Sunday, April 10, 2011

വേങ്ങര സംഭവം: കമീഷന് അജിതയുടെ പരാതി

വേങ്ങര സംഭവം: കമീഷന് അജിതയുടെ പരാതി

കോഴിക്കോട്: പി.കെ. കുഞ്ഞാലിക്കുട്ടിയെ പോലുള്ളവര്‍ അധികാരത്തിലെത്തിയാല്‍ കേരളത്തിലെ സ്ത്രീകളുടെ സ്ഥിതി എന്താകുമെന്ന് കെ. അജിത. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞദിവസം വേങ്ങരയില്‍ എത്തിയപ്പോള്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വേങ്ങരയില്‍ തന്നെയും അന്വേഷി പ്രവര്‍ത്തകരെയും പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയെന്ന് അജിത പറഞ്ഞു. വേങ്ങരസംഭവത്തില്‍ യു.ഡി.എഫിലെ മറ്റു കക്ഷികള്‍ നിലപാട് വ്യക്തമാക്കണം. നേതാക്കളറിയാതെയാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രസ്‌ക്ലബ് ഓഫിസ് വളഞ്ഞതും അക്രമിക്കാന്‍ ശ്രമിച്ചതുമെന്ന് കരുതുന്നില്ല. 2006ല്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രചാരണം നടത്താന്‍ പോയപ്പോള്‍ ഉണ്ടായതിന് സമാനമായ അനുഭവമാണ് വേങ്ങരയിലും ഉണ്ടായതെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അജിത ആരോപിച്ചു. പ്രസ്‌ക്ലബിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും പൊലീസും സംരക്ഷിച്ചതുകൊണ്ടു മാത്രമാണ് താനും പത്ത് അന്വേഷി പ്രവര്‍ത്തകരും ജീവനോടെ രക്ഷപ്പെട്ടത്. വേങ്ങരയില്‍നിന്ന് മലപ്പുറത്ത് എത്തുന്നതുവരെ ഭീകരാന്തരീക്ഷമായിരുന്നെന്നും അജിത പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്ക് എതിരെ മാത്രമല്ല ലൈംഗിക പീഡന കുറ്റാരോപിതരായ ആര് സ്ഥാനാര്‍ഥിയാകുന്നുണ്ടെങ്കിലും അതിനെതിരെ തങ്ങള്‍ പ്രചാരണം നടത്തും. വേങ്ങരയില്‍ നടന്ന സംഭവത്തില്‍ സാംസ്‌കാരിക നായകന്മാരും സാമൂഹിക പ്രവര്‍ത്തകരും പ്രതികരിക്കണം. അവിടെ നടന്നത് ജനാധിപത്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. എല്‍.ഡി.എഫാണ് അധികാരത്തിലെത്തേണ്ടത്. എന്നാല്‍ ഇപ്പോഴത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ പൂര്‍ണ തൃപ്തിയില്ല. പക്ഷേ, യു.ഡി.എഫ് തങ്ങളെ സംബന്ധിച്ച് ഒരു ബദലല്ലെന്നും അജിത പറഞ്ഞു. അന്വേഷി പ്രവര്‍ത്തകരായ ജാന്‍സി, ശ്രീജ, വാസന്തി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


No comments:

Post a Comment