Monday, April 18, 2011

ഉപതെരഞ്ഞെടുപ്പ് ഫലം: എല്‍ .ഡി.എഫിന് നേട്ടം

Published on Mon, 04/18/2011 - 13:39 ( 2 hours 13 min ago)

ഉപതെരഞ്ഞെടുപ്പ് ഫലം: എല്‍ .ഡി.എഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് മാര്‍ച്ച് എട്ടിനും പത്തിനും നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി. നേരത്തെ 11 സീറ്റുണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ എട്ട് സീറ്റാണ് ലഭിച്ചത്. രണ്ട് സീറ്റ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. അതേസമയം, എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിലൊന്നില്‍ സ്വതന്ത്രന്‍ വിജയിച്ചു. കാസര്‍കോട് മഞ്ചേശ്വരം കടപ്പുറം സീറ്റില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായപ്പോള്‍ എസ്.ഡി.പി.ഐ രണ്ടാമതെത്തി. ഇവിടെ എല്‍ .ഡി.എഫ് സ്ഥാനാറഥിക്ക് അഞ്ച് വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിലെ നജ്മ മുസ്തഫയാണ് ഈ വാര്‍ഡില്‍ വിജയിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഒരു പഞ്ചായത്തില്‍ ഭരണമാറ്റവും മറ്റൊരു പഞ്ചായത്തില്‍ ഭരണം അനിശ്ചിതത്വത്തിലുമായി.

കൊല്ലത്തെ ക്ലാപ്പനയിലാണ് ഭരണമാറ്റം ഉണ്ടായത്. ക്ലാപ്പന പഞ്ചായത്തില്‍ യു.ഡി.എഫ് എല്‍.ഡി.എഫില്‍ നിന്ന് ഭരണം തിരിച്ച് പിടിച്ചു. അതേസമയം, തൃശൂരിലെ തെക്കുംകരയില്‍ ഭരണം അനിശ്ചിതത്വത്തിലായി. തെക്കുംകരയിലെ മലാക്കയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ ഇടതു മുന്നണിക്ക് ഒന്‍പത് സീറ്റും യു.ഡി.എഫിന് എട്ടു സീറ്റുമായി. ഏക ബി.ജെ.പി അംഗം യു.ഡി.എഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതോടെയാണ് ഭരണം അനിശ്ചിതത്വത്തിലായത്.

ക്ലാപ്പനയിലെ 15 വാര്‍ഡുകളില്‍ കഴിഞ്ഞ തവണ എട്ടെണ്ണം യു.ഡി.എഫും ഏഴെണ്ണം എല്‍ .ഡി.എഫുമാണ് നേടിയത്. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സി.പി ഉണ്ണികൃഷ്ണന്‍ എല്‍ .ഡി.എഫിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായി. എന്നാല്‍ കൂറുമാറ്റത്തെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ അയോഗ്യനാക്കപ്പെട്ടു. ഇതാണ് ഉപതെരഞ്ഞെടുപ്പിന് കാരണാമയത്. നേരത്തെ 28 വോട്ടിനായിരുന്നു യു.ഡി.എഫ് ജയിച്ചത്. ഇത്തവണ ഭൂരിപക്ഷം 130 വോട്ടായി ഉയര്‍ന്നു. ബി.ജുവാണ് വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി.

തൃശൂര്‍ ജില്ലയിലെ തെക്കുകര പഞ്ചായത്തിലെ മലാക്ക(രജിത ബിജേഷ്), തളിക്കുളം പഞ്ചായത്തിലെ പുതുക്കുളം (റസിയ റിയാദ്), കോട്ടയം പള്ളം ബ്ലോക്കിലെ കുഴിമറ്റം (സീനി സുഭാഷ്) എന്നിവിടങ്ങളിലാണ് എല്‍ .ഡി.എഫ് വിജയിച്ചത്. പള്ളം ബ്ലോക്കിലെ കുഴിമറ്റം സീറ്റ് എല്‍.ഡി..എഫ് യു.ഡി.എഫില്‍ നിന്ന് തിരിച്ച് പിടിക്കുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ രണ്ട് സീറ്റുകളും യു.ഡി.എഫ് നിലനിര്‍ത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കാരണമാണ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വൈകിയത്.


1 comment:

  1. 8 സീറ്റില്‍ യു ഡി എഫു ജയിച്ചിട്ടും നേട്ടം എല്‍ ഡി എഫിന്!!! ...ഹ ഹ ..പിന്നെ നേരത്തെ പതിനൊന്നു ഉണ്ടായിരുന്നു എന്നാണ് കാരണം പറയുന്നത് ..അതെങ്ങേനെ ഒരു കാരണമാകും മോയ്തുക്കാ ?അത് കൊണ്ടാലേ ഓരോ തെരഞ്ഞെടുപ്പും നടത്തുന്നത് ..അല്ലങ്കില്‍ പഴയ ആളുടെ പകരം ആ പാര്‍ട്ടിയിലെ ഒരാളെ തന്നെ മെമ്പര്‍ ആകിയാല്‍ പോരെ ?

    ReplyDelete