Monday, December 19, 2011

സമരക്കാരിയെ പട്ടാളം വസ്ത്രാക്ഷേപം ചെയ്തു. ജനം തെരുവിലിറങ്ങി





ആക്ടിവിസ്റ്റും ഇീജിപ്തിലെ മുല്ലപ്പൂ വിപ്ളവത്തിലെ പങ്കാളിയുമായ

യുവതിയെ പട്ടാളക്കാര്‍ തെരുവില്‍ വലിച്ചിഴക്കുകയും വസ്ത്രാക്ഷേപം

ചെയ്യുകയും വയറ്റിലും ശിരസ്സിലും തൊഴിക്കുകയും ചെയ്യുന്നതിന്റെ

വീഡിയോ ചിത്രങ്ങള്‍ യൂട്യൂബിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും

മൊബൈല്‍ ഫോണുകള്‍ വഴിയും പ്രചരിച്ചതോടെ ഈജിപ്തില്‍ ജനം

അക്ഷരാര്‍ഥത്തില്‍ തെരുവിലിറങ്ങിയിരിക്കയാണ്. കഴിഞ്ഞ വെള്ളിയാഴ്

തുടങ്ങിയ ഏറ്റുമുട്ടല്‍ ചൊവ്വാഴ്ചയും തുടരുന്നു. ഇന്ന് കാലത്തു തന്നെ

തെഹരീര്‍ ചത്വരത്തിലിറങ്ങിയ പട്ടാളവും പൊലീസും സമരക്കാര്‍ക്കു  നേരെ

വെടിവെക്കുകയും അടിച്ചോടിക്കുകയുമാണ്. കണ്ണില്‍ കണ്ടവരെയെല്ലാം

ലാത്തികൊണ്ടടിച്ചും വെള്ളം സ്പ്രേ ചെയ്തും ചത്വരത്തില്‍ നിന്ന്

അകറ്റാനുള്ള ശ്രമത്തിലാണ് പട്ടാളം.

ചിത്രത്തില്‍ കാണുന്നത് ആക്ടിവിസ്റ്റും വിദ്യാര്‍ഥിനിയുമായ യുവതിയെ

പട്ടാളക്കാര്‍ വസ്ത്രാക്ഷേപം ചെയ്ത ശേഷം മര്‍ദ്ദിക്കുന്നതാണ്. സാധാരണ

മുസ്ലിം യുവതിയെ പോലെ കറുത്ത മാന്യമായ വസ്ത്രം ധരിച്ച യുവതിയെ

ആക്രമിക്കാന്‍ പട്ടാളക്കാര്‍ ഓടിയടുക്കുന്നതു കണ്ടപ്പോള്‍ അവര്‍ ഓടി

രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്. എന്നാല്‍ പട്ടാളക്കാരുടെ ശക്തിക്കുമുമ്പില്‍ അവര്‍

തോറ്റു. യുവതിയെ വലിച്ചിഴച്ച് തെരുവില്‍ വീണപ്പോള്‍ ബുര്‍ഖ അഴിച്ചു

മാറ്റുകയും അവരുടെ അടിവസ്ത്രവും വയറും കാണാവുന്ന തരത്തില്‍

അര്‍ധനഗ്നയാക്കിയ ശേഷം വയറ്റിനും നെഞ്ചിനും തലയ്ക്കും തൊഴിക്കുകയും

ചെയ്തു. വീണുകിടന്ന യുവതിയെ അവര്‍ ലാത്തികൊണ്ട് അടിച്ചു.

യുവതിയുടെ സഹപ്രവര്‍ത്തകര്‍ സംഘടിതരായി കല്ലെറിഞ്ഞ് പട്ടാളക്കാരെ

ഓടിച്ച ശേഷമാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഈ സംഭവത്തിന്റെ വീഡിയോ ചിത്രങ്ങളാണ് പെട്ടെന്ന് പ്രചരിച്ചത്. തുടര്‍ന്ന്

ജനം തെരുവിലിറങ്ങുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ

പ്രക്ഷോഭം ഇപ്പോഴും തുടരുന്നു. ഇതിനകം 14 പേര്‍ കൊല്ലപ്പെട്ടു.

ഇരുനൂറിലധികം പേരെ പരിക്കുകളോടെ ആശുപത്രികളില്‍

പ്രവേശിപ്പിച്ചിരക്കയാണ്. നൂറുകണക്കിനാളുകളെ പട്ടാളം പിടികൂടിയിട്ടുണ്ട്.

164 പേരെ റിമാന്‍ഡ് ചെയ്തതായി പട്ടാള വക്താവ് കഴിഞ്ഞ ദിവസം

വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് പ്രമുഖ ബ്ളോഗറും പ്രക്ഷോഭ സമരങ്ങളില്‍ മുന്നണി

പോരാളിയുമായിരുന്ന മിഖായേല്‍ നബീലിനെ പട്ടാള കോടതി രണ്ടു

വര്‍ഷത്തെ തടവു ശിക്ഷക്കു വിധിച്ചത്. നബീല്‍ അന്നു തന്നെ ജയിലില്‍

നിരാഹാര സമരം തുടങ്ങി. ഇതിനെതിരെ കുത്തിയിരിപ്പു സമരം നടത്തിയ

നാല്‍പതോളം സമരക്കാരെ ഭക്ഷണത്തില്‍  വിഷം കലര്‍ത്തി കൊല്ലാനുള്ള

ശ്രമവും നടന്നു. സമരത്തിന്റെ മുന്‍നിരയിലുള്ള നിരവധി യുവതികളെ

പട്ടാളം അറസ്റ്റു ചെയ്യുകയും ലൈംഗികമായി പീഢിപ്പിക്കുയും

ചെയ്തതിന്റെ വിവരങ്ങള്‍ ബ്ളോഗില്‍ പ്രസിദ്ധീകരിച്ചതിനാണ് നബീലിനെ

അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും.

ഇജിപ്തിലെ സമരക്കാര്‍ക്കെതിരെ, പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരെ പട്ടാളം

കാട്ടുന്ന ക്രൂരമായ അതിക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയും

അമേരിക്കയും മറ്റു മനുഷ്യാവകാശ സംഘടനകളും രംഗത്തു

വന്നിരിക്കയാണ്. 

No comments:

Post a Comment