Wednesday, May 25, 2011

എന്‍ഡോസള്‍ഫാന്‍: ഇടക്കാല റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം

Published on Thu, 05/26/2011 - 07:22 ( 4 hours 8 min ago)

എന്‍ഡോസള്‍ഫാന്‍: ഇടക്കാല റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്താനും പരിഹാരം കണ്ടെത്താനും ദല്‍ഹിയില്‍നിന്നെത്തിയ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) സംഘം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുപ്പ് നടത്തി. എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്കുള്ള പരിഹാരനടപടികള്‍ രണ്ടുമാസത്തിനകം എടുക്കുമെന്ന് സംഘത്തലവന്‍ ഡോ. വിശ്വമോഹന്‍ കട്ടോച്ച് പറഞ്ഞു. ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചക്കുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് കട്ടോച്ച് പറഞ്ഞു. രണ്ടുമാസം കഴിഞ്ഞ ഉടനെ ജൂലൈ അവസാനം വീണ്ടും കാസര്‍കോട് സന്ദര്‍ശിച്ച് അനന്തര നടപടികള്‍ സ്വീകരിക്കും. എന്‍ഡോസള്‍ഫാന്‍ ബാധിച്ച ജില്ലയിലെ ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റും. എന്‍ഡോസള്‍ഫാന്‍ ബാധിച്ച പ്രദേശമെന്ന കളങ്കം ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും.
എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ നിര്‍ത്തിയതിനുശേഷം ഈ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി കട്ടോച്ച് പറഞ്ഞു. അംഗവൈകല്യം, ബുദ്ധിമാന്ദ്യം തുടങ്ങിയവ ബാധിച്ച കുട്ടികളുടെ ജനനം കുറഞ്ഞുവരുന്നു. രോഗം ബാധിച്ച വ്യത്യസ്ത പ്രായക്കാരുടെ വിവരങ്ങള്‍ പ്രത്യേകമായി എടുത്ത് ആഴത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട്. എന്‍ഡോസള്‍ഫാന്‍ മൂലമല്ലെന്ന് കണക്കാക്കുന്ന മറ്റു രോഗങ്ങളുടെ കാരണങ്ങളെക്കുറിച്ചും പഠനം ആവശ്യമാണ്. എന്നാല്‍, രോഗം ബാധിച്ചവരുടെ കുടുംബത്തിലെ സ്വകാര്യത നഷ്ടപ്പെടാതെതന്നെ അവരുടെ രോഗകാരണങ്ങള്‍ കണ്ടെത്തും.
ജനങ്ങളെ പേടിപ്പെടുത്തുന്ന പഠനങ്ങളല്ല ഇനി വേണ്ടത്. അവര്‍ക്ക് ധൈര്യമാണ് നല്‍കേണ്ടത്. ജില്ലയിലെ ജനങ്ങളിലുള്ള ജനിതകപ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തി മോണിറ്ററിങ്് നടത്തും. കൃഷിസംരക്ഷണത്തിന് മാരക കീടനാശിനിക്ക് പകരം പ്രകൃതിസ്‌നേഹിയായ പോംവഴികള്‍ കണ്ടെത്തണം. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയിലെ മറ്റു അഞ്ച് സംസ്ഥാനങ്ങളില്‍കൂടി നിരോധിച്ചത് സംബന്ധിച്ച സമഗ്ര പഠനം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. -കട്ടോച്ച് പറഞ്ഞു.

madhyamam daily

No comments:

Post a Comment