
കൊച്ചി: അഴിമതിക്കാര്‍ പാര്‍ട്ടിക്കകത്തും അഴിമതി ചൂണ്ടിക്കാണിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തും എന്നതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിലെ അവസ്ഥയെന്ന് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി ഫോറങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് അനുമതിയില്ലെങ്കില്‍ കാര്യങ്ങള്‍ പുറത്ത് പറയേണ്ടി വരും.വിമര്‍ശനങ്ങള്‍ പലപ്പോഴും പാര്‍ട്ടി ഫോറങ്ങളില്‍ അനുവദിക്കാറില്ല. കെ. കരുണാകരനും ആന്റണിയും സൃഷ്ടിപരമായ വിമര്‍ശനങ്ങളെ എതിര്‍ത്തിരുന്നില്ല.നടപടികളുടെ കാര്യത്തിലും വിവേചനമുണ്ട്.പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് കോടതിയില്‍ പത്രിക നല്‍കിയ ആളാണ് ടി.എച്ച്. മുസ്തഫ.പാര്‍ട്ടിയെ വില്‍പ്പന ചരക്കാക്കി എന്ന ആക്ഷേപമാണ് എ.വി. ഗോപിനാഥ് ഉയര്‍ത്തിയത്. കോണ്‍ഗ്രസില്‍ പേമെന്റ് സീറ്റുണ്ടെന്നാണ് എം.എം. ഹസന്‍ പരോക്ഷമായി പറഞ്ഞിട്ടുള്ളത്.എന്നാല്‍, ഇവര്‍ക്കാര്‍ക്കുമെതിരെ നടപടി എടുത്തിട്ടില്ല.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി തന്നെ കോണ്‍ഗ്രസുകാരനല്ലാതാക്കാമെന്ന് കരുതേണ്ട. 1954 മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.ഇനിയും കോണ്‍ഗ്രസുകാരനായി തുടരും. ഇതിന് ആരുടെയും ചീട്ടും വേണ്ട. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ അപ്പീല്‍ നല്‍കും. പാര്‍ട്ടിയെ ഒരിക്കലും വിമര്‍ശിച്ചിട്ടില്ല. സോണിയാ ഗാന്ധിക്കെതിരെയും വിമര്‍ശം ഉയര്‍ത്തിയിട്ടില്ല. പാര്‍ട്ടി നശിച്ചുപോകരുതെന്ന ആഗ്രഹമേയുള്ളു. ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് ആരെങ്കിലും ബലിയാടായേ പറ്റൂ. ഇത് സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്.പലരും പാര്‍ട്ടി വിട്ടപ്പോള്‍ താന്‍ കോണ്‍ഗ്രസുകാരനായിരുന്നുവെന്നത് ഇപ്പോള്‍ പാര്‍ട്ടി തലപ്പത്തുള്ളവര്‍ ഓര്‍ക്കണം.
എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താനെന്ന് പറഞ്ഞാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ദല്‍ഹിക്ക് പോയത്.എന്നാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയാണ് ഇതിന്റെ മറവില്‍ ചെയ്തത്.അന്വേഷണങ്ങള്‍ നേരിടുന്നവര്‍ മന്ത്രിമാരും മുഖ്യമന്ത്രിയും ആകരുതെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. മേല്‍ക്കോടതികളുടെ ഇടപെടലാണ് പലപ്പോഴും അഴിമതിക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തടസ്സമാകുന്നത്.
പാര്‍ട്ടിക്കകത്ത് ഇത്രത്തോളം അനാരോഗ്യകരമായ പ്രവണത ഒരു കാലത്തുമുണ്ടായിട്ടില്ല. എതിര്‍ ശബ്ദങ്ങള്‍ അനുവദിക്കില്ല. രണ്ടുപേര്‍ പറയുന്നത് മാത്രമാണ് വേദവാക്യം. കരുണാകരന്‍ കൈ പിടിച്ചുയര്‍ത്തിയ വ്യക്തിയാണ് ചെന്നിത്തല. അദ്ദേഹത്തോട് ഇത്രയേറെ നന്ദികേട് കാണിച്ച വ്യക്തിയും ചെന്നിത്തലയെപ്പോലെ വേറെയില്ല. ആറര വര്‍ഷമായി കെ.പി.സി.സി പ്രസിഡന്റായി തുടരുന്ന ചെന്നിത്തല കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത്. എ.ഐ.സി.സി നല്‍കിയ 20 കോടി കാണാതെ പോയെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിരുന്നു. കണക്ക് കെ.പി.സി.സി എക്‌സിക്യൂട്ടീവിനെയെങ്കിലും ബോധ്യപ്പെടുത്താന്‍ നടപടി വേണം.
ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും സംരക്ഷിക്കാനും ശ്രമമുണ്ടാകണം. എന്നാല്‍, യു.ഡി.എഫ് പ്രതിപക്ഷം എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു.മൂന്നുനേരം പത്രസമ്മേളനം നടത്തിയത് മാത്രമാണ് സംഭാവന. മാധ്യമങ്ങളുടെ സഹായത്തോടെ അധിക കാലം മുന്നോട്ടുപോകാനാവില്ല. കെ. കരുണാകരനും എ.കെ. ആന്റണിക്കും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എ.കെ. ആന്റണി വന്നപ്പോള്‍ മാത്രമാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. പാര്‍ട്ടിയുടെ തകര്‍ച്ച കണ്ടതിന്റെ സങ്കടംകൊണ്ടാണ് നേരത്തേ പത്രസമ്മേനം നടത്തിയപ്പോള്‍ കരഞ്ഞത്. സീറ്റ് ലഭിക്കാത്തതില്‍ വിഷമമില്ല. വേണ്ടിയിരുന്നെങ്കില്‍ സീറ്റ് ലഭിക്കുമായിരുന്നുവെന്നും ചോദ്യത്തിന് മറുപടിയായി രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.
No comments:
Post a Comment