Thursday, March 3, 2011

പ്രവാചകനിന്ദ ആരോപിച്ച് ഡോ. മുനീറിനെതിരെ കേസ്.

ഇസ്ലാമും സ്ത്രീകളും എന്നഗ്രന്ഥം പ്രവാചകനെ നിന്ദിക്കുന്നതും ഇസ്ലാമിക വിശ്വാസത്തെ ആക്ഷേപിക്കുന്നതുമാണെന്ന് ആരോപിച്ച് പുസ്തകത്തിന്റെ പ്രസാധകന്‍ ഡോ. എം.കെ മുനീറിനും വിവര്‍ത്തകന്‍ കെ.എം വേണുഗോപാലിനും എതിരെ മുന്‍ മുസ്ലിംലീഗ് നേതാവും പത്തനംതിട്ട സ്വദേശിയുമായ ഖാന്‍ ഷാജഹാന്‍ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി-4 ല്‍ കേസ് കൊടുത്തു. കേസ് മാര്‍ച്ച് 16 ന് പരിഗണനക്കെടുക്കും. മുനീറിന്റെ ഉടമസ്ഥതയിലുള്ള ഒലീവ് പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഖാന്‍ ഷാജഹാന്‍ പത്തനംതിട്ട ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്നു. പത്ത് വര്‍ഷം മുമ്പ് ലീഗ്വിട്ടു. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച കെ.ടി ജലീലിന്റെ കുറ്റിപ്പുറം മണ്ഡലത്തിലെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരാളാണ്. ഇ.അഹമ്മദിന് കോണിചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടസംഭവം നേരത്തെ വിവാദമയിട്ടുണ്ടായിരുന്നു. കുറച്ചു മാസങ്ങളായി മുസ്ലിം ലീഗിലേക്ക് തിരച്ചു വരാന്‍ ശ്രമിക്കയായിരുന്നു ഷാജഹാന്‍. വെള്ളിയാഴ്ച മലപ്പുറം പ്രസ്ക്ലബ്ബില്‍ പത്രസമ്മേളനത്തിന് ഇദ്ദേഹമെത്തിയത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആത്മകഥ എഴുതുന്ന പ്രസാദിന്റെ കൂടെയാണ്.
മുനീറിനെതിരെ കേസ് കൊടുത്തതിനും മലപ്പുറത്ത് പത്രസമ്മേളനം നടത്തിയതിനും പിന്നില്‍ മുനീര്‍വിരുദ്ധ ലീഗ് നേതൃത്വത്തിന് പങ്കുണ്ടെന്നാണ് സൂചന.
പുസ്തകം തുടക്കത്തില്‍ തന്നെ പിന്‍വലിച്ചതാണെന്നും അക്ഷരത്തെറ്റുകളും വിവര്‍ത്തനത്തിലെ ചില പ്രയോഗങ്ങളും ഒഴിവാക്കി പുസ്തകം പുനപ്രസിദ്ധീകരിക്കാന്‍ ശ്രമിക്കയാണെന്നും പ്രസാധകര്‍ പറഞ്ഞു.
മുനീറിനെതിരെ മതനിന്ദ പോലൊരു ആരോപണത്തില്‍ കേസ് എടുത്താല്‍ അത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് എതിരെ തന്നെ ഉയര്‍ത്തിക്കാട്ടാമെന്ന ചിലരുടെ ഗുഢഉദ്ദേശവും ഇതിന് പിറകിലുണ്ടെന്ന് സൂചനയുണ്ട്.

No comments:

Post a Comment