Thursday, March 17, 2011

പി. ശശിക്കെതിരായ അച്ചടക്ക നടപടി: ഫ്രീസറിലായത് പാര്‍ട്ടി ഭരണഘടന

കൊടുവള്ളി: ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയനായ ഘട്ടംമുതല്‍ ഉദാര സമീപനം കൊണ്ട് പാര്‍ട്ടി തലോടിയ കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം വന്നപ്പോള്‍ ഫ്രീസറിലായത് സി.പി.എം ഭരണഘടന. നാളിതുവരെയുള്ള സി.പി.എമ്മിന്റെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് ശശിയെ പാര്‍ട്ടി മെംബറായി തുടരാന്‍ ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി അനുവദിച്ചത്. വി.എസ് നിഗ്രഹത്തിനായി ചേര്‍ന്ന യോഗംതന്നെ ഇതിനായി തെരഞ്ഞെടുക്കുകവഴി ചര്‍ച്ചകളുടെ കാഠിന്യം കുറക്കാനും നേതൃത്വത്തിനായി.
ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയോടും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകളോടും അപമര്യാദയായി പെരുമാറിയെന്നതായിരുന്നു ശശിക്കെതിരെ ഉയര്‍ന്ന ആരോപണം. ഇത്തരം ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പാര്‍ട്ടി ഭരണഘടനയിലെ 19ാം വകുപ്പിന്റെ 10ാം ഉപവകുപ്പ് പറയുന്നതിങ്ങനെയാണ്: 'ഏതെങ്കിലും പാര്‍ട്ടി അംഗം പണിമുടക്കുപൊളിപ്പനോ മദ്യപാനിയോ സാന്മാര്‍ഗികമായി അധഃപതിച്ചവനോ പാര്‍ട്ടി രഹസ്യം പുറത്തുവിടുന്നവനോ ഗുരുതരമായ സാമ്പത്തിക അഴിമതി നടത്തുന്നവനോ ആണെന്ന് കണ്ടാല്‍ കുറ്റപത്രം നല്‍കി വിശദീകരണം വരുത്തുന്നതുവരെ അയാളുടെ ഘടകമോ മറ്റേതെങ്കിലും ഉപരിഘടകമോ അയാളെ ഉടനടി സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്യേണ്ടതാണ്. ഉടനടി സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കംചെയ്യുകയുമെന്ന ഈ നടപടി മൂന്നുമാസത്തിലധികം നീട്ടിക്കൊണ്ടുപോകാന്‍ പാടില്ല.'
ഭരണഘടന അനുശാസിക്കുന്ന അന്വേഷണത്തില്‍ ആരോപണം ശരിയെന്ന് കണ്ടാല്‍ കടുത്ത നടപടി ഇതുവരെ സ്വീകരിച്ചുപോന്ന കീഴ്‌വഴക്കം ശശിയുടെ കാര്യത്തില്‍ തെറ്റി. സംഭവങ്ങളുടെ തുടക്കം മുതലേ അദ്ദേഹത്തെ സംരക്ഷിക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. ഡി.വൈ.എഫ്.െഎ നേതാവ് പരാതിയില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് പ്രശ്‌നം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തപ്പോഴാകട്ടെ 'ചികിത്സ'ക്കായി കാലപരിധിയില്ലാത്ത ലീവ് അനുവദിച്ച് സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റുകയെന്ന നടപടിയിലേക്ക് കാര്യം ചുരുങ്ങി. സസ്‌പെന്‍ഷനോ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നുള്ള നീക്കം ചെയ്യലോ ഉണ്ടായില്ല. സംസ്ഥാന സമിതി മുമ്പാകെ വിഷയം വന്നപ്പോള്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാനായിരുന്നു ധാരണ. എ. വിജയരാഘവന്‍, വൈക്കം വിശ്വന്‍ എന്നിവരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. അതേദിവസം തന്നെയാണ് വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതര ആരോപണമുന്നയിച്ചും രാജി സന്നദ്ധത അറിയിച്ചും ശശി പാര്‍ട്ടിക്ക് കത്തെഴുതിയതും അത് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതും. ഈയൊരൊറ്റ കാരണത്താല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെതന്നെ അദ്ദേഹത്തെ പുറത്താക്കാമായിരുന്നു.
രാജിയെക്കുറിച്ച് പരാമര്‍ശിക്കുന്ന പാര്‍ട്ടി ഭരണഘടനയുടെ എട്ടാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ് പറയുന്നത് 'പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ തക്കവിധം ഗുരുതരമായ അച്ചടക്ക കുറ്റം ആരോപിക്കപ്പെടാന്‍ ഇടയുള്ള ആളാണ് രാജിവെക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, ആ കുറ്റാരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ ആ രാജി പാര്‍ട്ടിയില്‍നിന്നുള്ള പുറത്താക്കലായി കണക്കാക്കി നടപ്പില്‍ വരുത്തേണ്ടതാണ്' എന്നാണ്. ഇക്കാര്യത്തിലും ശശിക്കുമുന്നില്‍ ഭരണഘടന നോക്കുകുത്തിയായി. മാത്രമല്ല, തന്റെ മേല്‍ഘടകത്തിലോ കീഴ്ഘടകത്തിലോ ഉള്ള പാര്‍ട്ടി സഖാക്കളെക്കുറിച്ച് എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദിയില്‍ പറയണമെന്ന കാര്യവും വി.എസിനെതിരെ ആരോപണമുന്നയിച്ചതിലൂടെ ശശി ലംഘിച്ചിരുന്നു. നടപടി ചര്‍ച്ച ചെയ്യുമ്പോള്‍ ഇതും പരിഗണിക്കപ്പെട്ടില്ല. ചുരുക്കത്തില്‍ പി. ശശി പോലും പ്രതീക്ഷിക്കാത്ത ഇളവുകളാണ് അച്ചടക്ക നടപടിയുടെ കാര്യത്തില്‍ സംഭവിച്ചത്.
ആരോപണങ്ങളെല്ലാം അന്വേഷണ കമീഷന്‍ ശരിവെച്ചിട്ടും പാര്‍ട്ടി അംഗമായി തുടരാന്‍ അനുവദിച്ചതിനെ അദ്ഭുതത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നതും. വനിതാ സഖാവിന് അശ്ലീലച്ചുവയുള്ള എസ്.എം.എസ് അയച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം വരദരാജനെതിരെ സി.പി.എം കടുത്ത നടപടി സ്വീകരിച്ചത് അടുത്ത കാലത്താണ്. ഇതേ തുടര്‍ന്ന് വരദരാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍, തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരംപോലും നല്‍കാതെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചതെന്ന ആരോപണവുമുയര്‍ന്നിരുന്നു.

madhyamam daily 18.03.11

1 comment:

  1. Sasi pala rahasyangaludeyum sookshippukaaranaanu ennthu thanne karanam.... partiyude avihitha itapaadukalude soothradharanaayi sasiye theerkkaan CPMil A Rajamaarillallo

    ReplyDelete