Saturday, May 7, 2011

രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ തള്ളിയവര്‍ക്കു വേണ്ടി പോരാടും: ബിനായക്

Published on Sat, 05/07/2011 - 23:31 ( 10 hours 46 min ago)

ന്യൂദല്‍ഹി: തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഛത്തിസ്ഗഡിലെ കീഴ്‌കോടതി നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്‍. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ജാമ്യം ലഭിച്ച ശേഷം ആദ്യമായി ദല്‍ഹിയില്‍ എത്തിയതായിരുന്നു സെന്‍.
മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഛത്തിസ്ഗഡ് സെഷന്‍സ് കോടതി കഴിഞ്ഞ ഡിസംബറിലാണ് സെന്നിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മാവോയിസ്റ്റുകളോട് അനുഭാവമുണ്ടെന്നു കരുതി ഒരാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ വകുപ്പില്ലെന്ന് ഏപ്രില്‍ 15ന് സുപ്രീം കോടതി വിധിച്ചതോടെയാണ് സെന്‍ പുറത്തു വന്നത്.
കീഴ്‌കോടതി മുമ്പാകെ രേഖപ്പെടുത്തിയ തെളിവുകളും പുറപ്പെടുവിച്ച വിധിയും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് സെന്‍ പറഞ്ഞു. 100 ഓളം സാക്ഷികളെയാണ് കേസില്‍ വസ്തരിച്ചത്. അവരെ ക്രോസ് വിസ്താരവും നടത്തി. അക്കാര്യങ്ങള്‍ കോടതിയില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിധിപ്പകര്‍പ്പില്‍ ഇതുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശം പോലും ഉണ്ടായില്ല. എനിക്കു മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി തടങ്കലില്‍ പാര്‍പ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം-സെന്‍ പറഞ്ഞു.
താന്‍ മാത്രമല്ല രാജ്യത്തെ വിവിധ ജയിലുകളില്‍ തെളിവില്ലാതെ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി കഴിയുന്ന നിരവധി പേരാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു തെളിവും ഇല്ലാതെയാണ് ഇവരില്‍ പലര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. ഛത്തിസ്ഗഡില്‍ പോലും നിരവധി പൗരാവകാശ പ്രവര്‍ത്തകരാണ് ഇതുപോലെ തടങ്കലില്‍ കഴിയുന്നതെന്ന് സെന്‍ ആരോപിച്ചു.


1 comment: