Tuesday, April 19, 2011

ക്യൂബ സ്വകാര്യ സ്വത്ത് അനുവദിച്ചു


ക്യൂബ സ്വകാര്യ സ്വത്ത് അനുവദിച്ചു
ഫിദല്‍ കാസ്‌ട്രോയും റൗള്‍ കാസ്‌ട്രോയും

ഹവാന: സ്വകാര്യ സ്വത്തിന് ക്യൂബന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരം. പൊതു ജനങ്ങള്‍ക്ക് വീടും സ്ഥലവും വില്‍ക്കാനും വാങ്ങാനും അനുമതി നല്‍കുന്നതാണ് ക്യൂബയുടെ തീരുമാനം. 1959 ലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ആദ്യമായാണ് ക്യൂബ സ്വകാര്യ സ്വത്തിന് അനുമതി നല്‍കുന്നത്.

വീടുകള്‍ അനന്തരാവകാശികള്‍ക്ക് കൈമാറ്റം ചെയ്യാനോ പകരം വെച്ചുമാറോനോ മാത്രമാണ് ഇതുവരെ ക്യൂബയില്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ അനുമതിയുടെ മറവില്‍ സ്വത്ത് കുന്നുകൂട്ടാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ പറഞ്ഞു. 14 വര്‍ഷത്തിനു ശേഷം ചേര്‍ന്ന ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് ആണ് സ്വകാര്യ സ്വത്ത് സംബന്ധിച്ച ഈ തീരുമാനമെടുത്തിരിക്കുന്നത്. തുടര്‍ച്ചയായ പത്തു വര്‍ഷത്തില്‍ കൂടുതല്‍ ഉന്നത രാഷ്ട്രീയ പദവി അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് തീരുമാനിച്ചു.

ശക്തമായ സ്വയം വിമര്‍ശനത്തിലൂടെ പുതിയ അവസ്ഥകള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ക്യൂബ പ്രസിഡണ്ട് റൗള്‍ കാസ്‌ട്രോ പറഞ്ഞു. പഴയ കമ്മ്യൂണിസത്തിന്റെ തെറ്റുകള്‍ തിരുത്താനും ഇന്നത്തെ കമ്മ്യൂണിസത്തിന്റെ ശരിയായ നടത്തിപ്പിനും പുതുതലമുറയെ ആവശ്യമുണ്ടെന്നും കാസ്‌ട്രോ വ്യക്തമാക്കി.

കഴിഞ്ഞ 50 വര്‍ഷമായി രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്യൂബയില്‍ സ്വകാര്യ സ്വത്ത് അനുവദിച്ചിരുന്നില്ല. ക്യൂബ മുന്‍പ്രസിഡണ്ടും കമ്മ്യൂണിസ്റ്റ് ക്യൂബ സ്ഥാപകനുമായ ഫിദല്‍ കാസ്‌ട്രോ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നില്ല.

No comments:

Post a Comment