Sunday, April 17, 2011

ഏറനാട് പ്രശ്‌നം: സി.പി.ഐ- സി.പി.എം പോര് രൂക്ഷമാക്കും


മലപ്പുറം: ഏറനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐയിലെ അഷ്‌റഫലി കാളിയത്തിനെതിരെ സി.പി.എം സ്വതന്ത്രനെ പിന്തുണച്ചത് സംസ്ഥാനതലത്തില്‍ സി.പി.ഐ- സി.പി.എം പോരിന് വഴിമരുന്നിടും. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇരുപാര്‍ട്ടികളും പാര്‍ട്ടിവേദികളില്‍ പരസ്‌പര വിഴുപ്പലക്കല്‍ തുടങ്ങിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തോടെ പ്രശ്‌നം പരസ്യപോരിലേക്ക് നയിക്കപ്പെടുമെന്നാണ് സൂചന.
എല്‍.ഡി.എഫ് വോട്ടുകള്‍ വിഭജിക്കപ്പെട്ടതിനാല്‍ അഷ്‌റഫലി കാളിയത്ത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. സ്വതന്ത്രന്‍ പി.വി. അന്‍വര്‍ വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്താല്‍ സി.പി.ഐ അത് ഇടതുമുന്നണിയില്‍ പ്രശ്‌നമാക്കും. സി.പി.ഐ നേതാക്കള്‍ സ്വതന്ത്രനെ പിന്തുണച്ചതിന് തെളിവ് നിരത്തി സി.പി.എം തിരിച്ചടിച്ചാല്‍ ഇരു പാര്‍ട്ടികളും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്കാണ് അതെത്തുക എല്‍.ഡി.എഫ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്ത സ്ഥിതിവിശേഷമാണ് ഏറനാട് മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. യു.ഡി.എഫിന് മുന്‍തൂക്കമുള്ള ഏറനാട് മണ്ഡലം സ്വതന്ത്രനെ നിര്‍ത്തി പിടിച്ചെടുക്കാമെന്നായിരുന്നു എല്‍.ഡി.എഫ് കണക്കുകൂട്ടല്‍.
മണ്ഡലം സി.പി.എമ്മിനാവും എന്ന ധാരണയില്‍ ജില്ലയിലെ സി.പി.എം നേതാക്കളാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചത്. ഇതിന് പ്രമുഖ സി.പി.ഐ നേതാക്കളുടെ പിന്തുണ അന്‍വര്‍ ഉറപ്പാക്കി. എന്നാല്‍, അന്‍വറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ സി.പി.എമ്മില്‍ ഒരു വിഭാഗം എതിര്‍ത്തു. ഇതിനിടെ മുന്നണി ധാരണപ്രകാരം മണ്ഡലം സി.പി.ഐക്കായി.
അന്‍വറിനെതിരായ വാദങ്ങള്‍ പരിഗണിച്ച് സി.പി.ഐ സംസ്ഥാന കൗണ്‍സിലും സെക്രട്ടേറിയറ്റും ശിപാര്‍ശ തള്ളി. പകരം ഏറനാട് പാര്‍ട്ടി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചു. ഇതിനിടെ സി.പി.എമ്മിലെ തര്‍ക്കം പരിഹരിച്ചെന്നും അന്‍വറിനെ വീണ്ടും പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം നേതാക്കള്‍ സി.പി.ഐ ജില്ലാ ഘടകത്തെ സമീപിച്ചു. ജില്ലാ നേതൃത്വം വിവരം സി.പി.ഐ സംസ്ഥാന ഘടകത്തെ അറിയിച്ചെങ്കിലും ഇതിലൊരു പുനഃപരിശോധന വേണ്ടെന്ന നിലാപാടായിരുന്നു നേതൃത്വത്തിന്‍േറത്. സി.പി.ഐ തീരുമാനം വരുന്നതിന് മുമ്പേ ജില്ലയിലെ ചില സി.പി.എം നേതാക്കളുടെ നിര്‍ദേശപ്രകാരം അന്‍വര്‍ പ്രചാരണത്തിനിറങ്ങി. പിറ്റേന്നുതന്നെ അഷ്‌റഫലിയെ സി.പി.ഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
എന്നാല്‍ ഈ തീരുമാനം സി.പി.എമ്മിന് സ്വീകാര്യമായില്ല. പ്രാദേശിക ഘടകങ്ങള്‍ അന്‍വറിന്റെ പ്രചാരണത്തില്‍ സഹകരിച്ചു. സി.പി.ഐ നേതൃത്വത്തിന്റെ പരാതി പ്രകാരം രണ്ട് തവണ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിച്ചില്ല. പ്രചാരണത്തിന്റെ അന്ത്യത്തോടടുത്ത് സി.പി.എം പരിപൂര്‍ണമായും അന്‍വറിനോടൊപ്പമായി.
മണ്ഡലത്തിലെ എട്ട് ലോക്കല്‍ സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസം അന്‍വറിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. സി.പി.എം നിസ്സഹകരണം നിമിത്തം ബൂത്തില്‍ എല്‍.ഡി.എഫിന് പോളിങ് ഏജന്റുമാര്‍ ഉണ്ടായില്ല. അഷ്‌റഫലി കാളിയത്തിന് എല്‍.ഡി.എഫ് വോട്ടിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമേ കിട്ടൂവെന്നാണ് സി.പി.ഐ വിലയിരുത്തല്‍. സി.പി.എം വോട്ടിന്റെ വലിയൊരു പങ്ക് സ്വതന്ത്രന് പോയെന്ന് സി.പി.ഐ പ്രാദേശിക ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വതന്ത്രനുവേണ്ടി കരുനീക്കിയ മുതിര്‍ന്ന സി.പി.എം നേതാക്കളെയാണ്് പ്രശ്‌നത്തില്‍ സി.പി.ഐ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന നേതാവും ജില്ലക്കാരനായ സംസ്ഥാന കമ്മിറ്റി അംഗവുമാണ് എല്ലാത്തിനും അണിയറയില്‍ പ്രവര്‍ത്തിച്ചതെന്ന് സി.പി.ഐ നേതൃത്വം ആരോപിക്കുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന് അന്‍വറിന് ഉറപ്പുകൊടുത്തത്് സി.പി.ഐയുടെ മുന്‍ മന്ത്രിയടക്കമുള്ളവരാണെന്ന് സി.പി.എം കേന്ദ്രങ്ങള്‍ തിരിച്ചടിക്കുന്നു.


1 comment:

  1. chilathu vazhikkan kaziyunnilla, bracground white aakiyal upagaram. nalla news aanu. keep it up.
    by
    ashraf othayi

    ReplyDelete