Sunday, May 15, 2011

പ്രണയം ചോര്‍ന്ന സൌഹൃദങ്ങള്‍




















അതെ, മൂഡ്.
താല്‍പര്യം എന്ന് അര്‍ഥമോ സാരമോ പറയാം.
മൂഡില്ല. താല്‍പര്യമില്ല.
എനിക്കൊന്നിനും ഒരു മൂഡില്ല.
ഒരാള്‍ക്ക് ഒരാളോട് സംസാരിക്കാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞാലെന്താണ് അര്‍ഥം.
അതും ആത്മമിത്രം പറയുമ്പോള്‍, മനസിലാക്കേണ്ട അര്‍ഥങ്ങള്‍ പലതാണ്.
ഒരുനേരത്തെ അനുഭവത്തില്‍ നിന്ന് ഒരാളെ അളന്നെടുക്കാന്‍ കഴിയില്ല എന്നത് ശരി.
ഒരുപാട് നേരത്തെ ഒരുപാടനുഭവങ്ങളില്‍ നിന്ന് ഒരാളെ,
ഒരാളുടെ ഭാവത്തെ, മൂഡിനെ , താല്‍പര്യത്തെ വായിച്ചെടുക്കാനാവും.
അത് തെറ്റാനുള്ള സാധ്യത കുറച്ചുമായിരിക്കും.

ചിലപ്പോള്‍ ചില ജീവിതങ്ങള്‍ അങ്ങിനെയാണ്.

ഇതാ, അപ്രതീക്ഷിതമായി അവളുടെ കോള്‍.
അവള്‍ ആത്മമിത്രം.
എന്റെ നാവിനൊരിക്കലും വഴങ്ങാത്തവള്‍- ഴ
ഇപ്പോള്‍ ഇങ്ങോട്ടൊന്നും പറയേണ്ട. ഞാന്‍ പറയുന്നതെല്ലാം കേട്ടാല്‍ മതി.
അവള്‍ക്ക് പറയേണ്ടതെല്ലാം അവള്‍ പറഞ്ഞു.
ഞാന്‍ കേട്ടു.
തൊണ്ടവരെ എത്തിയ ഒരുകരച്ചില്‍ നെഞ്ചിലേക്ക് അമര്‍ത്തുമ്പോള്‍,
ഇനിയൊരിക്കലും കേള്‍ക്കില്ലെന്ന് കരുതിയ ശബ്ദം.

അതെ, ചിലപ്പോള്‍ ചില ജീവിതങ്ങള്‍ അങ്ങിനെയാണ്.
ജീവിതാവസ്ഥകള്‍ അങ്ങിനെയാണ്.

അത് ഒരു വിശദീകരണമാണ്.

പ്രണയം ചോര്‍ന്നു പോയ ഒരു ബന്ധം,
ചോര വാര്‍ന്നു പോയ ഒരു ശരീരം.
അത് ശവമാണ്. അഥവാ ശവം പോലൊന്ന്.
എല്ലാ വിശദീകരണങ്ങള്‍ക്കുമപ്പുറത്താണ് ആ യാഥാര്‍ഥ്യം.
ഇല്ല, ഇല്ല എന്ന് നാം എത്ര തവണ വിശദീകരിക്കുമ്പോഴും,
ആ യാഥാര്‍ഥ്യം നമ്മെ കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കും.
അവള്‍ ഒരിക്കല്‍ പറഞ്ഞു: നിന്നെ വിളിക്കാന്‍ ഒരവസരം കിടിയാല്‍ ഞാന്‍ വിളിക്കാതിരിക്കുമോ?
ഒരാഴ്ച കഴിയും മുമ്പെ അവളത് തിരുത്തി: വിളിക്കാനും വേണ്ടെ ഒരു തോന്നല്‍.

അതെ, അവസരം മാത്രം പോര, തോന്നുകയും വേണം.
തോന്നിയാലും പോര, പറയാന്‍ വല്ലതും ഉണ്ടാകണം,
ഉണ്ടായാല്‍ മാത്രം പോര, അത് അയാളോട് പറയേണ്ടതാണെന്ന് തോന്നണം....
ഇങ്ങിനെ ഒരുപാട് ഘടകങ്ങള്‍ നമുക്ക് കാരണമായി വിശദീകരിക്കാനാകും.
എന്നാല്‍...
ഒരാത്മമിത്രത്തിന് ഇത്രയൊന്നും വിശദീകരണങ്ങള്‍ പറയേണ്ടി വരില്ല.
അത് ആത്മ മൈത്രിയാണെങ്കില്‍.
അങ്ങിനെയാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.
അത് തെറ്റാകാനും ഇടയില്ല.

ആദ്യം പറഞ്ഞത് തന്നെ, ചോര വാര്‍ന്നു പോയ ശരീരത്തില്‍ ജീവനില്ലാത്തത് പോലെ.
പ്രണയം ചോര്‍ന്നു പോയ ബന്ധത്തില്‍ അത്മാവും മൈത്രിയും ഉണ്ടാവില്ല.
അവശേഷിക്കില്ല.
എപ്പോഴാണ് ഒരാള്‍ മനുഷ്യനോ മൃഗമോ ആകുന്നത്?
ഒരു തിരിച്ചറിവിന്റെ ആഴത്തിലുള്ള മരതക ദ്വീപിലാണ് ആ തിരിച്ചറിവെന്ന് ഞാന്‍ കരുതുന്നു.
ആ തരിച്ചറിവ് സാധ്യമാകുമ്പോള്‍ മാത്രമാണ് ഒരാള്‍ മറ്റൊരാളുടെ ആത്മമിത്രമാകുന്നത്.
ആത്മമിത്രം എന്ന വാക്കിന്റെ കടലോളം ആഴവും പരപ്പുമുള്ള അര്‍ഥം മനസിലാക്കുമ്പോള്‍ മാത്രമേ,
അപരനോട് സംസാരിക്കാന്‍ മൂഡ് ഉണ്ടാകൂ.
മൂഡ് എന്നത് ബാഹ്യമായ കാരണമല്ല.
അകത്ത്തന്നെയുള്ള കാരണമാണ്.
അത് തിരുത്തേണ്ടതും അകത്തുതന്നെ.

3 comments:

  1. എന്നില്‍ ഉള്ളത് എന്താണോ അത് അവളില്‍ ഉണ്ടെങ്കില്‍ ആ ഒന്നുമായാണ് എന്റെ അടുപ്പം. അല്ലെങ്കില്‍ ആ ഒന്നിലെക്കാന് ഞാന്‍ നോക്കുക. ആ ഒന്നിനെയാണ് ഞാന്‍ പ്രണയിക്കുക. അതവിടെ ഇല്ലെങ്കില്‍ അവള്‍ കിളിയൊഴിഞ്ഞ കൂട് തന്നെ. പിന്നെ എനിക്കെന്തിന് ആ ഇടം. അതുകൊണ്ട് എനിക്കവിടേക്ക് ചിറകടിക്കേണ്ടതില്ല. ഞാനീ നരച്ച ആകാശത്തിനു ചുവട്ടില്‍ ചിറകടിച്ചു കൊണ്ടിരിക്കും. മഴക്കാറില്‍ മൂടി പോകുമ്പോഴും, മഴയത്ത് നില്‍ക്കുമ്പോഴും ഞാന്‍ ഒന്നും അറിയുന്നുണ്ടാവില്ല. അപ്പോള്‍ ഏതൊരു വികാരവും കുടത്തില്‍ ജലമെന്ന പോലെ എന്നിലൂടെ ഒഴുകി പോകും...

    ReplyDelete
  2. വളരെ യുക്തിപൂര്‍വ്വമായ കാഴ്ചപ്പാടുകള്‍ .സംസ്കരണം ഭവിച്ച ചിന്തകള്‍ ..
    അഭിനന്ദനങ്ങള്‍

    ReplyDelete