Sunday, April 10, 2011

മലപ്പുറത്ത് പത്തിടത്ത് യു.ഡി.എഫ് മുന്നില്‍


മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളില്‍ പത്തിടത്ത് യു.ഡി.എഫ് മുമ്പില്‍ തന്നെ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഇവിടങ്ങളില്‍ യു.ഡി.എഫ് തന്നെയാണ് മുന്നില്‍.
മലപ്പുറം, കോട്ടക്കല്‍, വേങ്ങര, മഞ്ചേരി, വണ്ടൂര്‍, തിരൂരങ്ങാടി, തിരൂര്‍, മങ്കട, ഏറനാട് മണ്ഡലങ്ങളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ മുന്നിട്ട് നില്‍ക്കുന്നത്. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ മത്സരം തുടക്കത്തിലുള്ള അവസ്ഥയിലല്ല. ജയപരാജയങ്ങള്‍ നിര്‍ണയിക്കാനാവാത്ത വിധം കടുത്തതും സങ്കീര്‍ണവുമായ മല്‍സരമാണിവിടെ അരങ്ങേറുന്നത്.
പെരിന്തല്‍മണ്ണയില്‍ സിറ്റിങ് സീറ്റില്‍ 14,003 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച സി.പി.എമ്മിലെ വി. ശശികുമാറാണ് ഇടത് സ്ഥാനാര്‍ഥി. മങ്കട മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായി മുസ്‌ലിംലീഗിനെ രണ്ട് തവണ ഞെട്ടിച്ച്, അഞ്ചാം വര്‍ഷം ഇടതു മുന്നണിയോട് സലാം പറഞ്ഞ് മുസ്‌ലിംലീഗില്‍ ചേര്‍ന്ന മഞ്ഞളാംകുഴി അലിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടങ്ങിയ മണ്ഡലത്തില്‍ ഇപ്പോള്‍ ആരാണ് മുന്നിലെന്ന് പറയുക അസാധ്യം. അവസാനഘട്ടത്തില്‍ വന്ന ജമാഅത്തെ ഇസ്‌ലാമി പിന്തുണ ഇടതിന് പ്രത്യാശ വര്‍ധിപ്പിക്കുന്നുണ്ട്.
ആര്യാടന്‍ മുഹമ്മദിനെ ഏഴു തവണ മാന്യമായ ഭൂരിപക്ഷത്തിന് ജയിപ്പിച്ച മണ്ഡലമാണ് നിലമ്പൂര്‍. എന്നാല്‍, യു.ഡി. എഫിന് മികച്ച ഭൂരിപക്ഷം സംഭാവന ചെയ്ത ചാലിയാര്‍, ചോക്കാട്, കാളികാവ് പഞ്ചായത്തുകള്‍ ഇന്ന് നിലമ്പൂര്‍ മണ്ഡലത്തിലില്ല. മൊത്തം വോട്ടര്‍മാരുടെ എണ്ണം 30,000 കുറഞ്ഞിട്ടുമുണ്ട്. ഇതിന്റെ ഉല്‍ക്കണ്ഠകള്‍ക്കൊപ്പമാണ് മണ്ഡലത്തില്‍ മുസ്‌ലിംലീഗിലെയും കോണ്‍ഗ്രസിലെയും ഒരുവിഭാഗം ഇടഞ്ഞു നില്‍ക്കുന്നത്. കേരള കോണ്‍ഗ്രസാകട്ടെ യു.ഡി.എഫുമായി കാര്യമായി സഹകരിക്കുന്നില്ല.
എതിര്‍സ്ഥാനാര്‍ഥി സി.പി.എം കണ്ടെത്തിയ സ്വതന്ത്രന്‍ പ്രഫ. എം. തോമസ് മാത്യുവാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ സ്വാധീനിക്കാന്‍ കഴിവുള്ള ഇദ്ദേഹത്തിന് അതെത്രത്തോളം ആവുമെന്നതില്‍ ഒരു നിശ്ചയവുമില്ല ആര്യാടനും അനുയായികള്‍ക്കും. ജമാഅത്ത് പിന്തുണകൂടി ഇടതിനു വന്നതോടെ എന്ത് വിലകൊടുത്തും വിജയമുറപ്പിക്കാന്‍ തന്നെയാണ് ആര്യാടന്റെ നീക്കം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകള്‍ ഇവിടെ കാര്യമായി കുറഞ്ഞിട്ടുണ്ട്. 2004ല്‍ 9,300 വോട്ടുണ്ടായിരുന്നത് 2006ല്‍ 3,120 ആയികുറഞ്ഞു. 18,070 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ആര്യാടന്‍ ജയിച്ചത്.
ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സി. വേലായുധന്‍ മത്സരരംഗത്തുണ്ട്. എസ്.ഡി.പി.ഐയും രംഗത്ത് സജീവമാണ്. അവരുടെ വോട്ടുകള്‍ യു.ഡി.എഫിനാകും നഷ്ടം വരുത്തുക. ബി.ജെ.പി വോട്ടുകള്‍ എസ്.ഡി.പി.ഐയേക്കാള്‍ കുറഞ്ഞാല്‍ അതു രാഷ്ട്രീയപരാജയമായി വിലയിരുത്തപ്പെടും.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ നേടിയ ഇടതുപക്ഷത്തിന് ഇക്കുറി ഉറപ്പിച്ച് പറയാന്‍ തവനൂരും പൊന്നാനിയും മാത്രം.
പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അട്ടിമറി വിജയം നേടിയ കെ.ടി. ജലീലാണ് തവനൂരിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ വി.വി. പ്രകാശാണ് എതിരാളി. പ്രചാരണത്തില്‍ പ്രകാശിനേക്കാള്‍ മുന്നിലാണ് ജലീല്‍. അവസാന നിമിഷം ചില അടിയൊഴുക്കുകളുണ്ടാകുകയും ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി വീഴുകയും ചെയ്താല്‍ ഇടത് സ്ഥാനാര്‍ഥിയുടെ നില പരുങ്ങലിലാകും. എങ്കിലും ജലീലിന്റെ രക്ഷക്ക് മറ്റുചില ഘടകങ്ങള്‍ എത്തുമെന്നാണ് സൂചന.
പൊന്നാനിയില്‍ ഇടതുമുന്നണി നേരിയ മുന്‍തൂക്കം നേടിയെങ്കിലും ഇവിടെ ബി.ജെ.പി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ടി. അജയ്‌മോഹന് വീഴുമെന്ന സൂചനയുണ്ട്. പി.ഡി.പിക്ക് സ്ഥാനാര്‍ഥിയില്ല. അവരുടെ വോട്ടും ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടും ശ്രീരാമകൃഷ്ണന് രക്ഷയാകുമെന്നാണ് കരുതുന്നത്.
ശക്തമായ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുള്ള വള്ളിക്കുന്ന്, താനൂര്‍ മണ്ഡലങ്ങളില്‍ അട്ടിമറിയൊന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. താനൂരില്‍ യു.ഡി.എഫിന് കനത്ത ഭൂരിപക്ഷം നല്‍കിയിരുന്ന ആറ് പഞ്ചായത്തുകള്‍ മണ്ഡലത്തിന് പുറത്താണെന്നതാണ് ഇടതിന് പ്രതീക്ഷ നല്‍കിയിരുന്നത്.
എന്നാല്‍, കഴിഞ്ഞ ഗ്രാമ പഞ്ചായത്ത്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഇവിടെ യു.ഡി.എഫ് ശക്തമായ ഭൂരിപക്ഷം നേടിയിരുന്നു. ഇത്മറികടക്കുക ഇടതിന് എളുപ്പമാകില്ല. വള്ളിക്കുന്ന് പുതിയ മണ്ഡലമാണ്. ഇടതു മുന്നണി രംഗത്തിറക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥി ശങ്കരനാരായണന്‍ പഴയ കോണ്‍ഗ്രസുകാരനാണ്. അദ്ദേഹം കുറേ കോണ്‍ഗ്രസ് വോട്ടുകള്‍ പിടിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, അത്തരം പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി അഡ്വ. കെ.എന്‍.എ. ഖാദറും പ്രവര്‍ത്തകരും പറയുന്നു. ഇവിടെ ബി.ജെ.പി വോട്ടുകള്‍ മറിഞ്ഞാല്‍ അത് ഇടതു മുന്നണിക്ക് നേട്ടമാകാനാണ് സാധ്യത.
കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന മത്സരം നടക്കുന്നത് വേങ്ങര മണ്ഡലത്തിലാണ്. ജില്ലയിലെ ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് വേണ്ടി പാര്‍ട്ടി നീക്കിവെച്ചത്.
കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ പുതിയ മണ്ഡലത്തില്‍ യു.ഡി.എഫിന് 22,871 വോട്ട് ലീഡുണ്ട്. തുടക്കത്തില്‍ ഏകപക്ഷീയമായ മത്സരമായിരുന്നു ഇവിടെ.
കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതുസ്ഥാനാര്‍ഥി ഐ.എന്‍.എല്ലിലെ കെ.പി. ഇസ്മാഈലും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മജീദ് ഫൈസിയും രംഗത്തുണ്ട്.
കഴിഞ്ഞ പത്ത് ദിവസമായി ഇടതു മുന്നണി പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. മണ്ഡലത്തില്‍ കാര്യമായ സ്വീകാര്യത ലഭിക്കുന്നതായി ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ പറയുന്നു.
പൊതുപരിപാടികളേക്കാള്‍ കുടുംബയോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം.


No comments:

Post a Comment