Saturday, April 9, 2011

പെണ്‍കുട്ടികള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതില്‍ ഐസ്‌ക്രീം റാക്കറ്റിന് പങ്ക് -കെ. അജിത

Published on Sat, 04/09/2011 - 08:26 ( 14 hours 15 min ago)

കോഴിക്കോട്: രണ്ടു പെണ്‍കുട്ടികള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തതില്‍ ഐസ്‌ക്രീം റാക്കറ്റിന് വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷി പ്രസിഡന്റ് കെ. അജിത അന്വേഷി ഓഫിസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മരിച്ച ഒരു പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഐസ്‌ക്രീം കേസിലെ മുഖ്യപ്രതി ശ്രീദേവി നിരന്തരം ഭീഷണിക്കത്തുകള്‍ അയച്ചിരുന്നു. പെണ്‍കുട്ടികള്‍ മരിച്ചതിനുശേഷം ഇതുസംബന്ധിച്ച് അന്ന് ഇപ്പോഴത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തെളിവ് നല്‍കിയിരുന്നു. ഈ കേസിലും വിശദമായ അന്വേഷണം നടത്തണം. 'ഇതൊന്നും വെറും പെണ്‍വാണിഭ കേസല്ല. വലിയ മാഫിയ ശൃംഖലയുടെ തട്ടിപ്പിന്റെ കഥകളാണ്' -അജിത പറഞ്ഞു.
ഐസ്‌ക്രീം കേസ് ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമാണ്. ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതില്‍ തെറ്റില്ല. അന്വേഷണത്തിന് ഉത്തരവിട്ടത് അദ്ദേഹമാണ്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം നടന്ന സമയത്തെ കുഞ്ഞാലിക്കുട്ടിയുടെ യഥാര്‍ഥ ടൂര്‍ ഡയറി പുറത്തായ സാഹചര്യത്തില്‍ അത് തെളിവായി സ്വീകരിക്കണം. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പാണ്. വി.എസിനല്ലാതെ മറ്റ് ഒരു നേതാവിനും ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം നടത്താനുള്ള നിശ്ചയദാര്‍ഢ്യം ഉണ്ടാകില്ല. വി.എസിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് തന്നെ വീണ്ടും അധികാരത്തില്‍ വരണം -അജിത പറഞ്ഞു.
ലതികാ സുഭാഷിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വിവാദമാക്കിയത് അദ്ദേഹത്തെ സ്ത്രീവിരോധിയായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ യു.ഡി.എഫിന്റെ കൂടെക്കൂടി വി.എസ്. അച്യുതാനന്ദനെതിരെ അനാവശ്യ ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാക്കി അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. മുഖ്യമന്ത്രിയെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്ന് പറയുന്ന ലതികാ സുഭാഷ് സ്ത്രീകള്‍ക്കുനേരെ നടന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ ഇടപെട്ടതായോ പ്രതികരിച്ചതായോ കണ്ടിട്ടില്ല. കിളിരൂരില്‍ മരിച്ച ശാരിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ലതികാ സുഭാഷ് ഇത്രയും കാലവും ആവഴിക്ക് ചെന്നിട്ടില്ല. സ്ത്രീകള്‍ക്കുവേണ്ടി എപ്പോഴെങ്കിലും ലതികാ സുഭാഷ് സംസാരിച്ചതായി കേട്ടിട്ടില്ല അജിത പറഞ്ഞു. സ്ത്രീപീഡന കേസില്‍ ആരോപണ വിധേയനായ പി. ശശിയെ പാര്‍ട്ടിയില്‍നിന്നുതന്നെ നീക്കംചെയ്യണമായിരുന്നു.


No comments:

Post a Comment