Wednesday, April 27, 2011

എന്‍ഡോസള്‍ഫാന്‍: റഫീഖ് ബാബു നിരാഹാരസമരം തുടങ്ങി

മലപ്പുറം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റിനു മുമ്പില്‍ നിരാഹാര സമരം തുടങ്ങിയ വിദ്യാര്‍ഥിയായ പി.അബ്ദുല്‍ ബായിസിനെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചതിനാല്‍ ഫ്രന്റ്സ് ഓഫ് നേച്ചര്‍ പ്രവര്‍ത്തകന്‍ റഫീഖ് ബാബു സമരപ്പന്തലില്‍ നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സമരം ആരംഭിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ ചൊവ്വാഴ്ച രാത്രിയാണ് ബായിസിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെയും നിരാഹാരം തുടര്‍ന്നുവെങ്കിലും ഡോക്ടറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് നിരാഹാര സമരം തുടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ജനീവയില്‍ നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്‍ സമാപിക്കുന്ന ഏപ്രില്‍ 29 വരെ സമരം തുടരും. നിരാഹാരം തുടരുന്നതിന്റെ ഭാഗമായി ബായിസ്, റഫീഖ് ബാബുവിനെ സമരഹാരമണിയിച്ചു.

No comments:

Post a Comment