജെ.പി തുടങ്ങി. ഇത്തവണ കൂറ്റി അധികാരത്തിനു പുറത്തു നിന്നാൽ മാണിസാറിനേപ്പോലുള്ളവർ പുറപ്പെട്ടു പോയേക്കാം. പിന്നെ കോൺഗ്രസ്സിനു മൊത്തമായി മുരളിയെ/ആന്റണിയേ/സുധീരനേ/ജോൺസൺ എബ്രഹാമിനെ ഒക്കെ ആശ്രയിക്കേണ്ടി വരും. അതാരാണു ആഗ്രഹിക്കുക?

    ReplyDelete