Friday, April 1, 2011

കാര്‍ഷിക മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി


കാര്‍ഷിക മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി
വ്യവസ്ഥകള്‍ ഉദാരമാക്കി

ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് പുറംനിക്ഷേപം കൊണ്ടുവരുന്നതിന്റെ വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ ഉദാരമാക്കി. വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നൂറു ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിച്ചു. തേയിലത്തോട്ട മേഖലയില്‍ പൂര്‍ണ വിദേശ നിക്ഷേപത്തിന് അനുമതി. വിത്ത് ഉല്‍പാദനം, തോട്ടം നടീല്‍, പച്ചക്കറി, ഉദ്യാനക്കൃഷി, മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി, കാര്‍ഷിക-അനുബന്ധ മേഖലകളിലെ സേവനങ്ങള്‍ എന്നിവ വിദേശ നിക്ഷേപ നിയന്ത്രണം പൂര്‍ണമായും എടുത്തുകളഞ്ഞ മേഖലകളില്‍പെടും. ജനിതക മാറ്റം വരുത്തിയ സാമഗ്രികള്‍ ഉപാധികള്‍ക്ക് വിധേയമായി ഇറക്കുമതി ചെയ്യാം.
വാണിജ്യ മന്ത്രാലയത്തിന് കീഴിലെ വ്യവസായ നയ-പ്രോത്സാഹന വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഗവേഷണശാലകളില്‍ എന്നപോലെ, കൃത്രിമമായി സൃഷ്ടിച്ചെടുത്ത കാലാവസ്ഥയിലും സവിശേഷ കാലാവസ്ഥകളിലും നടക്കേണ്ട കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പുറംനിക്ഷേപം അനുവദിക്കും. തേയിലത്തോട്ടങ്ങള്‍ ഈ ഗണത്തിലാണ്. എന്നാല്‍, മറ്റു തോട്ട-നാണ്യ വിളകളെ ഉള്‍പ്പെടുത്തിയിട്ടില്ല. തേയിലത്തോട്ടത്തിന്റെ കാര്യത്തില്‍, നിര്‍ദിഷ്ട സ്ഥാപനത്തിന്റെ 26 ശതമാനം ഓഹരി ഇന്ത്യക്കാര്‍ക്ക് നല്‍കിയിരിക്കണമെന്ന വ്യവസ്ഥ വെച്ചിട്ടുണ്ട്. ഭൂവിനിയോഗത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വാങ്ങണം. അത്യുല്‍പാദന ശേഷിയുള്ള മാടുകളുടെ വളര്‍ത്തുകേന്ദ്രം മുതല്‍ അക്വേറിയം, കോഴി ഫാമുകള്‍ എന്നിവയില്‍ വരെ ഇനി പ്രത്യക്ഷ വിദേശ നിക്ഷേപമാകാം.
പുതിയ സാമ്പത്തിക വര്‍ഷാരംഭമായ വെള്ളിയാഴ്ച മുതല്‍തന്നെ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരും. ജനിതക മാറ്റം വരുത്തിയ വിത്തുകളുടെയും പച്ചക്കറികളുടെയും വികസനത്തിനുള്ള വിദേശ നിക്ഷേപ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കണം. ജനിതക മാറ്റം വരുത്തിയ സാമഗ്രികള്‍ വിദേശ വ്യാപാര നിയന്ത്രണ നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഇറക്കുമതി ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ വിത്തുനയത്തിന് അനുസൃതമായിരിക്കണം അവയുടെ ഇറക്കുമതി.
വ്യവസായ മേഖലയിലും പ്രത്യക്ഷ വിദേശ നിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടുണ്ട്. ഒരു കമ്പനിയുടെ ആസ്തിയെന്ന നിലയില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലക്ക് പകരമായി ഇനി കമ്പനിയുടെ ഓഹരി നല്‍കാം. ഇന്ത്യന്‍ കമ്പനികളുടെ അനുവാദത്തോടെയാകണം അവയുടെ സമാന പ്രവര്‍ത്തന മേഖലയിലേക്കുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കേണ്ടതെന്ന നിയന്ത്രണ വ്യവസ്ഥ നീക്കി. മത്സരക്ഷമത വളര്‍ത്താനും മെച്ചപ്പെട്ട നിക്ഷേപ കേന്ദ്രമാക്കി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടാനും ഈ തീരുമാനം വഴി കഴിയുമെന്നാണ് ഔദ്യോഗിക വിശദീകരണം.
വിദേശ വിനിമയ നിയന്ത്രണ നിയമം, സെബി മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി കടപ്പത്രം, ഭാഗികമായി അടച്ചുതീര്‍ത്ത ഓഹരി, മുന്‍ഗണനാ ഓഹരി തുടങ്ങിയവയെ യുക്തമെന്ന് തോന്നുന്നപക്ഷം ഓഹരികളാക്കി മാറ്റാന്‍ കമ്പനികളെ അനുവദിച്ചു. പ്രത്യക്ഷ വിദേശ നിക്ഷേപം വരുന്നതിലെ പഴുതുകള്‍ അടക്കാന്‍ കമ്പനികളെ രണ്ടായി തിരിച്ചു. വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ഇന്ത്യക്കാരായ വ്യവസായികളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനികള്‍ എന്നിങ്ങനെയാണത്. വന്‍തോതില്‍ വിദേശ ഓഹരിയുള്ള കമ്പനികള്‍ ഇതോടെ വിദേശ കമ്പനികളുടെ ഗണത്തില്‍ വരും.
ഫെബ്രുവരിയില്‍ അവസാനിച്ച ഒരു വര്‍ഷത്തെ കണക്കുപ്രകാരം, പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ വരവ് മൂന്നിലൊന്നു കണ്ട് കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്. ഈ കാലയളവില്‍ ഉണ്ടായ പ്രത്യക്ഷ വിദേശ നിക്ഷേപം 1830 കോടി ഡോളറിന്‍േറതാണ്. സാമ്പത്തിക മാന്ദ്യമാണ് ഈ ഇടിവിന് പ്രധാന കാരണം. എന്നാല്‍, വരവ് കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് വ്യവസ്ഥകള്‍ ഉദാരമാക്കിയിരിക്കുന്നത്.

No comments:

Post a Comment