Thursday, June 16, 2011

സൌഹൃദം, ഒരു കയ്യിലെ പത്ത് വിരലുകളാണ്

'Good relations
are like needles of a clock,
They only meet for some time
but always stay connected.'

അവളുടെ കുറിപ്പുകള്‍ ചിലപ്പോള്‍ ഇങ്ങിനെയാണ്.
യുക്തിസഹമെന്ന് തോന്നുമ്പോഴും
അത് അയുക്തി നിറഞ്ഞതാകും.
ശരിയാണ്.
എപ്പോഴും കാണുന്നില്ലെങ്കിലും
അടുത്തുതന്നെയുണ്ട് എന്ന തോന്നല്‍
നല്ല ബന്ധങ്ങളുടെ അടിത്തറ തന്നെയാണ്.
പക്ഷെ, ഒരു ആത്മമൈത്രിയെ
ഒരു യന്ത്രത്തോടുപമിക്കുമ്പോള്‍
അതിലെന്തോ ഒരു ശരികേടുള്ളത് പോലെ.
യുക്തിയനുസരിച്ച് കാര്യം ശരിതന്നെ.
പ്രണയത്തേക്കാള്‍ ആത്മാവുനിറഞ്ഞ ഒരു സൌഹൃദത്തെ
ഇങ്ങിനെ ഒരു ഘടികാര സൂചിയായി തിരിച്ചറിയുന്നതെങ്ങിനെ?
സൌഹൃദം, ഒരു കയ്യിലെ പത്ത് വിരലുകളാണ്.
ഹൃദയമിടിപ്പിന്റെ താളവും താളക്കേടുകളും
ദൂരെ നിന്നേ അറിയലാണ്.
ഒരു സ്പര്‍ശമോ, ഒരുമ്മയോ ഒരുയാത്രയോ അല്ല.
സൌഹൃദം പരസ്പരം അറിയാനാവാത്ത ചില അടുപ്പങ്ങളാണ്.
പ്രണയം നേരെ മറിച്ചാണ്.
പ്രണയത്തില്‍ ചില തോന്നലുകള്‍ മാത്രം.
ഭാവനയില്‍ നിറയുന്ന ചിത്രങ്ങള്‍ മാത്രം.
സൌഹൃദം പ്രണയത്തേക്കാള്‍ ഉന്നതമൂല്യങ്ങളുള്ളതാണ്.
അതില്‍ മാനസികമായ അടിമത്തമില്ല.
ശരിയാണ്. എല്ലാം ശരിയാണ്.
പ്രണയം ഭ്രാന്തമാണ്.
സൌഹൃദം ഭ്രാന്തമല്ല,
ഒരുകാട്ടരുവിയുടെ കളകളാരവമാണ്,
അതിന്റെ ഒഴുക്കാണ്.
അതിന്റെ കുളിരും കുളിര്‍കാറ്റുമാണ്.
കാട്ടരുവിയില്‍ നിന്ന് പൊങ്ങി വരുന്ന
കറുത്ത കുഞ്ഞിപ്പുള്ളികളുള്ള
വെളുത്ത ചെറിയ ശലഭങ്ങളാണ്.
അവയുടെ ഘോഷയാത്രയാണ്.
ഒരു സെന്‍ ചിത്രത്തിലെ സ്വപ്നം കാണുന്ന പച്ചപ്പാണ്.

1 comment: