Saturday, May 7, 2011

എന്‍ഡോസള്‍ഫാനു പകരം പുളിയുറുമ്പ്


എന്‍ഡോസള്‍ഫാനു പകരം പുളിയുറുമ്പ്










കണ്ണൂര്‍: പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ തേയിലക്കൊതുകിനെതിരെ പ്രയോഗിച്ച് ദുരന്തം വിതച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് പ്രകൃതിദത്ത ബദലായി പുളിയുറുമ്പുകളെ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) കണ്ടെത്തി. ഐ.സി.എ.ആറിനു കീഴിലുള്ള കാസര്‍കോട് സി.പി.സി.ആര്‍.ഐയുടെ അനുബന്ധസ്ഥാപനമായി കര്‍ണാടക പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ തോട്ടത്തിലാണ് ഇതിനുള്ള വിജയകരമായ പരീക്ഷണം നടക്കുന്നത്.
കശുമാവിനെ ബാധിക്കുന്ന 60 കീടങ്ങളില്‍ പ്രധാന ഇനമാണ് തേയിലക്കൊതുക്. ഇതിനെ കൊല്ലാനായിരുന്നു കാസര്‍കോട് പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. കാസര്‍കോട് പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ദുരന്തം മനസ്സിലാക്കിയ പുത്തൂരിലെ എന്‍.ആര്‍.സി.സി ഈ കീടനാശിനി ഒഴിവാക്കാന്‍ ദേശവ്യാപകമായി നിര്‍ദേശം നല്‍കിയിരുന്നു. ബദലിനായി ഗവേഷണവും തുടങ്ങി.
എന്‍.ആര്‍.സി.സി നടത്തിയ പരീക്ഷണങ്ങളില്‍ തേയിലക്കൊതുകിനെ പ്രതിരോധിക്കാന്‍ പ്രകൃതിദത്ത മാര്‍ഗം പുളിയുറുമ്പുകളാണെന്ന് കണ്ടെത്തി. തളിര്‍ക്കുകയും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്ന മൂന്നു ഘട്ടങ്ങളിലാണ് കീടങ്ങളുടെ ആക്രമണമുണ്ടാവുക. തോട്ടങ്ങളില്‍ പൊതുവെ കാണുന്ന ചുവന്ന പുളിയുറുമ്പുകളുടെ വംശവര്‍ധനയിലൂടെ തേയിലക്കൊതുകിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയത്. കശുമാവില്‍നിന്ന് ഉണങ്ങിവീഴുന്ന കമ്പുകളും കരിയിലകളും കൂട്ടിയിട്ട് മുകളില്‍ നേരിയ തോതില്‍ മണ്ണു പാകി പുകയിടുന്നതാണ് കീടപ്രതിരോധത്തിന് പരീക്ഷിച്ച് വിജയംകണ്ട മറ്റൊരു രീതി. മൂന്നു ഘട്ടങ്ങളില്‍ ഇങ്ങനെ പുകക്കുന്നതിലൂടെ തേയിലക്കൊതുകിനെ പൂര്‍ണമായി അകറ്റാന്‍ കഴിയും.
ജനീവ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് ബദല്‍ കണ്ടെത്താന്‍ കാലയളവ് ആവശ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.


No comments:

Post a Comment