Saturday, April 9, 2011

പെണ്‍വാണിഭക്കേസുകള്‍ ഏറ്റെടുക്കാന്‍ പൊലീസിലെ ഉന്നതര്‍ക്ക് വിമുഖത


കോട്ടയം: ഐസ്‌ക്രീം പാര്‍ലര്‍, കോതമംഗലം പെണ്‍വാണിഭക്കേസുകളില്‍ മുഖ്യമന്ത്രിയുടെ പുതിയ 'പൂച്ചകളാകാന്‍' പൊലീസിലെ ഉന്നതര്‍ക്ക് വിമുഖത. ഈ കേസുകള്‍ ഏറ്റെടുക്കാനാകുമോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് താല്‍പ്പര്യമില്ലെന്ന മറുപടിയാണ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.
കുഞ്ഞാലിക്കുട്ടി നിരപരാധിയാണെന്ന് ആദ്യം കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത് അന്ന് എ.ഡി.ജി.പിയും ഇപ്പോള്‍ ഡി.ജി.പിയുമായ ജേക്കബ് പുന്നൂസായിരുന്നു.
ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഈ കേസില്‍ തീര്‍പ്പുകല്‍പ്പിച്ചത്. എന്നാല്‍, പ്രത്യേക അന്വേഷണ സംഘം കുഞ്ഞാലിക്കുട്ടിക്ക് പങ്കുണ്ടെന്ന് കണ്ടെത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അത് തനിക്ക് ദോഷകരമാകുമെന്ന ആശങ്കയും ജേക്കബ് പുന്നൂസിനുണ്ട്.
അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പങ്ക് തെളിയിക്കാന്‍ കഴിയുന്നില്ലെന്ന രീതിയില്‍ പുതിയ റിപ്പോര്‍ട്ട് വിന്‍സന്‍ എം.പോളിനെക്കൊണ്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി ഉള്‍പ്പെടെ പൊലീസിലെ ഉന്നത സംഘം നീക്കം നടത്തുന്നതത്രേ.
ഇക്കാര്യം മുഖ്യമന്ത്രിക്ക് വ്യക്തമായിട്ടുണ്ട്. സംസ്ഥാന പൊലീസ് സേനയിലെ ആരും ഈ കേസ് ഏറ്റെടുക്കാന്‍ തയാറാകുന്നില്ലെങ്കില്‍ സി.ബി.ഐക്ക് കൈമാറുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി ഗൗരവമായി ചിന്തിക്കുന്നതായാണ് വിവരം.
ഐസ്‌ക്രീം പാര്‍ലര്‍, കോതമംഗലം പെണ്‍വാണിഭക്കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തോട് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയുടെ പകര്‍പ്പും തനിക്ക് നേരിട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിന് വ്യവസ്ഥയില്ലെന്ന നിലപാടിലാണ് എ.ഡി.ജി.പി വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുന്നതിന് പകരം ഡി.ജി.പി ജേക്കബ് പുന്നൂസിന് വിന്‍സന്‍ എം.പോള്‍ നല്‍കും.
ഇതില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് പുതിയ സംഘം രൂപവത്കരിക്കുന്നതിന് മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അഭിപ്രായം ആരാഞ്ഞു. കേസ് സി.ബി.ഐക്ക് വിടുന്നതാണ് ഉചിതമെന്ന് ഇവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടത് മുഖ്യമന്ത്രിക്ക് രസിച്ചില്ല. എന്തായാലും മുഖ്യമന്ത്രി വിളിച്ചുവരുത്തിയ മൂന്നുപേരും പുതിയ പൂച്ചകളാകാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.


No comments:

Post a Comment