Wednesday, April 27, 2011

അവിശുദ്ധ ബന്ധത്തില്‍ ഇന്ത്യ നാണം കെട്ടു ; ആഗോള നിരോധത്തിന് സാധ്യത


അവിശുദ്ധ ബന്ധത്തില്‍ ഇന്ത്യ നാണം കെട്ടു ; ആഗോള നിരോധത്തിന് സാധ്യത

ന്യൂദല്‍ഹി: സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ഉപസമിതിയില്‍ എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനിയുമായി നാലു വട്ടം ചര്‍ച്ച നടത്തിയത് ലോകരാഷ്ട്രങ്ങള്‍ കണ്ടുപിടിച്ചത് ജനീവ സമ്മേളനത്തിന്റെ മൂന്നാം നാളില്‍ ഇന്ത്യയെ നാണം കെടുത്തി. എതിര്‍പ്പുള്ള ഏക രാജ്യമായി ഇന്ത്യ മാറുക കൂടി ചെയ്തതോടെ ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയേറി.

അനക്‌സ് (എ)യില്‍ ഉള്‍പ്പെടുത്തി ഈ സമ്മേളനത്തില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിലപാടിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. അനക്‌സ് (എ)യില്‍ ഉള്‍പ്പെടുത്തിയാല്‍ വികസിത രാജ്യങ്ങള്‍ നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് മൂന്ന് വര്‍ഷത്തിനകം ബദല്‍ മാര്‍ഗം കണ്ടെത്തണം. അതേ സമയം അഞ്ച് വര്‍ഷം വരെ പരിമിതമായ തോതില്‍ ഉപയോഗത്തിന് അനുമതി ലഭിക്കുകയും ചെയ്യും. എന്തുവന്നാലും പത്ത് വര്‍ഷം കൊണ്ട് എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കേണ്ടി വരും. ബദലുകളില്ലാത്ത കീടങ്ങള്‍ക്ക് കീടനാശിനിയായി ഉപയോഗിക്കാന്‍ മാത്രമാണ് പരിമിതമായ തോതില്‍ ഇളവ് ലഭിക്കുക. ഇളവ് ഏതൊക്കെ വിളകളിലെ കീടങ്ങള്‍ക്ക് വേണമെന്ന് അതത് രാജ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.

നിരോധനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന സൂചന ലഭിച്ചതോടെ കൂടുതല്‍ വിളകള്‍ക്ക് ഇളവ് നേടാനുള്ള ശ്രമവും ഇന്ത്യ ബുധനാഴ്ച തുടങ്ങി. ചൈന നാല് വിളകളുടെ പട്ടിക മാത്രം നല്‍കിയപ്പോള്‍ 50ലധികം വിളകളുടെ പേരാണ് ഇന്ത്യ നല്‍കിയത്. എന്നാല്‍ ഇത്രയും കൂടുതല്‍ പറ്റില്ലെന്ന് പറഞ്ഞ് ഉപസമിതി പട്ടിക മടക്കി. തുടര്‍ന്ന് ഇന്ത്യ സമര്‍പ്പിച്ച 22 വിളകളുടെ പട്ടികയില്‍ ചര്‍ച്ച നടക്കുകയാണ്.

സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച ഇന്ത്യയുടെ എന്‍ഡോസള്‍ഫാന്‍ പ്രേമത്തിന്റെ മറ നീക്കിയ കൂടിക്കാഴ്ചകള്‍ക്ക് ജനീവ വേദിയായി. എന്‍ഡോസള്‍ഫാന്‍ നിരോധം വിശദമായി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച വൈകീട്ട് ഉപസമിതിക്ക് വിട്ടിരുന്നു. ഉപസമിതിയില്‍ ചൊവ്വാഴ്ച നടന്ന പ്രാരംഭ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു ബുധനാഴ്ച നടന്നത്. എന്‍ഡോസള്‍ഫാന് വേണ്ടി ശബ്ദിക്കാന്‍ തുണയില്ലാതെ ഒറ്റപ്പെട്ട ഇന്ത്യ ആരുമായാണ് കൂടിയാലോചന നടത്തുന്നതെന്ന് അംഗരാജ്യങ്ങള്‍ കൗതുക പൂര്‍വം നിരീക്ഷിക്കുകയായിരുന്നു. സമ്മേളന പ്രതിനിധികളില്‍ പലരും ആദ്യമായി കേള്‍ക്കുന്ന സമോവ എന്ന രാജ്യം പോലെ മറ്റാരെങ്കിലും ഇന്ത്യക്കൊപ്പമുണ്ടോ എന്നായിരുന്നു ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കിയത്. എന്നാല്‍ വ്യതിരിക്തമായ അഭിപ്രായം പറഞ്ഞ് തങ്ങളുടെ സാന്നിധ്യം ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു സമോവയുടെ ഉദ്ദേശ്യമെന്ന് ഉപസമിതി ചര്‍ച്ച തെളിയിച്ചു. എന്‍ഡോസള്‍ഫാന് അനുകൂലമായി ഒന്നും പറയാന്‍ കഴിയാതിരുന്ന അവര്‍ക്ക് ബദല്‍ വേണമെന്ന നിലപാടിലേക്ക് മാറി.

ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനിയുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുന്നത് പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ കൂടിക്കാഴ്ച പുറത്തായതോടെ കേരളത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി വിവിധ രാഷ്ട്ര പ്രതിനിധികള്‍ പരസ്യമായി പ്രചാരണം തുടങ്ങി. കേരളം തയാറാക്കിയ എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ടിന്റെ ആധികാരികത ബോധ്യപ്പെട്ടുവെന്ന് വ്യക്തമാക്കിയ അവര്‍ റിപ്പോര്‍ട്ടിന്റെ കോപ്പികളെടുത്ത് പ്രതിനിധികള്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യാനും തുടങ്ങി. കേരള മുഖ്യമന്ത്രി മോലൊപ്പിട്ട ഇന്ത്യയില്‍ നിന്നുള്ള യഥാര്‍ഥ ശബ്ദമെന്ന നിലയില്‍ ഇറാന്റെ നേതൃത്വത്തിലായിരുന്നു റിപ്പോര്‍ട്ട് വിതരണം.

ഈ സംഭവ വികാസങ്ങളെല്ലാമായതോടെ ഉപസമിതിയുടെ അധ്യക്ഷ പദവിയുള്ള ഖത്തര്‍ വിഷയത്തില്‍ കുറെ കൂടി ഗൗരവതരമായ നിലപാട് സ്വീകരിച്ചു. ഉപസമിതി അധ്യക്ഷ ഹല അലീശ ഇന്ത്യന്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തിയ ശേഷം കേരളത്തിന്റെ നിലപാടറിയാന്‍ പ്രത്യേക സമയം കണ്ടെത്തി. കേരളത്തില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ഡോ. മുഹമ്മദ് അശീലുമായി അര മണിക്കൂര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയ അവര്‍ കേരളത്തിന്റെ യഥാര്‍ഥ അനുഭവങ്ങളും ഇന്ത്യന്‍ നിലപാടിനു പിന്നിലെ താല്‍പര്യങ്ങളും മുഹമ്മദ് അശീലില്‍ നിന്ന് വിശദമായി ശേഖരിച്ചു. ദൈവം ഉദ്ദേശിച്ചാല്‍ ഈ മാരകവിഷം നമുക്ക് നിരോധിക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് അശീലുമായുള്ള കൂടിക്കാഴ്ചക്ക് ഉപസമിതി അധ്യക്ഷ വിരാമമിട്ടതെന്ന് ജനീവയില്‍ കേരളത്തില്‍ നിന്നുള്ള ഇരകളെ പ്രതിനിധീകരിക്കുന്ന ഡോ. മുഹമ്മദ് അശീല്‍ 'മാധ്യമ'ത്തോടു പറഞ്ഞു.


2 comments:

  1. അല്‍ഹംദുലില്ലാഹ്.. ഇതു വളരെ യധികം സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ്‌ മൊയ്തു സാഹിബ്. നിസ്സഹയരുടെ പ്രാര്‍ത്ഥന ദൈവം എളുപ്പം കേള്‍ക്കും.

    ReplyDelete
  2. ഇന്ത്യ തോല്‍ക്കണമെന്നും കേരളം ജയിക്കണമെന്നും ആഗ്രഹിക്കുന്ന നിമിഷം...

    ReplyDelete