Wednesday, April 27, 2011

എന്‍ഡോസള്‍ഫാന്‍ ്രപയോഗം നരഹത്യ

സി. രാധാകൃഷ്ണന്‍

എന്‍ഡോസള്‍ഫാന്‍ ്രപയോഗം നരഹത്യ

ജനാധിപത്യമെന്നതിന് ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണം എന്നാണ് നിര്‍വചനമെന്നത്രെ പ്രമാണം. ഇവിടെയിപ്പോള്‍ അങ്ങനെ അല്ല എന്നു വരുന്നു. ദേശദ്രോഹികളും ജനദ്രോഹികളുമായ ഏതാനും കഴുകന്മാര്‍ക്കു വേണ്ടി അവരുടെ സേവകരായ ചിലര്‍ ജനങ്ങളുടെ പേരില്‍ നടത്തുന്ന കപടനാടകം എന്നതായിരിക്കും ഇപ്പോള്‍ നിലവിലുള്ള സംവിധാനത്തിന് ചേര്‍ച്ചയുള്ള നിര്‍വചനം.
അനേകായിരം പേരുടെ മരണത്തിനും പതിനായിരക്കണക്കിനാളുകളുടെ അനാരോഗ്യത്തിനും കാരണമായ കൊടുംവിഷം നിരോധിക്കാന്‍ കൂട്ടാക്കാത്തത് ധാര്‍ഷ്ട്യവും ധിക്കാരവുമല്ലെങ്കില്‍ മറ്റെന്താണ്? മനുഷ്യരായ മനുഷ്യരൊക്കെ ഈ നിരോധം ആവശ്യപ്പെടുമ്പോഴും ഭരിക്കുന്നവര്‍ നാണമോ നെറിവോ ഇല്ലാതെ മഹാമാരണം നിരോധിക്കേണ്ടതില്ലെന്ന് രാഷ്ട്രാന്തരീയയോഗത്തില്‍ ശാഠ്യം പിടിക്കുന്നു!
അല്‍പം സയന്‍സ് പഠിച്ച ആര്‍ക്കും ബുദ്ധികൊണ്ടറിയാവുന്നതും ഒരു സയന്‍സും പഠിക്കാത്ത പതിനായിരങ്ങള്‍ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുന്നതുമായ പരമസത്യം പുല്ലുപോലെ കണക്കാക്കപ്പെടുകയാണ്. അതും, ജനക്ഷേമം നയമായി പ്രഖ്യാപിച്ച് വാങ്ങിയ വോട്ടിന്റെ ബലത്തില്‍ അധികാരത്തില്‍ വന്നവര്‍. വിശ്വാസവഞ്ചന എന്നല്ലാതെ ഈ കുറ്റകൃത്യത്തെ എന്തു വിളിക്കാന്‍?
ജീവനെ ഹനിക്കുന്ന വന്‍തന്മാത്രകള്‍ കീടനാശിനികളായും ഭക്ഷണവസ്തുക്കള്‍ കേടുവരാതെ സൂക്ഷിക്കാനുള്ള ചേരുവകളായും ഉപയോഗിക്കുന്നത് മിക്ക നാടുകളും നിരോധിച്ചുകഴിഞ്ഞു. മാലിന്യങ്ങളെ വിഘടിച്ച് പുറന്തള്ളാന്‍ ശരീരത്തിനുള്ള അനേകം ഉപാധികളില്‍ ഒന്നുകൊണ്ടും കൈകാര്യം ചെയ്യാനാവാത്ത രാസപദാര്‍ഥങ്ങളാണിവ. കരള്‍ മുതലായ ആന്തരികാവയവങ്ങളില്‍ ഇവ അടിഞ്ഞു കൂടുന്നു. അപചയക്രിയയെ പ്രതികൂലമായി ബാധിക്കുന്നു. അചിരേണ മരണത്തിലേക്ക് നയിക്കുന്നു.
ഇവയില്‍ ചിലതിന് ഇതിലേറെയും അപകടസ്വഭാവമുണ്ട്. ശരീരത്തിന് അടിസ്ഥാനമായുള്ള ജനിതകസൂത്രവാക്യത്തില്‍ ഇവ കയറിപ്പറ്റി ഭേദഗതികള്‍ അവതരിപ്പിക്കുന്നു. അങ്ങനെ തീരാവൈകല്യവും മാറാരോഗങ്ങളുമായി കുട്ടികള്‍ ജനിക്കുകയും വൈകൃതങ്ങള്‍ തലമുറകളിലേക്ക് നീളുകയും ചെയ്യുന്നു. ഇതൊക്കെ ശാസ്ത്രീയമായി തെളിഞ്ഞതാണ്.
നൂറോളം നാടുകള്‍ തീര്‍ത്തും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ ഇത്തരമൊരു വന്‍തന്മാത്രയാണ്. ഇതില്ലെങ്കില്‍ കശുവണ്ടികൃഷി ഗുണംപിടിക്കില്ലെന്നാണ് കൃഷിമന്ത്രിയുടെ ന്യായവാദം. കശുവണ്ടിയില്ലെങ്കില്‍ വിദേശനാണ്യം കിട്ടുന്നത് കുറയും. നാടിന്റെ സാമ്പത്തികവളര്‍ച്ച മുരടിക്കും. ഈ മഹാമാരകമായ രാസവസ്തു കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് കശുവണ്ടി എങ്ങനെയാണ് ഉണ്ടായിരുന്നത് എന്ന സരളമായ ചോദ്യത്തിന് മഹാമന്ത്രി ഉത്തരം തരണം.
ഇനി അഥവാ അണ്ടിയുടെ ഉല്‍പാദനം അല്‍പം കുറഞ്ഞാലും മിണ്ടാപ്രാണികള്‍ക്കും അവരെക്കാള്‍ ആര്‍ത്തരായ മനുഷ്യര്‍ക്കും വേണ്ടി അത് സഹിച്ചുകൂടേ? അണ്ടിയോ മനുഷ്യരോ വലുത് എന്ന കാര്യംപോലും മഹാമന്ത്രിക്ക് അറിയില്ലെന്നോ?
ഈ സാഹചര്യത്തില്‍ ഉയരുന്ന ഒരേയൊരു ചോദ്യം അണ്ടിയുല്‍പാദകരായ കുത്തകത്തോട്ടക്കാരുടെയൊ എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവരുടെയൊ എത്ര സംഭാവനയാണ് ബന്ധപ്പെട്ടവര്‍ കൈപ്പറ്റിയതെന്നാണ്. ആ തുകയുടെ വലിപ്പമല്ലാതെ മുട്ടാപ്പോക്കിന് മറ്റൊരു കാരണവും കാണാനില്ല.
ഇത്തരം ജനനേതാക്കളുടെ വായില്‍ ഈരണ്ടൗണ്‍സ് എന്‍ഡോസള്‍ഫാന്‍ ഒഴിച്ചുകൊടുത്ത് ബലമായി കുടിപ്പിക്കുകയേ ഇനി വഴിയുള്ളൂ എന്നു വരരുത്. പക്ഷേ, പൂച്ചക്ക് ആര് മണി കെട്ടും എന്നതുതന്നെയാണ് ഇവിടെയും പ്രശ്‌നം.
കക്ഷിരാഷ്ട്രീയത്തിലെ 'തന്‍കുഞ്ഞുപൊന്‍കുഞ്ഞുകളി'യില്‍ നടക്കുന്നത് പഴയ ഒരു നായര്‍തറവാട്ടിലെ കാരണവരുടെ വിധിയും വിധിന്യായവുമാണ്. അടുക്കളയില്‍ ഒളിച്ചു കടന്ന് തനിക്കു കഴിക്കാന്‍ വലിയ പാത്രത്തില്‍ ചോറു മോഷ്ടിച്ചെടുത്ത് കട്ടത്തൈരു കൂട്ടി കുഴക്കുന്ന പാവം മരുമകളെ കൈയോടെ പിടികൂടിയ കാരണവരോട് ആ പെണ്‍കൊടി തന്റെ കരണത്ത് പ്രഹരം വീഴുമ്മുമ്പ് പറഞ്ഞത്രെ, 'ഇത് അമ്മായീടെ കുട്ടിക്കാണ്, വല്യമ്മാമാ!'
'ആണോ?' കാരണവര്‍ അവളുടെ കഴുത്തിലെ പിടി വിട്ടു എന്നാണ് കഥ. 'ശരിയാണല്ലോ, ഒപ്പി വടിച്ചാല്‍ നെല്ലിക്കയോളമല്ലേ കാണൂ!'
എന്റെ പാര്‍ട്ടിക്കാരനാണ് ജനദ്രോഹകരമായി മോഷ്ടിച്ചതെങ്കില്‍ വെരി ഗുഡ്. അല്ലെങ്കില്‍ ആഹന്ത കഷ്ടം. രണ്ടും മോശമെന്നു പറയാന്‍ ജനം ഒറ്റക്കെട്ടായിട്ടു വേണ്ടേ? ജാതി-മത-കക്ഷി തിരിവുകളുള്ളതുകൊണ്ട് അത് സംഭവിക്കില്ലെന്ന് എല്ലാ പാര്‍ട്ടികള്‍ക്കുമറിയാം!
നാട്ടില്‍ കാളകൂടവിഷം വാരി വര്‍ഷിക്കുന്ന മഹാദ്രോഹികള്‍ക്കെതിരെപ്പോലും ഒന്നിക്കാന്‍ കക്ഷികള്‍ക്ക് കഴിയുന്നില്ല. കാരണം, ഈ ദ്രോഹികള്‍ ഏതെല്ലാമോ കക്ഷികളുടെ പൊന്‍കുഞ്ഞുങ്ങളാണ്. എന്നുവെച്ചാല്‍ ആ കക്ഷികള്‍ക്കു വേണ്ടി ഇവര്‍ പൊന്‍മുട്ടയിടുന്നു. അതിനാല്‍, ഇവര്‍ക്കെതിരെ എന്നല്ല ആ മഹാവിഷത്തിനെതിരെപ്പോലും തെളിവില്ലത്രെ!
നമ്മുടെ നാടിന്റെ മഹോന്നതഭരണാധികാരികളില്‍ ആദര്‍ശധീരരെന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരെങ്കിലും ഈ നാടകം കൂടുതല്‍ ദുരന്തപര്യവസായിയാകാതിരിക്കാന്‍ ഉടനെ ഇടപെടണം. അതിനു കഴിയില്ലെങ്കില്‍ മഹാത്മാഗാന്ധിയുടെ പേര്‍ ഇനിയൊരിക്കലും ഉച്ചരിക്കരുത്.
ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പ്രാഥമികമായ അവകാശമാണ് ജീവിച്ചിരിക്കാനുള്ള പൗരാവകാശം. ആരെയെങ്കിലും കൊല്ലുന്നവനെ വധശിക്ഷക്കു വിധിക്കാന്‍ ശിക്ഷാനിയമത്തില്‍ വകുപ്പുള്ളത് അതിനാലാണ്. പക്ഷേ, ആയിരങ്ങളെ കൊല്ലുകയും പതിനായിരങ്ങളെ കൊല്ലാക്കൊല ചെയ്യുകയും പരിസ്ഥിതി മൊത്തമായി വിഷലിപ്തമാക്കുകയും നിരവധി തലമുറകളുടെ ക്ഷേമം അപകടത്തിലാക്കുകയുമൊക്കെ ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം ബാധകമാവുന്ന കാലം എന്നു വരും? ഇത്തരക്കാരെ കൊലക്കുറ്റത്തിനു ശിക്ഷിക്കാന്‍ ഏര്‍പ്പാടുണ്ടാകുവോളം ഇതൊക്കെ തുടരും.

No comments:

Post a Comment