Thursday, May 26, 2011

വാക്‌സിനേഷനെ തുടര്‍ന്നുള്ള ശിശുമരണ നിരക്ക് കുത്തനെ ഉയരുന്നു











വാക്‌സിനേഷനെ തുടര്‍ന്നുള്ള ശിശുമരണ നിരക്ക് കുത്തനെ ഉയരുന്നു

മലപ്പുറം: വാക്‌സിനേഷനെ തുടര്‍ന്നുള്ള ശിശുമരണ നിരക്ക് കുത്തനെ ഉയരുന്നു.അതേസമയം, ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ അജ്ഞത നടിക്കുകയാണ്. 2008 ജനുവരിയില്‍ ഇന്ത്യയില്‍ പൊതുമേഖലയിലെ മൂന്ന് വാക്‌സിന്‍ നിര്‍മാണ ലാബുകളും അടച്ചിട്ടതിനെ തുടര്‍ന്ന് സ്വകാര്യ ലാബുകളെ ആശ്രയിക്കാന്‍ തുടങ്ങിയത് മുതലാണ് മരണ നിരക്ക് കുത്തനെ ഉയരാന്‍ തുടങ്ങിയതെന്ന് ആരോഗ്യ വകുപ്പിന്റെ രേഖകള്‍ വെളിപ്പെടുത്തുന്നു. ഐ.എം.എയുടെ മുന്‍ ദേശീയ പ്രവര്‍ത്തക സമിതിയംഗം കൂടിയായ ഡോ. കെ.വി. ബാബുവിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടികളിലാണ് മരണനിരക്ക് കുത്തനെ ഉയര്‍ന്ന വിവരമുള്ളത്. മാര്‍ച്ച് മൂന്നിന് ദേശീയ ഇമ്യൂണൈസേഷന്‍ ഡയറക്ടര്‍ അനുരാധ വേമരി നല്‍കിയ മറുപടിയില്‍ 2008 ല്‍ വാക്‌സിനേഷനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ 111 കുട്ടികള്‍ മരിച്ചതായി വ്യക്തമാക്കുന്നു. 2009ല്‍ ഇത് 116 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 2010ല്‍ മരണസംഖ്യ 128 ആയി ഉയര്‍ന്നിട്ടുണ്ട്. 2002 മുതല്‍ 2007 വരെ യഥാക്രമം ഓരോ കൊല്ലവുമുണ്ടായ മരണസംഖ്യ 6, 13, 23,18, 54, 32 എന്നിങ്ങനെയായിരുന്നു. അഡ്‌വേഴ്‌സ് ഇഫക്ട് ആഫ്റ്റര്‍ ഇമ്യുണൈസേഷന്‍ (എ.ഇ.എഫ്.ഐ) എന്ന പേരിലാണ് ആരോഗ്യവകുപ്പ് ഈ മരണങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതൊരു പൊതു സംജ്ഞയാണ്. ഗുണനിലവാരം കുറഞ്ഞ വാക്‌സിന്‍ ഉപയോഗം, ശീതീകരണ സംവിധാനം തകരാറിലായാലുണ്ടാകുന്ന കോള്‍ഡ് ചേയിന്‍ ബ്രേക്ക്, മലിനമായ വാക്‌സിന്‍, വാക്‌സിന്‍ എടുക്കുന്ന സമയത്തെ കുട്ടികളുടെ ആരോഗ്യസ്ഥിതി എന്നിവയെല്ലാമടങ്ങുന്നതാണ് ഈ സംജ്ഞ. എന്നാല്‍, വാക്‌സിന്‍ മരണങ്ങളുടെ യഥാര്‍ഥ കാരണങ്ങളെ കുറിച്ച് ഗൗരവമായ പഠനങ്ങള്‍ നടക്കുന്നില്ല. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിയത് കൊണ്ടാണെന്ന ലളിതമായ കാരണം പറഞ്ഞ് രക്ഷപ്പെടുകയാണ് ആരോഗ്യവകുപ്പ്. 2010ലെ 128 മരണത്തില്‍ 78 മരണത്തിന്റെ കാരണം അജ്ഞാതമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാക്‌സിന്‍ നല്‍കിയത് യാദൃച്ഛികമായി, മരിക്കുന്നതിന് മുമ്പെയായി എന്നത് 'കോഇന്‍സിഡന്റല്‍' എന്ന പേരിലാണ് കൊടുത്തിരിക്കുന്നത്. 48 കുട്ടികളാണ് ഇങ്ങനെ മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇഞ്ചക്ഷന്‍ റിയാക്ഷന്‍ മൂലം രണ്ട് കുട്ടികളും വാക്‌സിന്‍ റിയാക്ഷന്‍ മൂലം നാല് കുട്ടികളും മരിച്ചതായി രേഖയില്‍ പറയുന്നുണ്ട്. എന്നാല്‍, ഇക്കൊല്ലം മധ്യപ്രദേശ്, ലക്‌നോ എന്നിവിടങ്ങളിലായി വാക്‌സിന്‍ കൊടുത്തയുടന്‍ മരിച്ച എട്ട് കുട്ടികളെ ഈ കണക്കുകളിലൊന്നും ഉള്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് തയാറായിട്ടില്ല. 2008 ജനുവരിയിലാണ് ഇന്ത്യയിലെ പൊതുമേഖലാ വാക്‌സിന്‍ നിര്‍മാണ ലാബുകളായ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്-കസോളി, ബി.സി.ജി ലാബ്-ചെന്നൈ, പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് -കൂനൂര്‍ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചിടാന്‍ ഉത്തരവായത്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഇവിടങ്ങളിലില്ല എന്ന കാരണം പറഞ്ഞായിരുന്നു ഇത്. തുടര്‍ന്ന് ഇന്ത്യയില്‍ ഓരോ വര്‍ഷവും ജനിക്കുന്ന രണ്ടര കോടിയോളം കുട്ടികള്‍ക്ക് ആവശ്യമായ 50 കോടിയോളം ഡോസ് വാക്‌സിനുകള്‍ക്ക് സ്വകാര്യ മരുന്ന് കമ്പനികളെ ആശ്രയിക്കേണ്ടി വന്നു. വന്‍ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2010 ഫെബ്രുവരിയിലാണ് ഇവ വീണ്ടും തുറന്നത്. എന്നാല്‍, ഇവിടങ്ങളില്‍ മുന്‍ കാലത്തെന്ന പോലെ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നില്ല. ഉല്‍പാദിപ്പിക്കുന്നവയില്‍ തന്നെ ഭൂരിപക്ഷവും ഗുണനിലവാര പരിശോധനയില്‍ തള്ളപ്പെടുകയാണ്. 2010-2011 വര്‍ഷം കേന്ദ്ര ആരോഗ്യ വകുപ്പ് സംഭരിച്ച 1012.7 ലക്ഷം ഡോസ് ടെറ്റനസ് വാക്‌സിനില്‍ പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സംഭാവന കേവലം 5.5 ലക്ഷം ഡോസ് മാത്രമായിരുന്നു.953.32 ലക്ഷം ഡോസ് ഡി.പി.ടിയില്‍ 70.34 ലക്ഷം ഡോസ് മാത്രമായിരുന്നു സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സംഭാവന. ബാക്കിയെല്ലാം സ്വകാര്യ മേഖലയില്‍നിന്നാണ് ഇപ്പോള്‍ സംഭരിക്കുന്നത്. ഈ വര്‍ഷം പൂര്‍ണമായും സ്വകാര്യ മേഖലയെ ആശ്രയിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കമെന്നും സൂചനയുണ്ട്.

madhyamam daily

2 comments:

  1. instead of high lighting the abosolute number please compare the mortality rate. that will be more scientific. more over compare it for the last 5 years

    dr.suresh sk

    ReplyDelete