Wednesday, December 14, 2011

മുല്ലപ്പെരിയാര്‍: തോല്‍ക്കാനാവാത്ത സമരം






മുല്ലപ്പെരിയാര്‍: തോല്‍ക്കാനാവാത്ത സമരം

രണ്ടടി മുന്നോട്ട്, ഒരടി പിന്നോട്ട്, വീണ്ടും രണ്ടടി മുന്നോട്ട്.....
സമരങ്ങള്‍ സ്വാഭാവികമായും ഇങ്ങിനെതന്നെയാണ് മുന്നോട്ട് പോവുക. എല്ലാ

സമരങ്ങളും പെട്ടെന്ന് തന്നെ സമ്പൂര്‍ണ വിജയത്തിലെത്തണം എന്ന്

വാദിക്കുന്നത് സമരത്തെ കുറിച്ച് ധാരണയില്ലാത്തവരാണ്.

മുല്ലപ്പെരിയാര്‍ സമരം തുടങ്ങിയത് അത്തരമൊരപകടത്തിന് ഇരകളാവുന്ന

ജനതയാണ്. ഈ സമരം തുടരണമോ നിറുത്തണമോ എന്ന് തീരുമാനിക്കേണ്ടതും

അവര്‍ തന്നെ.   ആറുകൊല്ലത്തിലധികമായി അവര്‍ സമരം ഗാന്ധിയന്‍

രീതിയില്‍ തന്നെ തുടരുന്നു. അവര്‍ക്കിത് രാഷ്ട്രീയ മത്സരമല്ല, ജീവന്‍മരണ

പോരാട്ടമാണ്.  അവര്‍ക്കതില്‍ നിന്ന് പിന്നാക്കം പോകാനാവില്ല. പിന്നാക്കം

പോകണമെങ്കില്‍ ഏതുനിമിഷവും സംഭവിക്കാവുന്ന ആ മഹാദുരന്തം

ഉണ്ടാവില്ലെന്ന് ഉറപ്പാക്കാനാവണം. മരണവും മഹാനാശവും

തൊട്ടുമുന്നിലില്ലെന്ന് അവര്‍ക്ക് സ്വയം ബോധ്യമാകണം. അതുവരെ ഈ സമരം

നിര്‍ത്താനവര്‍ക്കാവില്ല. സമാധാനത്തോടെ കിടന്നുറങ്ങാനുമാവില്ല. അതിനാല്‍

അവര്‍ സമരത്തില്‍ തുടരുക തന്നെ ചെയ്യും.

രാഷ്ട്രീയക്കാര്‍ ഈ സമരത്തില്‍ വന്നുകയറിവരാണ്. അവരാണ് ഈ സമരത്തെ

തകര്‍ക്കാന്‍ ശ്രമിച്ചവരും. യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ ഡാം കയ്യേറ്റ

സമരം ഈ സമരത്തെ തകര്‍ക്കാനുള്ള ഗുഢാലോചനയായി മാത്രമെ

കാണാനാവൂ. അതിനവര്‍ക്ക് ഉപദേശം നല്‍കിയവര്‍ ആര് എന്നും

എന്തിനുവേണ്ടിയായിരുന്നു എന്നും അറിയേണ്ട കാര്യമാണ്. അതിനു

ശേഷമാണ് തമിഴ്നാടിന് ആക്രമമാര്‍ഗം സ്വീകരിക്കാന്‍ അവസരം കിട്ടിയത്.

ഈ അവസരം ഉണ്ടാക്കി കൊടുത്തതിന് ജയലളിത യൂത്ത് കോണ്‍ഗ്രസുകാരോട്

നന്ദിയുള്ളവരായിരിക്കും. സമരത്തെ തോല്‍പിക്കാനാവുന്നില്ലെങ്കില്‍

സമരത്തിന്റെ കൂടെ കൂടി നിര്‍ണായക ഘട്ടത്തില്‍ പാലം വലിക്കുക എന്നത്

ഏറെ കാലമായി നാം കാണുന്നതാണ്. കേരളത്തിലും പുറത്തുമെല്ലാം.

ഇതറിയുന്നവര്‍ തന്നെയാണ് മുല്ലപ്പെരിയാറില്‍ ആറു വര്‍ഷത്തിലധികമായി

സമരം തുടരുന്നത്. അതിനാല്‍ ഈ സമരം ആരുടെയെങ്കിലും ചതിയില്‍

വീണുപോകുമെന്ന ആശങ്ക എനിക്കില്ല.

ഹൈകോടതിയില്‍ എ.ജിയുടെ കളികളും സുപ്രീം കോടതിയില്‍

അഭിഭാഷകനെത്താന്‍ കഴിയാതിരുന്നതും ബന്ധപ്പെട്ട മന്ത്രി അഭിപ്രായങ്ങള്‍

മാറിമാറിപ്പറയുന്നതുമെല്ലാം നമ്മുടെ മുന്നിലുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം

അനുകൂലമാക്കി നിര്‍ത്താന്‍ തമിഴ്നാട് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കും

ഉദ്യോഗസ്ഥര്‍ക്കും ഇതിനകം കോടികള്‍ ചെലവാക്കിയിട്ടുണ്ടെന്ന് സമരസമിതി

നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത് ആരൊക്കെയെന്ന അന്വേഷണം ഇപ്പോള്‍

അവരോ നമ്മളോ നടത്തേണ്ടതല്ല. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ തന്നെയാണ്

നീങ്ങുക.

പ്രധാനമന്ത്രി ഉറപ്പുനല്‍കി എന്നു പറയുന്നവര്‍ക്ക് ആ ഉറപ്പെന്താണെന്നു

പറയാന്‍ ബാധ്യതയുണ്ട്. അതവര്‍ പറയുന്നില്ല. അതവര്‍ക്ക് പറയാന്‍

കഴിയില്ല എന്നു തന്നെ കരുതണം. സമരം നിര്‍ത്തിയെന്ന് കെ.പി.സി.സി

അധ്യക്ഷന്‍ പ്രഖ്യാപിക്കുമ്പോള്‍ അവരുടെ സംഘടനയില്‍ പെട്ടവര്‍ നിരാഹാര

സമരം നടത്തിവരികയായിരുന്നു. അവരോടോ സമരക്കാരോടോ ഒരു

കൂടിയാലോചന നടത്താന്‍ പോലും തോന്നാത്ത രാഷ്ട്രീയക്കാരന്റെ അഹന്ത

നമുക്ക് ചിന്തിക്കാവുന്നതേയുള്ളു.

പ്രധാനമന്ത്രി പറഞ്ഞതായി ഉമ്മന്‍ചാണ്ടി പറയുന്നത് പ്രശ്നപരിഹാരത്തിന്

അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കിത്തരണമെന്നാണ്. ശരിയാകാം.

അതിന് സമരമാര്‍ഗത്തില്‍ നിന്ന് , രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വൈകാരിക

ഇടപെടലുകളില്‍ നിന്ന് മാറി നില്‍ക്കുന്നത് യഥാര്‍ഥ സമരത്തെ

സംബന്ധിച്ചിടത്തോളം നല്ലതാണെന്നു വേണം കരുതാന്‍. രാഷ്ട്രീയക്കാര്‍

അവരുടെ രീതിയില്‍ നീങ്ങട്ടെ. ഒരുരാജ്യത്തെ പ്രധാന മന്ത്രിയല്ലേ! ഒരവസരം

അദ്ദേഹത്തിനും കൊടുക്കുക. രാഷ്ട്രീയക്കാര്‍ സമരം നിര്‍ത്തി അവരുടെ

രീതിയില്‍ കാര്യങ്ങള്‍ നോക്കട്ടെ. എന്നാല്‍ നാട്ടുകാരുടെ സമരം,

ആറുകൊലത്തിലധികമായി തുടരുന്ന സമരം ഒരുകാരണവശാലും ഇപ്പോള്‍

നിര്‍ത്തരുത്. അത് തുടരുകതന്നെ വേണം. ചാനല്‍ചര്‍ച്ചകളില്‍ വീണ് പിച്ചും

പേയും പറയുന്നവരെ സൂക്ഷിക്കുക.

2 comments:

  1. മുല്ലപ്പെരിയാര്‍ -ഈ ചോദ്യങ്ങള്‍ കാണാതിരിക്കരുത്.
    1 .സുപ്രിം കോടതിയേയും ഉന്നതാധികാരസമിതിയെയും ഒഴിവാക്കി ഒരു പ്രശ്നപരിഹാരം സാധ്യമല്ല.എന്നാല്‍ നമുക്ക് അവര്‍ക്ക് മുന്നില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
    2 .കോടതിക്ക് മുന്നിലുള്ള ഒരു പ്രശ്നത്തിലാണ് നമ്മുടെ മന്ത്രിമാരും ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും കാടടപ്പന്‍ മുറവിളി നടത്തിയത്.
    3 .ഇടുക്കി ഭൂകമ്പ സാധ്യത പ്രദേശമാണ്.മുല്ലപ്പെരിയാറും ഇടുക്കിയും തുടങ്ങി ഡസന്‍ കണക്കിന് അണക്കെട്ടുകള്‍ അവിടെയുണ്ട്.മുല്ലപ്പെരിയാരിന്രെ സുരക്ഷ മാത്രം ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനെ നിലനിര്തുകയില്ല.കേരളത്തിലെ വന്‍കിട അണക്കെട്ടുകളുടെ ഉറപ്പു അടിയന്തിരമായി പഠനവിധേയമാക്കണം.
    4 .മുല്ലപെരിയാര്‍ അപകടം,ഉടന്‍ പുതിയ അണക്കെട്ട് എന്ന വാദം എത്രമാത്രം യുക്തിഭദ്രം? വന്‍കിട അണക്കെട്ടുകള്‍ ഇനി ഇടുക്കിക്ക് താങ്ങാന്‍ കഴിയുമോ?
    5 .കേരളത്തെ തീറ്റി പോറ്റുന്നവര്‍ ആണ് അപരിഷ്കൃതരായ തമിഴന്മാര്‍.നമുക്ക് വെള്ളത്തിന്റെ വിലയോ അധ്വാനത്തിന്റെ മഹത്വമോ അറിയില്ല.അവരെ പ്രകോപിതാരാകി അന്നം മുട്ടിക്കുവാന്‍ നമ്മുടെ രാഷ്ട്രീയക്കാരെ ഇനിയും അനുവദിക്കണമോ?

    ReplyDelete
  2. താങ്കളുടെ പ്രതികരണത്തെ മാനിക്കുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കോടതികളെ ബോധ്യപ്പെടുത്തുന്നതില്‍ പണ്ടും ഇന്നും നമ്മുടെ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. താങ്കളുടെ വാദം അംഗീകരിക്കുന്നു. കേരളത്തിലെ വന്‍കിട അണക്കെട്ടുകളുടെ സുരക്ഷ പഠനവിധേയമാക്കണമെന്ന അഭിപ്രായവും അംഗീകരിക്കുന്നു. ഭൂകമ്പമേഖലയായതിനാല്‍ മുല്ലപ്പെരിയാര്‍ ഡാം പൊളിക്കണമെന്നു പറയുന്നവര്‍ അടുത്ത വാക്കില്‍ മുല്ലപ്പെരിയാറില്‍ പുതിയ വലിയ ഡാം പണിയാന്‍ അനുവദിക്കണമെന്നും പറയുന്നതിലെ ഔചിത്യം ചോദ്യചെയ്യപ്പെടേണ്ടതു തന്നെയാണ്. പ്രത്യേകിച്ചും അണക്കെട്ടുകള്‍ തന്നെ ഭൂകമ്പത്തിന് കാരണമാണെന്ന പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും ലഭ്യമായിരിക്കെ പുതിയ ഡാം എന്ന ആവശ്യം തലതിരിഞ്ഞതാണ്. വിയോജിക്കുന്ന ഒരുകാര്യം തമിഴന്‍മാര്‍ ഭക്ഷണം തന്നില്ലെങ്കില്‍ മലയാളി പട്ടിണികിടക്കേണ്ടി വരുമെന്ന അഭിപ്രായത്തോടു മാത്രം. തമിഴന്‍ തന്നില്ലെങ്കില്‍ കര്‍ണാടകക്കാരനും മഹാരാഷ്ട്രക്കാരനുമെല്ലാം ഭക്ഷണം വില്‍ക്കാന്‍ തയാറാകും. കാരണം അതൊരു കച്ചവടക്കാര്യം മാത്രമാണ്. മലയാളിക്ക് വില്‍ക്കേണ്ട എന്ന് വിചാരിച്ചാല്‍ പെട്ടെന്ന് നശിക്കുന്ന പച്ചക്കറിയും പൂവും മുട്ടയും ഇറച്ചിയുമൊന്നും അവര്‍ക്ക് അതികകാലം സൂക്ഷിക്കാനാവില്ല. അത് അവരുടെ തകര്‍ച്ചയിലേക്കാകും നയിക്കുക.

    ReplyDelete