Thursday, May 5, 2011

സി.കെ അബ്ദുല്‍അസീസ് പി.ഡി.പി വിട്ടു





















പി.ഡി.പി മുന്‍ സംസ്ഥാനജനറല്‍ സെക്രട്ടറിയും നയരൂപീകരണ സമിതി ചെയര്‍മാനുമായിരുന്ന സി.കെ അബ്ദുല്‍ അസീസ് പി.ഡി.പിയില്‍ നിന്ന് രാജി വെച്ചു. കഴിഞ്ഞ മാര്‍ച്ച് 13 ന് പാര്‍ട്ടിയിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും രാജി വെച്ച് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി മുസ്ലിം ലീഗ് അനുകൂല നിലപാടെടുത്തപ്പോള്‍ അതിനെതിരെ അബ്ദുല്‍ അസീസ് മലപ്പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇടത്പക്ഷ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ പിന്നീട് ചെയര്‍മാന്‍ ' മനസ്സാക്ഷി' വോട്ടാണ് പ്രഖ്യാപിച്ചത്.
നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കേവലം അഭിപ്രായങ്ങള്‍ തമ്മിലുള്ള വ്യത്യാസമല്ലെന്നും ജനാധിപത്യ രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള മൌലികമായി വ്യത്യസ്തമായ രണ്ട്തരം ആശയങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യമാണെന്നും ബോധ്യപ്പെട്ടതിനാലാണ് പി.ഡി.പിയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും അബ്ദുല്‍ അസീസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
പുരോഗമനപരമായ ആശയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കണമെങ്കില്‍ പ്രവര്‍ത്തന രീതികളും പുരോഗമനപരമായിരിക്കണം. എങ്കില്‍ മാത്രമേ ആശയത്തിന് ഭൌതിക ശക്തിയായി വളരാനും ജനങ്ങളുടെ മുന്നേറ്റത്തിന് പ്രേരകഘടകമായി തീരാനും സാധിക്കുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടിയുടെ തെറ്റായ പ്രവര്‍ത്തന രീതികള്‍ ആശയത്തെ അപ്രസക്തമാക്കും വിധത്തില്‍ മേല്‍ക്കൈ നേടിയിരിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇത് തിരുത്താനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട പാര്‍ട്ടിയുടെ ഉന്നത ഘടകങ്ങള്‍ നിര്‍ജീവമാണ് എന്നും പ്രസ്താവനയില്‍ പറയുന്നു.

No comments:

Post a Comment