Friday, April 15, 2011

ബിനായക് സെന്നിന് ജാമ്യം


ബിനായക് സെന്നിന് ജാമ്യം

ന്യൂദല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ: ബിനായക് സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സെന്നിന് ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എച്ച്.എസ് ബേദി, സി.കെ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സെന്നിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

മാവോയിസ്റ്റുകളെ സഹായിക്കുക വഴി രാജ്യദ്രോഹക്കുറ്റം ചെയ്‌തെന്ന് കണ്ടെത്തി ഛത്തീസ്ഗഡ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിനായക് സെന്‍ കഴിഞ്ഞ കുറെ വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു. സെന്‍ നല്‍കിയ ജാമ്യാപേക്ഷ നേരത്തെ വിചാരണ കോടതിയും ഛത്തീസ്ഗഡ് ഹൈകോടതിയും തള്ളിയിരുന്നു.

അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മാവോയിസ്റ്റ് ലഘുലേഖകളുടെ അടിസ്ഥാനത്തിലാണ് ഛത്തീസ്ഗഡ് കോടതി സെന്നിനെതിരെ നടപടിയെടുത്തത്. എന്നാല്‍ ഇത്തരം ലഘുലേഖകള്‍ കണ്ടെത്തിയത് കൊണ്ട് മാത്രം ഒരാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സെന്നിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാനും സുപ്രീംകോടതി ഛത്തീസ്ഗഡ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അതേസമയം, ജാമ്യം അനുവദിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെന്ന ഉപാധി വെക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാറിന്റെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി അത്തരം ആവശ്യങ്ങള്‍ വിചാരണ കോടതിയില്‍ ആണ് ഉന്നയിക്കേണ്ടതെന്നും നിര്‍ദേശിച്ചു

No comments:

Post a Comment