Tuesday, April 5, 2011

ഐസ്‌ക്രീം: റജീനയുടെ മൊഴിമാറ്റക്കേസില്‍ കോടതി അനുമതിയോടെ പുനരന്വേഷണം


കോഴിക്കോട്: ഐസ്‌ക്രീംപാര്‍ലര്‍ വാണിഭവുമായി ബന്ധപ്പെട്ട റജീനയുടെ മൊഴിമാറ്റക്കേസില്‍ കോടതിയുടെ അനുമതിയോടെ പുനരന്വേഷണം. ഐസ്‌ക്രീം കേസ് അട്ടിമറി അന്വേഷിക്കുന്ന എ.ഡി.ജി.പി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൊഴിമാറ്റക്കേസിലെ പ്രധാനപ്രതിയായ കെ.എ. റഊഫിനെ അന്വേഷണ സംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തു. മറ്റു പ്രതികളെ വരുംദിവസങ്ങളില്‍ ചോദ്യംചെയ്യുമെന്നാണറിയുന്നത്. കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താന്‍ പണം നല്‍കിയാണ് റജീനയുടെ മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലില്‍ റഊഫ് മറുപടി പറഞ്ഞത്. റജീന വനിതാ കമീഷനു നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
റജീനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെയും മറ്റ് പ്രതികളെയും വനിതാ കമീഷന്‍ വിസ്തരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ റഊഫ് മൊഴി നല്‍കി.
ഇതിനോടൊപ്പം ഐസ്‌ക്രീം പാര്‍ലര്‍ വാണിഭവുമായി ബന്ധപ്പെട്ട പഴയ രണ്ട് കേസുകൂടി പുനരന്വേഷിക്കാന്‍ അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്. ഐസ്‌ക്രീംകേസിലെ പ്രതികളായിരുന്നവരുടെ കോഴിക്കോട് നഗരത്തിലെ അനധികൃത സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട കേസ്, പീഡനത്തിനിരയായ ബിന്ദുവിന്റെ മൊഴിയില്‍ വ്യാജ ഒപ്പിട്ട കേസ് എന്നിവയാണ് ഇവ.
സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ അന്വേഷണ ദിശയില്‍ ഏറെ പ്രധാനമാകും ഈ കേസുകളുടെ പുനരന്വേഷണം.
ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പ്രധാനസാക്ഷിയായ റജീന മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ തന്നെ പീഡിപ്പിച്ചതായി കോഴിക്കോട് സി.ജെ.എം കോടതിയില്‍ കൊടുത്ത മൊഴിക്ക് വിരുദ്ധമായി കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ പിന്നീട് മൊഴി കൊടുത്തിരുന്നു.
മൊഴിമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നേരത്തെയെടുത്ത കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയാണുണ്ടായത്. കെ.എ. റഊഫ്, ചേളാരി സ്വദേശി ഷരീഫ്, അഭിഭാഷകരായിരുന്ന ബൈജുനാഥ് കരിപ്പാളി, സുഭാഷ് ബെനഡിക്ട് തുടങ്ങിയ എട്ടോളംപേര്‍ കേസില്‍ പ്രതികളായിരുന്നു.


No comments:

Post a Comment