Thursday, March 10, 2011

ഒമ്പത് ജില്ലകളില്‍ പട്ടികയായി; വി.എസ്.ഇല്ല

ഒമ്പത്  ജില്ലകളില്‍ പട്ടികയായി; വി.എസ്.ഇല്ല
വി.എസ് മത്സരിക്കണമെന്ന് പാലക്കാട്, കാസര്‍ക്കോട് ജില്ലാ കമ്മിറ്റികള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തി സി.പി.എം ഒമ്പതു ജില്ലകളിലെ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി.
വി.എസിന്റെ ജന്മനാടായ ആലപ്പുഴയിലെ പട്ടികയിലും നിലവില്‍ പ്രതിനിധീകരിക്കുന്ന മലമ്പുഴ ഉള്‍പ്പെടുന്ന പാലക്കാട് ജില്ലാ പട്ടികയിലും വി.എസിന്റെ പേരില്ല. എന്നാല്‍ വി.എസിനെ മത്സരിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് മലമ്പുഴ മണ്ഡലത്തിലേക്ക് ആരെയും നിര്‍ദേശിക്കാതെ ഒഴിച്ചിട്ടു. വി.എസിനെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിപ്പിക്കാമെന്ന അഭിപ്രായം ഉള്‍പ്പെടുത്തിക്കൊണ്ട് മേല്‍ഘടകത്തെ യോഗ ചര്‍ച്ച അറിയിക്കാനാണ് കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെയും ജില്ലാ കമ്മിറ്റിയുടെയും തീരുമാനം.
മന്ത്രിമാരായ ഡോ. തോമസ് ഐസക്കും ജി. സുധാകരനും ഉള്‍പ്പെടുന്ന ആറംഗ സ്ഥാനാര്‍ഥിപ്പട്ടികയാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി ി സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചത്. എന്നാല്‍ അച്യുതാനന്ദനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനപോലും ഉണ്ടായില്ല.
മുന്‍ എം.പിയും വി.എസ്. പക്ഷക്കാരിയുമായ അഡ്വ. സി.എസ്. സുജാതയും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല.
ഡോ. തോമസ് ഐസക്ക് ആലപ്പുഴ യിലും ജി. സുധാകരനന്‍ സിറ്റിങ് സീറ്റായ അമ്പലപ്പുഴയിലും മത്‌സരിക്കും. മാരാരിക്കുളത്തെ സിറ്റിങ് എം.എല്‍.എയായ ഐസക് മണ്ഡലം ഇല്ലാതായതോടെ മണ്ഡലത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന ആലപ്പുഴയിലേക്ക് മാറുകയായിരുന്നു. അരൂരില്‍ സിറ്റിങ് എം.എല്‍.എ എ.എം. ആരിഫും കായംകുളത്ത് സിറ്റിങ് എം.എല്‍.എ സി.കെ. സദാശിവനുമായിരിക്കും സ്ഥാനാര്‍ഥികള്‍. ചെങ്ങന്നൂരില്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സജി ചെറിയാനെയും സംവരണ മണ്ഡലമായ മാവേലിക്കയില്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആര്‍. രാജേഷിനെയും സ്ഥാനാര്‍ഥികളാക്കാനാണ് നിര്‍ദേശം.
ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലത്തില്‍ ആറെണ്ണത്തിലായിരിക്കും സി.പി.എം മല്‍സരിക്കുക. ഹരിപ്പാട്, ചേര്‍ത്തല മണ്ഡലങ്ങള്‍ സി.പി.ഐക്ക് വിട്ടുകൊടുക്കും. ചേര്‍ത്തലയില്‍ സിറ്റിങ് എം.എല്‍.എ പി. തിലോത്തമനായിരിക്കും സ്ഥാനാര്‍ഥി. കുട്ടനാട് എന്‍.സി.പിക്ക് വിട്ടുകൊടുക്കാനാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ ധാരണയെങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഏകാഭിപ്രായമില്ല.
ഡോ. തോമസ് ഐസക്കും ജി. സുധാകരനും സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഔദ്യോഗിക വിഭാഗത്തിന് ഭുരിപക്ഷമുള്ള പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അച്യുതാനന്ദന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. എന്നാല്‍, മലമ്പുഴ മണ്ഡലത്തില്‍ അദ്ദേഹത്തെ നിര്‍ദേശിക്കാന്‍ സെക്രട്ടേറിയറ്റ് മുതിര്‍ന്നില്ല. അക്കാര്യം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കട്ടെ എന്നായിരുന്നുവത്രെ അംഗങ്ങളുടെ നിലപാട്. തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് തവണ വി.എസ് പ്രതിനിധീകരിച്ച മലമ്പുഴ മണ്ഡലത്തെ ഒഴിവാക്കിയിട്ടത്.
സെക്രട്ടേറിയറ്റ് തീരുമാനം ഉച്ചക്ക് ശേഷം നടന്ന ജില്ലാ കമ്മിറ്റി യോഗം അംഗീകരിച്ചു. സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ പട്ടികയില്‍ എം. ചന്ദ്രന്‍ (ആലത്തൂര്‍), വി. ചെന്താമരാക്ഷന്‍ (നെന്മാറ) എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടി അച്ചടക്ക നടപടികള്‍ക്ക് വിധേയനായ മുന്‍ എം.പി എന്‍.എന്‍. കൃഷ്ണദാസിനെ ചിറ്റൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം. വി.എസിന്റെ വലംകൈയായി അറിയപ്പെടുന്ന ആളാണ് കൃഷ്ണദാസ്. തുടര്‍ച്ചയായി രണ്ട് വട്ടം വിജയിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. ബാലനെ തരൂര്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.കെ. ദിവാകരന്‍ (പാലക്കാട്), എം. ഹംസ (ഒറ്റപ്പാലം), പി.കെ.സുധാകരന്‍ (ഷൊര്‍ണൂര്‍), പി. മമ്മികുട്ടി (തൃത്താല), എസ്. അജയകുമാര്‍ (കോങ്ങാട്) എന്നിവര്‍ പട്ടികയിലുണ്ട്. ചരിത്രമായി മാറിയ ശ്രീകൃഷ്ണപുരം മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ സലീഖ ടീച്ചര്‍ (ഒറ്റപ്പാലം), ആര്‍. ചിന്നക്കുട്ടന്‍ (നെന്മാറ), സുബൈദ ഇസ്ഹാഖ് (തൃത്താല) എന്നിവരുടെ പേരുകളും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ഉണ്ണിയുടെ പേര് ലിസ്റ്റില്‍ ഇല്ലെന്നാണ് ലഭ്യമായ വിവരം.

No comments:

Post a Comment