Saturday, March 19, 2011

ശശിക്കെതിരെ ലഭിച്ച പരാതി തീരെ ചെറുത് -കോടിയേരി


ശശിക്കെതിരെ ലഭിച്ച പരാതി തീരെ ചെറുത് -കോടിയേരി

കണ്ണൂര്‍: സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെ പാര്‍ട്ടിക്ക് ലഭിച്ച പരാതി തീരെ ചെറുതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. 'കാര്യമായ പരാതിയൊന്നും ശശിക്കെതിരെ ലഭിച്ചിട്ടില്ല. എന്നിട്ടും പാര്‍ട്ടി കടുത്ത നടപടിയെടുത്തില്ലേ ?' സി.പി.എം പോളിറ്റ്ബ്യൂറോ അംഗംകൂടിയായ കോടിയേരി താന്‍ മത്സരിക്കുന്ന തലശ്ശേരിക്കുള്ള യാത്രാമധ്യേ ശനിയാഴ്ച രാവിലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 'മാധ്യമ'ത്തോടു സംസാരിക്കുകയായിരുന്നു.
? ശശിക്കെതിരെ പാര്‍ട്ടിയെടുത്ത നടപടി മൃദുവായിപ്പോയെന്ന് പരാതിയുണ്ടല്ലോ ?
= അതിന് ശശിക്കെതിരെ കാര്യമായ പരാതിയൊന്നും ലഭിച്ചിട്ടില്ലല്ലോ.
? കടുത്ത പരാതികള്‍ സ്ത്രീകളടക്കം നല്‍കിയതായി പാര്‍ട്ടിവൃത്തങ്ങള്‍ തന്നെ പറയുന്നു
= ആരു പറഞ്ഞു. സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ അങ്ങനെയൊന്നുമില്ല. ശശി അപമര്യാദയായി പെരുമാറിയെന്നേ പരാതിയിലുള്ളൂ. സെക്ഷ്വല്‍ ഹരാസ്‌മെന്റ് നടത്തിയതായി പരാതിയിലില്ല. അന്വേഷണ കമീഷനുമുമ്പാകെ യുവതി അങ്ങനെ മൊഴി നല്‍കിയിട്ടുമില്ല.
? പരാതിയുടെ കോപ്പി ലഭ്യമാക്കാമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു
= ശ്രമിച്ചോളൂ. പക്ഷേ, പരാതിയില്‍ കടുത്ത പരാമര്‍ശമൊന്നുമില്ല. അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സംസ്ഥാന സമിതിയംഗമായ ശശിയെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയില്ലേ. വേറെ ഏതു പാര്‍ട്ടി ഇങ്ങനെ നടപടി സ്വീകരിക്കും.
? മുന്‍ കോഴിക്കോട് മേയര്‍ ടി.പി.ദാസനെ ആദ്യം പുറത്താക്കുകയും പിന്നീട് കായികരംഗത്ത് മുഖ്യസ്ഥാനം നല്‍കുകയും ചെയ്തപോലെ ശശിയെ ഭാവിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നീക്കമുള്ളതായി സംശയമുണ്ട്
= ഏയ്, അതൊന്നുമുണ്ടാവില്ല.
? സി.കെ.പി. പത്മനാഭന്‍ എം.എല്‍.എയും ശശിക്കെതിരെ സമാന വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടല്ലോ
= ഇല്ല, സി.കെ.പി അങ്ങനെയൊരു പരാതി ഇതുവരെ പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല.
? പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്ന നടപടി ശശിയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്നും പാര്‍ട്ടി അണികളില്‍ സംസാരമുണ്ടല്ലോ
= ഭരണഘടനയനുസരിച്ചാണ് നടപടിയെടുത്തത്. അപമര്യാദയായി പെരുമാറിയതിന് ഇത്രയും താഴേക്ക് തരംതാഴ്ത്തിയില്ലേ.


2 comments:

  1. ശശിക്കെതിരെ ചെറിയ പരാതി ഉന്നയിച്ചതിനുതന്നെ സി.കെ.പിക്കും,വി.എസിനും എതിരെ പാര്‍ട്ടി ഭരണവര്‍ഗ്ഗം പ്രതികാര നടപടികളുമായി നടക്കുന്നു. അപ്പോള്‍ വലിയ പരാതി ഉന്നയിച്ചാല്‍ പാര്‍ട്ടിതന്നെ ചോടോടെ വെട്ടിക്കളയേണ്ടിവരും മേലാളന്മാര്‍ക്ക്. കുഞ്ഞാലിക്കുട്ടിയും റൌഫും ചെയ്തതുപോലെ പര്‍ട്ടിയില്‍ ആര്‍ക്കൊക്കെ വീടും കാറും സ്ഥാനമാനങ്ങളും കിട്ടി എന്നു നോക്കുകയാണുചിതം.

    ReplyDelete
  2. എന്തൊരു വൈരുധ്യം!
    ചെറിയ കുറ്റത്തിനും ശിക്ഷ വലുതു നല്‍കി എന്നാണെങ്കില്‍ അത് രാമരാജ്യത്തെ ഓര്‍മ്മിപ്പിക്കുന്നുവോ?
    രാവണന്റെ കൊട്ടാരത്തില്‍ തടവില്‍ കഴിഞ്ഞ സീതയ്ക്ക് കിട്ടിയത് പോലുള്ള എന്തെങ്കിലും?
    ( ഒരു അലക്കുകാരന്‍ ഭാര്യയോടു സംസാരിച്ചതിന്റെ പൊരുള്‍ ഗുപ്തചരന്‍മാരിലൂടെ കേട്ടറിഞ്ഞ ശേഷം, 'പ്രജാക്ഷേമത്തില്‍' മാത്രം തല്‍പ്പരന്‍ ആയ രാമന്‍, പ്രജാഹിതമെന്തെന്നു മനസ്സിലാക്കി 'സ്വന്തം' പത്നിയെ കാട്ടില്‍ ഉപേക്ഷിച്ചു എന്ന് ഇതിഹാസം)
    മറിച്ച്‌, ആക്ഷേപം സാരമുല്ലതല്ലെന്നു ഉറപ്പാണെങ്കില്‍ ഇത്ര 'വലിയ' ശിക്ഷ നീതീകരിക്കാമോ?

    ReplyDelete