Thursday, December 29, 2011

ദാരിദ്യ്രം: അമ്മമാര്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നു


കുഞ്ഞുങ്ങള്‍ പള്ളിക്കാര്‍ സൌജന്യമായി നല്‍കിയ ഭക്ഷണവുമായി


ദാരിദ്യ്രവും തൊഴിലില്ലായ്മയും കടുത്തതോടെ ഗ്രീസിലെ ദരിദ്രകുടുംബങ്ങള്‍

മക്കളെ ഉപേക്ഷിക്കുന്നു. ലോകം കോടികളുടെ ആയുധങ്ങള്‍

വാങ്ങിക്കൂട്ടുമ്പോള്‍ അമ്മമാര്‍ സ്വന്തം കുഞ്ഞുങ്ങളെ തെരുവിലോ ആശുപത്രി

ഗേറ്റുകളിലോ പള്ളികളിലോ ചവറ്റു കൂനകളിലോ ഉപേക്ഷിക്കുന്നു.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തല ക്ഷേമപ്രവര്‍ത്തനങ്ങള്‍

വെട്ടിക്കുറക്കുകയും ശമ്പളം 60 ശതമാനം വരെയും പെന്‍ഷന്‍ 20 ശതമാനം

വരെയും വെട്ടിക്കുറക്കുന്ന സാഹചര്യത്തില്‍ മക്കളെ പോറ്റാന്‍

ഒരുഗതിയുമില്ലാതായവരാണ് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത്. ഗ്രീസിലെ ഒരു

തുറമുഖ നഗരമായ പാട്രാസിലെ ദിമിത്രി ഗാസ്പരിനാറ്റോയും (42) ഭാര്യ

ക്രിസ്റ്റീനയും(37) ചേര്‍ന്ന് പത്തില്‍ നാലു മക്കളെയെങ്കിലും ഏറ്റെടുക്കണമെന്ന് 

നഗരപിതാവിനോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ലോകമാധ്യമങ്ങളുടെ

മുഖ്യചര്‍ച്ചാ വിഷയമായത്. മൂന്ന് ആണ്‍മക്കളെയും ഒരു മകളെയും

ഏറ്റെടുക്കണമെന്നാണ് ആ്വശ്യം. ബാക്കി ആറുമക്കളെ (മൂന്ന് ആണും മൂന്ന്

പെണ്ണും) നേരാംവണ്ണം നോക്കാന്‍ ഇതല്ലാതെ മറ്റു വഴിയില്ലെന്നും രക്ഷിതാക്കള്‍

പറയുന്നു.



കുഞ്ഞുങ്ങളെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ദിമിത്രി ഗാസ്പരിനാറ്റോ


സാമ്പത്തിക തകര്‍ച്ചയിലും കടക്കെണിയിലും പെട്ടുപോയ ഗ്രീസിന്

സാമ്പത്തിക സഹായം നല്‍കാന്‍ യൂറോപ്യന്‍ യൂനിയനും ഐ.എം.എഫും

സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമ്മതത്തിന്റെ മറവില്‍ ജനക്ഷേമ

പ്രവൃത്തികള്‍ വെട്ടിച്ചുരുക്കാന്‍ ഗ്രീസിനെ കൊണ്ട് അവര്‍ സമ്മതിപ്പിച്ചു.

ഏതന്‍സില്‍ മാത്രം 30000 സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 60 ശതമാനം

വെട്ടിച്ചുരുക്കമെന്ന് നോട്ടീസ് നല്‍കിയിരിക്കയാണ്. അതേസമയം കാര്‍ മുതല്‍

സിഗരറ്റ് വരെയുള്ള സാധനങ്ങള്‍ അടക്കം എല്ലാറ്റിനും നികുതി

വര്‍ധിപ്പിക്കുകയും ചെയ്തു. നേരത്തെ ലോണെടുത്ത് വീടുവാങ്ങിയവരും

വീടുണ്ടാക്കിയവരുമായ 20000 പേരെങ്കിലും ലോണടക്കാനാവാതെ

കുടിയിറക്കപ്പെട്ടിരിക്കയാണ്. ഈ ദുരവസ്ഥ ജനങ്ങളില്‍ മദ്യപാനം,

മയക്കുമരുന്നുപയോഗം, മനോരോഗം എന്നിവ സൃഷ്ടിച്ചിരിക്കയാണെന്നും

റിപ്പോര്‍ട്ടുണ്ട്. പുതുവര്‍ഷം ഗ്രീസുകാരുടെ ജീവിതം അതീവ ദുസ്സഹമാകാന്‍

പോകയാണ്. മക്കളെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ എണ്ണം വരും

ദിനങ്ങളില്‍ ഗണ്യമായി വര്‍ധിക്കുമെന്നാണ് സൂചന. കുട്ടികളെ

ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയില്‍ നിന്ന് കുടുംബ ആത്മഹത്യകളിലേക്ക്

പ്രശ്നം വഷളാകാനുള്ള സാധ്യതയുമുണ്ട്.

ഇതാ പുതുവര്‍ഷം ആസന്നം. നമ്മുടെ മുന്നിലെ ഭീകരവും ദാരുണവുമായ

യാഥാര്‍സഥ്യങ്ങള്‍ ഇവയൊക്കെയാണ്. ഇവയെ ലോകം എങ്ങിനെ

മറികടക്കുമെന്ന് നമുക്കാര്‍ക്കും പറയാനാവില്ല.

No comments:

Post a Comment