Sunday, April 10, 2011

ഭരണതുടര്‍ച്ച നല്‍കിയാല്‍ കേരളം ബംഗാളാകും


ഭരണതുടര്‍ച്ച നല്‍കിയാല്‍ കേരളം ബംഗാളാകും

തിരുവനന്തപുരം: എല്‍.ഡി.എഫിന് ഭരണതുടര്‍ച്ച നല്‍കിയാല്‍ കേരളം രണ്ടാം ബംഗാളായി മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. വികസനമാണ് യു.ഡി.എഫ് മുന്നോട്ടു വെക്കുന്ന അജണ്ടയെന്നും എല്‍.ഡി.എഫിന്റെ കാലത്ത് വികസനമുണ്ടായിട്ടില്ലെന്നും ആന്റണി പറഞ്ഞു.

ഭരണത്തുടര്‍ച്ച ആവശ്യപ്പെടുന്ന സര്‍ക്കാര്‍ അതിനായിട്ട് ഭരണനേട്ടം ഉയര്‍ത്തികാണിച്ചാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടത്. അത് ചെയ്യാതെ മറ്റ് പ്രശ്‌നങ്ങള്‍ പറഞ്ഞ് ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അവകാശപ്പെടാന്‍ പറ്റിയ ഒരു നേട്ടവും എല്‍.ഡി.എഫ് ഗവണ്‍മെന്റിനില്ല.

എല്‍.ഡി.എഫ് ഉയര്‍ത്തികാണിക്കുന്ന നേട്ടങ്ങള്‍ കേന്ദ്ര പദ്ധതികളാണ്. പെണ്‍വാണിഭക്കാരെയും അഴിമതിക്കാരെയും കൈയാമം വെച്ചു നടത്തിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയുടേത് നാടകം മാത്രമാണ്. സംസ്ഥാനത്ത് സ്ത്രീപീഡനം, കൊള്ള, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളെ കുറിച്ച് വ്യക്തമായ വിവരം സര്‍ക്കാരിന്റെ കൈയ്യില്‍ ലഭ്യമല്ല. നിയമസഭയില്‍ ചോദിച്ചപ്പോള്‍ വിവരം ശേഖരിച്ച് വരുന്നേയുള്ളുവെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബംഗാളില്‍ നിന്ന് ലക്ഷകണക്കിന് തൊഴിലാളികളാണ് കേരളത്തിലേക്ക് ഒഴുകുന്നത്. തൊഴിലില്ലാഴ്മ, ദാരിദ്ര്യം, പട്ടിണി എന്നിവയില്‍ ബിഹാറിനെ പിന്തള്ളുകയാണ് ബംഗാളെന്നും ആന്റണി ആരോപിച്ചു.


No comments:

Post a Comment