Tuesday, April 5, 2011

ജമാഅത്തെ ഇസ്‌ലാമി- സി.പി.എം ധാരണ: നട്ടാല്‍ കുരുക്കാത്ത നുണ


തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുമായി തെരഞ്ഞെടുപ്പ് ധാരണയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ജമാഅത്തുമായി ഇടതുമുന്നണി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് വയലാര്‍ രവിയും ചെന്നിത്തലയും ഇ.ടി.മുഹമ്മദ് ബഷീറും എഴുന്നള്ളിച്ചത്. സി.പി.എം സെക്രട്ടറിയെ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി. ആരിഫലി ചെന്നു കണ്ടുവെന്നും അത് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനാണെന്നുമാണ് വയലാര്‍ രവിയെ പോലെയുള്ളവര്‍ വെച്ചുകാച്ചിയത്.

പിണറായി വിജയന്‍ ആരിഫലിയെ അങ്ങോട്ട് ചെന്ന് കണ്ടതല്ല. സി.പി.എമ്മോ ഇടത് മുന്നണിയോ മുന്നണിക്ക് പുറത്തുള്ള ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണ തേടിയിട്ടില്ല. യു.ഡി.എഫിന്റെ വര്‍ഗീയ മുഖം മറനീക്കി പുറത്തുവന്നതിന്റെ ജാള്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.എം ധാരണയുണ്ടാക്കിയെന്ന നുണപ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്‌ലാമിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചതും അങ്ങോട്ട് ചെന്ന് ചര്‍ച്ച നടത്തിയതും യു.ഡി.എഫ് നേതാക്കളാണെന്ന് ആരിഫലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എം.ഐ. ഷാനവാസാണ് ചര്‍ച്ച നടത്തിയതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അവസരമുണ്ടാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായി വിവരമുണ്ട്. രമേശുമായി മാത്രം ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന ജമാഅത്തിന്റെ നിലപാടിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ചക്ക് ആഗ്രഹിക്കുന്നുവെന്ന വിവരം യു.ഡി.എഫ് നേതാവ് എം.പി വീരേന്ദ്രകുമാര്‍ ജമാഅത്ത് ആസ്ഥാനത്ത് എത്തി അവരെ അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എം.എസ്.എഫ് നേതാവ് ഡോ. അഷറഫിന്റെ വീട്ടില്‍വെച്ച് ചെന്നിത്തല ജമാഅത്ത് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ച ദൃശ്യമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതെല്ലാം മറച്ചുവെച്ചാണ് ആരിഫലി സി.പി.എം സംസ്ഥാന സെക്രട്ടറിയെ ചെന്നുകണ്ടതിനെ കുറിച്ച് യു.ഡി.എഫ് ദുര്‍വ്യാഖ്യാനം നടത്തുന്നത്.

ജമാഅത്തെ ഇസ്‌ലാമി എന്ത് നിലപാട് എടുക്കണമെന്ന് തീരുമാനിക്കുന്നത് അവരാണെന്ന് വി.എസ് പറഞ്ഞു. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ജമാഅത്തെ ഇസ്‌ലാമി പൂര്‍ണമായും മതാധിഷ്ഠിത സംഘടനയാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന് എതിരാണ് അവരുടെ പ്രത്യയശാസ്ത്രം. തങ്ങള്‍ അതിനെതിരെ ശക്തമായ നിലപാട് ഉയര്‍ത്തിയിട്ടുണ്ടെന്നും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയം മുറുകെ പിടിക്കുന്ന വലിയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. വര്‍ഗീയ പാര്‍ട്ടിയായ ലീഗാണ് കോണ്‍ഗ്രസ് മുന്നണിയിലെ രണ്ടാമത്തെ കക്ഷി. കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫ് നിയമസഭാ കക്ഷി ഉപനേതാവാക്കാമെന്ന രഹസ്യധാരണ പരസ്യമായിട്ടുണ്ട്. മാണി ഗ്രൂപ്പും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്ന് അവര്‍ തന്നെ പറയില്ല.
യു.ഡി.എഫ് മതനിരപേക്ഷതക്ക് എതിരും വര്‍ഗീയതയെ തരാതരം പോലെ താലോലിക്കുകയും ചെയ്യുന്ന മുന്നണിയാണ്. ഇടതു മുന്നണി എല്ലാ കാലവും മതനിരപേക്ഷതക്ക് വേണ്ടിയാണ് നിലകൊണ്ടതെന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. എല്ലാ മതങ്ങളിലും പെട്ട പാവപ്പെട്ടവരുടെയും ഇടത്തട്ടുകാരുടെയും താല്‍പര്യ സംരക്ഷണത്തിനാണ് ഇടതു മുന്നണി ഊന്നല്‍ നല്‍കുന്നത്.

പരാജയം ഉറപ്പായതിനെ തുടര്‍ന്ന് നടത്തുന്ന ആരോപണം ജനം തള്ളും. അത് മനസ്സിലാക്കിയാണ് ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ധാരണ എന്ന കള്ളക്കഥ കൊണ്ടുവന്നതെന്നും വി.എസ്‌പറഞ്ഞു.


No comments:

Post a Comment