
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച എന്‍ഡോസള്‍ഫാന്‍ പഠനത്തിന് ഏറെ കാലതാമസമെടുക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ദേശീയ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ഈ പഠന റിപ്പോര്‍ട്ട് വരുന്നതു വരെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രാലയവും കമീഷന് മുമ്പാകെ വ്യക്തമാക്കി.
അതേസമയം, സ്‌റ്റോക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് വനം പരിസ്ഥിതി മന്ത്രാലയം ദേശീയ മനുഷ്യാവകാശ കമീഷനെ അറിയിച്ചുവെങ്കിലും ആ നിലപാട് എന്താണെന്ന് പരസ്യപ്പെടുത്താന്‍ കമീഷന്‍ തയാറായില്ല. രാജ്യാന്തര തലത്തില്‍ സ്വീകരിക്കുന്ന നിലപാട് പരസ്യപ്പെടുത്താന്‍ അധികാരമില്ലെന്ന് കമീഷന്‍ വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ നിരോധം ഉള്‍പ്പെടെ തങ്ങള്‍ സമര്‍പ്പിച്ച ശിപാര്‍ശകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്ത് നിലപാട് സ്വീകരിച്ചുവെന്ന് അറിയാനാണ് ചൊവ്വാഴ്ച മൂന്നു മണിക്ക് കമീഷന്‍ അവലോകന യോഗം വിളിച്ചത്. ദേശീയ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ വിളിച്ച യോഗത്തില്‍ ഐ.സി.എം.ആറിനെ പ്രതിനിധാനം ചെയ്ത് ഡയറക്ടര്‍ ജനറല്‍ ഡോ. വിശ്വമോഹന്‍ കടോച്, കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് വനം പരിസ്ഥിതി ജോയന്റ് സെക്രട്ടറി, കേന്ദ്ര കൃഷി സെക്രട്ടറി, കേന്ദ്ര ആരോഗ്യ അഡീഷനല്‍ സെക്രട്ടറി, കേരളത്തെ പ്രതിനിധാനം ചെയ്ത് ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.
എന്‍ഡോസള്‍ഫാന്‍ സൃഷ്ടിച്ച ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനം ഏറെ നീണ്ടുനില്‍ക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. വിശ്വമോഹന്‍ കടോച് കമീഷനെ അറിയിച്ചു. പഠനം തുടങ്ങുന്നത് സംബന്ധിച്ച പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസമെടുക്കും. ഏതൊക്കെ സംസ്ഥാനങ്ങളിലും സ്ഥലങ്ങളിലും പഠനം നടത്തണമെന്നും ഏതൊക്കെ ഇനങ്ങളെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇനിയും തീരുമാനിച്ചിട്ടില്ല. കാസര്‍കോട് മേഖലയില്‍ അംഗവൈകല്യം സംഭവിച്ചവരുടെയും രോഗികളായവരുടെയും വിവരങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ സഹായത്തോടെ ശേഖരിച്ച് ഒരു പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ടെന്നും അത് ഉടന്‍ സമര്‍പ്പിക്കാമെന്നും കടോച് പറഞ്ഞു. അംഗവൈകല്യത്തിന്റെയും മാരകരോഗങ്ങളുടെയും കാരണം കണ്ടെത്തണമെങ്കില്‍ തെരഞ്ഞെടുക്കുന്ന മുഴുവന്‍ പ്രദേശങ്ങളിലും പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ച സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി കെ.എസ്. ശ്രീനിവാസ് അംഗവൈകല്യം ബാധിച്ചവരുടെ പെന്‍ഷന്‍ തുക കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഉയര്‍ത്തിയെന്ന് അറിയിച്ചു. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും 342 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതില്‍ ആശുപത്രി നവീകരണമടക്കമുള്ള ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്ക് ചോദിച്ച 66 കോടി രൂപ ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന കാര്യം ആലോചിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുഭാവപൂര്‍വം പ്രതികരിച്ചു. അതേസമയം, സംസ്ഥാനത്തിന്റെ പരിധിയില്‍പെടുന്ന വിഷയത്തില്‍ കേന്ദ്രത്തോട് തുക ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കൈമലര്‍ത്തിയ കമീഷന്‍ പാക്കേജ് നടപ്പാക്കാന്‍ കേരളത്തോടും നിരോധം അടക്കമുള്ള മറ്റു ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങളോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
No comments:
Post a Comment