Sunday, April 17, 2011

ഐസ്‌ക്രീം കേസ്: ആഭ്യന്തരവകുപ്പ് നിയമോപദേശം തേടി

Published on Mon, 04/18/2011 - 00:20 ( 8 hours 7 min ago)

ഐസ്‌ക്രീം കേസ്: ആഭ്യന്തരവകുപ്പ് നിയമോപദേശം തേടി

തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്‍േദശങ്ങള്‍ നടപ്പാക്കണമോയെന്ന് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടി. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് അഡ്വക്കറ്റ് ജനറലിനോട് ഉപദേശം തേടിയത്. മുഖ്യമന്ത്രിയുമായി ആഭ്യന്തരവകുപ്പും പൊലീസും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന് ഇതോടെ വ്യക്തമായി. മുഖ്യമന്ത്രിയുടെ നിര്‍േദശങ്ങള്‍ നടപ്പാക്കേണ്ടതുണ്ടോ, അത്തരത്തിലുള്ള നിര്‍േദശം നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ, നിയമോപദേശം തേടേണ്ടതില്ലെന്ന് അന്വേഷണോദ്യോഗസ്ഥന്‍ വ്യക്തമാക്കിയാല്‍ ഭരണപരമായ ഇടപെടലിലൂടെ അത് മാറ്റാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടോ, കേസ് ഡയറി മുഖ്യമന്ത്രിക്ക് നല്‍കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് നിയമോപദേശം തേടിയത്. ഡി.ജി.പിയുടെ കൂടി ആവശ്യം പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. മുഖ്യമന്ത്രിയുടെ നിര്‍േദശങ്ങള്‍ പാലിക്കേണ്ടതില്ലെന്നും അത്തരത്തിലുള്ള നിയമോപദേശമാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടി ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. കേസിന്റെ ഡയറിയും മറ്റ് രേഖകളും തനിക്ക് കൈമാറണമെന്നും അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കണമെന്നുമാണ് മുഖ്യമന്ത്രി ഡി.ജി.പിക്ക് ആദ്യം നിര്‍ദേശം നല്‍കിയത്. കേസിന്റെ വിശദാംശങ്ങള്‍ താന്‍ നിര്‍ദേശിച്ച അഭിഭാഷകനുമായി ദല്‍ഹിയില്‍ പോയി അന്വേഷണ ഉദ്യോഗസ്ഥന്‍ ചര്‍ച്ച നടത്തണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് സാധിക്കില്ലെന്ന് അന്വേഷണ സംഘത്തലവന്‍ വിന്‍സന്‍ പോള്‍ വ്യക്തമാക്കിയിരുന്നു.
ഐസ്‌ക്രീം കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ആവശ്യമില്ലാത്ത ഇടപെടലുണ്ടാകുന്നുവോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിയോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്നോടിയായാണ് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയതെന്നും സൂചനയുണ്ട്. ഭാവിയില്‍ മുഖ്യമന്ത്രിക്കെതിരായ തെരഞ്ഞെടുപ്പ് കേസായി മാറാന്‍ ഇത് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കരുതലോടെയുള്ള നടപടിയാണ് ആഭ്യന്തരവകുപ്പ് കൈക്കൊണ്ടിട്ടുള്ളത്.


No comments:

Post a Comment