Friday, December 30, 2011

അമേരിക്കയില്‍ ബാങ്കുകള്‍ ജപ്തിചെയ്ത വീടുകള്‍ കയ്യേറാന്‍ പുതിയസമരമുറ


                                             സമരക്കാര്‍ കയ്യേറിയ മോണിക്കയുടെ വീട്



 അമേരിക്കയിലെ ഭവനരഹിതരെ മുന്നില്‍ നിര്‍ത്തി ഒക്യുപൈ വാള്‍സ്ട്രീറ്റ്

പ്രക്ഷോഭകര്‍ പുതിയ സമരമാര്‍ഗം തുറക്കുന്നു. അടവുതെറ്റിയതിന്റെ പേരില്‍

ബാങ്കുകള്‍ ജപ്തി ചെയ്ത വീടുകള്‍ കയ്യേറാനാണ് പുതിയ നീക്കം. ഇങ്ങിനെ

പല ഭാഗങ്ങളിലായി നിരവധി വീടുകള്‍ പ്രക്ഷോഭകര്‍ കയ്യേറിക്കഴിഞ്ഞു.

2008 മുതല്‍ അനുഭവപ്പെടുന്ന സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും

കാരണം നിരവധി അമേരിക്കക്കാര്‍ക്ക് സ്വന്തം വീടുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. 

ഏതാണ്ട് ഏഴു ലക്ഷം വീടുകള്‍ ഇപ്പോള്‍ അമേരിക്കയിലെ വിവിധ

ബങ്കുകുളുടെ കയ്യിലാണ്. ഇവിടങ്ങളില്‍ ആള്‍താമസമില്ല. ഈ

സാഹചര്യത്തിലാണ് ഒക്യുപൈ ഹോം എന്ന സമരമുറയുമായി ഇവര്‍

രംഗത്തു വന്നിരിക്കുന്നത്. പുതിയ വര്‍ഷത്തില്‍ ലക്ഷക്കണക്കിനു വീടുകള്‍

പുതിയതായി ബാങ്കുകള്‍ ഏറ്റെടുക്കാന്‍ പോവുകയാണ്. ഏതാണ്ട് 20

നഗരങ്ങളിലാണ് പുതിയ സമരമുറ ആരംഭിക്കുന്നത്. കാല്‍ലക്ഷത്തോളം

പേര്‍ക്ക് വീടുകള്‍ നഷ്ടമായ മിനൊസോട്ടയില്‍ ഒരുവീട് ഇവര്‍ കയ്യേറിയതിന്റെ

വാര്‍ത്ത കഴിഞ്ഞ ആഴ്ച അല്‍ജസീറയുടെ ഒരു ബ്ളോഗില്‍

പ്രസിദ്ധീകരിച്ചിരുന്നു. മോണിക്ക വൈറ്റ് എന്ന സ്ത്രീയുടെ വീട് ജപ്തി

ചെയ്യാനുള്ള നീക്കം തടഞ്ഞ സമരക്കാര്‍ ഇപ്പോള്‍ ഈ ഇരു നില വീടിന് കാവല്‍

കിടക്കുന്നു. മുകളിലത്തെ നിലയില്‍ മോണിക്കയും കുടുംബവും. താഴെ

സമരക്കാരും. നവംബറില്‍ വീട് ജപ്തിചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.

എന്നാല്‍ അപ്പോള്‍ തന്നെ വിവിധ വാര്‍ത്താ മാധ്യമങ്ങളെയും ചാനലുകളെയും

ക്യാമറക്കാരെയും വിവരമറിയിച്ച സമരക്കാര്‍ ജപ്തി നടപടി തടയാന്‍

ശ്രമിച്ചു. ക്യാമറക്കാരുടെ മുമ്പില്‍ ഒരുബലപ്രയോഗത്തിനൊരുങ്ങാതെ

ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. ഇനിയെന്തായിരിക്കും ബാങ്കുകാരുടെ

നടപടിയെന്നറിയാതെ കാത്തിരിപ്പിലാണ് മോണിക്കയും സമരക്കാരായ

സുഹൃത്തുക്കളും. അമേരിക്കയില്‍ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍

പ്രകോപനപരമായ നടപടിയുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് പ്രക്ഷോഭകര്‍.

No comments:

Post a Comment