Thursday, April 14, 2011

വേങ്ങരയില്‍ പുരുഷന്മാരുടെ പോളിംഗില്‍ കുറവ്

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയില്‍ പുരുഷന്മാരുടെ പോളിങ്ങില്‍ കുറവ്. ഇവിടെ 73.86 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 64.07 ശതമാനം പുരുഷന്മാര്‍ മാത്രമാണ് വോട്ട് ചെയ്തത്. ഏതാണ്ട് പത്ത് ശതമാനത്തോളമാണ് കുറവ്് 14,000 ഓളം പുരുഷവോട്ടര്‍മാര്‍ വോട്ട് ചെയ്തില്ല എന്ന് ചുരുക്കം. ജില്ലയില്‍ പുരുഷ വോട്ടര്‍മാരെക്കാള്‍ സ്ത്രീ വോട്ടര്‍മാര്‍ കുറവുള്ള രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് വേങ്ങര. വേങ്ങരയില്‍ 73561 പുരുഷന്മാരും 70743 സ്ത്രീകളുമാണ് വോട്ടര്‍മാര്‍. എന്നിട്ടും പുരുഷന്മാരില്‍ പത്ത് ശതമാനം പേര്‍ വോട്ട് ചെയ്യാതായതിന് മറ്റെന്തോ ആണ് കാരണം. മണ്ഡലത്തിലെ പറപ്പൂര്‍, വേങ്ങര പഞ്ചായത്തുകളില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ അനൈക്യം നിലനില്‍ക്കുന്നുണ്ട്.. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുമ്പ് ഈ അനൈക്യം ഇല്ലാതാക്കാന്‍ രണ്ട് പാര്‍ട്ടികളുടെയും നേതാക്കള്‍ ഇടപെട്ട് ശ്രമം നടത്തിയിരുന്നു. ഈ ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല. കോണ്‍ഗ്രസുകാരില്‍ ചിലര്‍ യു.ഡി.എഫിന് വോട്ട് ചെയ്തിട്ടില്ല എന്നും സൂചനയുണ്ട്.
വേങ്ങരയില്‍ ഇത്തവണ 68.87 ശതമാനമാണ് പോളിങ് നടന്നത്. അതായത് മൊത്തം 99384 പേര്‍ വോട്ടവകാശം രേഖപ്പെടുത്തി. ജില്ലയുടെ മൊത്തം പോളിങ് 74.25 ശതമാനമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ 71.97ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു.

No comments:

Post a Comment