Sunday, November 27, 2011

പാക്ക്സൈനികരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു







നാറ്റോ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പാക്ക് സൈനികരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. പാക്കിസ്താനില്‍ അമേരിക്കന്‍ സേനയുടെ ഇടപെടലുകള്‍ക്കും ആക്രമണങ്ങള്‍ക്കുംതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. പാക്കിസ്താനിലെ തെഹരീഖി ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ അതിനിശിതമായാണ് നാറ്റോ ബന്ധത്തെ വിമര്‍ശിച്ചത്. അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ നിന്ന് പാക്കിസ്താന്‍ ഉടന്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തെ ഭ്രാന്തും അധാര്‍മികവുമെന്നാണ് ഇമ്രാന്‍ വിശേഷിപ്പിച്ചത്. നാറ്റോയുമായുള്ള സഹകരണം കൂടുതല്‍ തീവ്രവാദം വളരുന്നതിനും നാശത്തിനുമാണ് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ അതിര്‍ത്തികള്‍ അടച്ചതിനാല്‍ 300 ല്‍ അധികം വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്തിയിട്ടിരിക്കയാണ്. നാറ്റോ സൈന്യത്തിനുള്ള സാധനങ്ങളാണ് ഈ വാഹനങ്ങളില്‍. വാഹനങ്ങള്‍ പാക്കിസ്താനികള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന പേടിയിലാണ് ഡ്രൈവര്‍മാര്‍. മുന്‍ പത്തുദിവസത്തോളം വാഹനങ്ങള്‍ തടഞ്ഞിട്ടപ്പോള്‍ നൂറോളം വാഹനങ്ങള്‍ തകള്‍ക്കപ്പെട്ടിരുന്നു.
പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനി, അമേരിക്കന്‍ വിദേശകാര്യ മന്ത്രി ഹിലരിക്ലിന്റനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചു. സംഭവത്തില്‍ പാക്കിസ്താന്റെ കടുത്ത രോഷം അവര്‍ അമേരിക്കയെ ധരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ പാക്കിസ്താന്റെ സൈനികരുടെ താവളത്തിന്റെ ഭാഗത്തുനിന്ന് നാറ്റൊ സേനക്കുനേരെ
ആക്രമണമുണ്ടായതിനാലാണ് തിരിച്ചടിയുണ്ടായതെന്ന് അഫ്ഗാനിസ്താനിലെ നാറ്റോ സൈനികര്‍ പറഞ്ഞതായി 'ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിനു ശേഷം പ്രദേശത്തു നിന്ന് നിരവധി തീവ്രവാദികളെ പിടികൂടാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. 

No comments:

Post a Comment