Monday, April 4, 2011

യു.ഡി.എഫ് നേതാക്കളും പിന്തുണ തേടി; പ്രഖ്യാപനം ഉടന്‍ -ജമാഅത്ത് അമീര്‍

Published on Mon, 04/04/2011 - 22:02 ( 1 hour 14 min ago)

യു.ഡി.എഫ് നേതാക്കളും പിന്തുണ തേടി; പ്രഖ്യാപനം ഉടന്‍ -ജമാഅത്ത് അമീര്‍

ന്യൂദല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി യു.ഡി.എഫ് നേതാക്കളും തങ്ങളെ സമീപിച്ചിരുന്നതായി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി. കോണ്‍ഗ്രസിനു വേണ്ടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ഐ ഷാനവാസാണ് ചര്‍ച്ചക്കായി ഹിറാ സെന്ററില്‍ വന്നത്. യു.ഡി.എഫിലെ മറ്റു ചില നേതാക്കളും ചര്‍ച്ചക്ക് വരുകയുണ്ടായെന്ന് ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
പിന്തുണ സംബന്ധിച്ച് വിവാദമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. നിലപാട് കൈക്കൊള്ളുന്നതിന്റെ മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചന നടത്തുക പതിവാണ്. പല രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും അങ്ങനെ ചര്‍ച്ച നടന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി നടന്നത് രഹസ്യ ചര്‍ച്ചയുമല്ല. എം.ഐ ഷാനവാസിനു പുറമെ ചര്‍ച്ചക്കു വന്ന മറ്റു യു.ഡി.എഫ് നേതാക്കളുടെ പേരുകള്‍ ആവശ്യമെങ്കില്‍ പിന്നീട് വെളിപ്പെടുത്താന്‍ തയാറാണെന്നും അമീര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തേടിയില്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഇത്തവണ ആര്‍ക്കു പിന്തുണ നല്‍കണം എന്ന കാര്യത്തില്‍ സംഘടനയുടെ താഴേത്തട്ടില്‍ അന്തിമ ചര്‍ച്ച നടക്കുകയാണ്. ഉടന്‍ അക്കാര്യം പരസ്യപ്പെടുത്തും. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളൊന്നും തന്നെ സംഘടന കൈക്കൊള്ളാന്‍ പോകുന്ന തെരഞ്ഞെടുപ്പ് തീരുമാനത്തെ ഒരു നിലക്കും ബാധിക്കുകയുമില്ല. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയും സംഘടനാ തത്ത്വങ്ങളില്‍ ഊന്നിനിന്നു കൊണ്ടുമായിരിക്കും തീരുമാനം.
വര്‍ഗീയതയും ഭീകരതയും ജമാഅത്തിനു മേല്‍ ആരോപിക്കാന്‍ എല്ലാ പാര്‍ട്ടികളും എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടു തവണ ജമാഅത്തിനെ നിരോധിച്ചതും ചരിത്രം. അതൊന്നും പിന്തുണ നല്‍കുന്നതിന് ജമാഅത്തിന് തടസമായില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും രാജ്യത്തെ 200 മണ്ഡലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി പിന്തുണ കോണ്‍ഗ്രസിനായിരുന്നു. ജമാഅത്തിനെ മറ്റുള്ളവര്‍ എങ്ങനെ സമീപിക്കുന്നു എന്നത് സംഘടനക്ക് പ്രഥമ പരിഗണനീയമായ കാര്യമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും ഇടതുമുന്നണിക്കായിരുന്നു ജമാഅത്ത് പിന്തുണ.
പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും അന്തിമതീരുമാനം. പിന്തുണ നല്‍കി എന്നതിന്റെ പേരില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ജമാഅത്ത് ഒരിക്കലും മടിച്ചിട്ടുമില്ല. നയനിലപാടുകളോട് യോജിപ്പും വിയോജിപ്പും പുലര്‍ത്തുന്ന രീതി തുടരും.
ഏതുമുന്നണിയെ പിന്തുണക്കണം എന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കും മുമ്പെയാണ് മുന്‍ പൊളിറ്റിക്കല്‍ സെ്രകട്ടറി ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. അനവസരത്തിലുള്ളതും യുക്തിരഹിതവുമായ നിലപാടാണിത്. സംഘടനാ വേദികളില്‍ താന്‍ പലതവണ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്ന് ഹമീദ് വാണിമേല്‍ പോലും സമ്മതിക്കുന്നുണ്ട്. സംഘടനയില്‍ പൊട്ടിത്തെറിയൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. ഒരു കൂട്ടരുമായി ചര്‍ച്ച നടത്തി എന്നതിന്റെ പേരില്‍ സംഘടന വിടുന്നത് ജമാഅത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളാത്തതു കൊണ്ടാണ്. ഇനി രാജിക്കു പിന്നില്‍ മറ്റു വല്ല പ്രേരണകളും ഉണ്ടായിരുന്നോ എന്ന കാര്യം പഠിക്കപ്പെടുകയും വേണം.
വളരെ കുറഞ്ഞ ശതമാനം വോട്ട് മാത്രമേ സംഘടനക്കുള്ളൂ. ഇതേക്കുറിച്ച് വലിയ അവകാശവാദമൊന്നും സംഘടന നടത്തിയിട്ടുമില്ല. നേര്‍ക്കു നേരെയുള്ള വോട്ടുകളേക്കാള്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ആരെ പിന്തുണക്കുന്നു എന്നത് കേരളീയ പൊതു സമൂഹവും മാധ്യമങ്ങളും താല്‍പര്യത്തോടെ വീക്ഷിക്കാറുണ്ട്. നിഷ്പക്ഷ വോട്ടുകളെ തീര്‍ച്ചയായും അത് സ്വാധീനിക്കുകയും ചെയ്യും -ആരിഫലി കൂട്ടിച്ചേര്‍ത്തു.


No comments:

Post a Comment