Friday, April 15, 2011

എന്‍ഡോസള്‍ഫാന്‍: ദേശീയ കണ്‍വെന്‍ഷന്‍ 17ന്


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 17ന് ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് കണ്‍വെന്‍ഷന്‍.
ഏപ്രില്‍ 24 മുതല്‍ 29 വരെ ജനീവയിലെ സ്‌റ്റോക്‌ഹോമില്‍ നടക്കുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും ഉപയോഗവും വിതരണവും അടിയന്തരമായി നിരോധിക്കുക, ദുരന്തബാധിതരെ പുനരധിവസിപ്പിക്കുക, ട്രൈബ്യൂണല്‍ സ്ഥാപിച്ച് യഥാര്‍ഥ നഷ്ടപരിഹാരം നല്‍കുക, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ കൂട്ടക്കൊലക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക, ജില്ലയില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ഉടന്‍ തിരിച്ചുകൊണ്ടുപോവുക, മാരകമായ രാസകീടനാശിനികള്‍ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കണ്‍വെന്‍ഷന്‍ മുന്നോട്ടുവെക്കുന്നത്.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രി ബിനോയ് വിശ്വം, മേധാ പട്കര്‍, വന്ദന ശിവ, പി. കരുണാകരന്‍ എം.പി, വി.എം. സുധീരന്‍, എം.പി. വീരേന്ദ്രകുമാര്‍, സി.കെ. പത്മനാഭന്‍, ഡോ. എം.കെ. മുനീര്‍, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, പള്ളിപ്രം ബാലന്‍, കെ.വി. കുഞ്ഞിരാമന്‍, സി.ടി. അഹമ്മദലി, സി.എച്ച്. കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ഡോ. രവീന്ദ്രനാഥ് ഷാന്‍ബോഗ്, ഡോ. ഉണ്ണികൃഷ്ണന്‍ മണിപ്പാല്‍, ലീലാകുമാരിയമ്മ, സിവിക് ചന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രഫ. ടി.സി. മാധവപണിക്കര്‍, പ്രഫ. എം.എ. റഹ്മാന്‍, സുധീര്‍കുമാര്‍, നാരായണന്‍ പേരിയ, കെ.ബി. മുഹമ്മദ്കുഞ്ഞി, അംബികാസുതന്‍ മാങ്ങാട് എന്നിവര്‍ സംബന്ധിച്ചു.


No comments:

Post a Comment