Friday, March 25, 2011

ബംഗാളിലും കേരളത്തിലും മുഖ്യമന്ത്രി ആരെന്ന് പിന്നീട് തീരുമാനിക്കും


ബംഗാളിലും കേരളത്തിലും മുഖ്യമന്ത്രി ആരെന്ന് പിന്നീട് തീരുമാനിക്കും

ന്യൂദല്‍ഹി: ബംഗാളിലും കേരളത്തിലും മുഖ്യമന്ത്രി ആരെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷമാണ് തീരുമാനിക്കുകയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. അതാണ് സി.പി.എമ്മിന്റെ രീതിയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുക വി.എസ്. അച്യുതാനന്ദന്‍ തന്നെയാകുമെന്നും ഇക്കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പലവുരു വ്യക്തമാക്കിയതാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. ദല്‍ഹി പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ടു തവണ അച്ചടക്ക നടപടിക്ക് വിധേയനായ വി.എസിനെ വീണ്ടും പ്രചാരണ ചുമതല ഏല്‍പിക്കേണ്ടിവന്നതിന്റെ വൈരുധ്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന്റെപേരില്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്നായിരുന്നു കാരാട്ടിന്റെ മറുപടി.
'വി.എസ് പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. മുഖ്യമന്ത്രി എന്നനിലയില്‍ റെക്കോഡ് ഭരണം കാഴ്ചവെച്ച ആളുമാണ്. അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗവുമാണ്. സി.പി.എമ്മിന്റെ ഏറ്റവും ഉയര്‍ന്ന സമിതിയാണത്. പോളിറ്റ് ബ്യൂറോ പോലും കേന്ദ്ര കമ്മിറ്റിയുടെ എക്‌സിക്യൂട്ടിവ് സമിതിയാണ്. എന്നിരിക്കെ, വി.എസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ല' -കാരാട്ട് പറഞ്ഞു.

അച്യുതാനന്ദനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിക്കാന്‍ പി.ബി യോഗം തന്നെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് കാരാട്ട് പറഞ്ഞു.
വി.എസിനെ നിര്‍ബന്ധമായും മത്സരിപ്പിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം സംസ്ഥാന നേതാക്കളെ അറിയിക്കാന്‍ തന്നെയും പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയെയും ചുമതലപ്പെടുത്തിയിരുന്നെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നുമുള്ള മാധ്യമ വാര്‍ത്തകളില്‍ കാര്യമില്ല. കേരളത്തിലെ ചില പ്രത്യേക സാഹചര്യങ്ങള്‍മൂലമാണ് വി.എസ് സ്ഥാനാര്‍ഥിയായത്. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളുമാണ്.
ഈ സാഹചര്യത്തിലാണ് ഇക്കുറി ആരൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന കാര്യം തീരുമാനിക്കാന്‍ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷംതന്നെ അക്കാര്യം വ്യക്തമാക്കിയതുമാണ്. ഇതിന്റെ വെളിച്ചത്തില്‍ സംസ്ഥാന സമിതിയും ജില്ലാ കമ്മിറ്റികളും യോഗംചേര്‍ന്നു. വി.എസിന്റെ ഉള്‍പ്പെടെ സി.പി.എം സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ, താന്‍ ഇടപെട്ടെന്നും വിവരം കൈമാറിയില്ലെന്നുമൊക്കെ പറയുന്നത് വസ്തുതക്ക് നിരക്കുന്നതല്ല. പോളിറ്റ് ബ്യൂറോക്ക് ഉത്തരംനല്‍കേണ്ട ചുമതലയാണ് ജനറല്‍ സെക്രട്ടറി എന്നനിലക്ക് എനിക്കുള്ളത് കാരാട്ട് വിശദീകരിച്ചു.
കേരളത്തിലും ബംഗാളിലും ഇടതുമുന്നണി അധികാരത്തില്‍ വരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ കാരാട്ട് തയാറായില്ല.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യത്തിന് വിരമിക്കുന്നതിനെ കുറിച്ചാണ് താന്‍ ഇപ്പോള്‍ ആലോചിക്കുന്നതെന്നായിരുന്നു കാരാട്ടിന്റെ മറുപടി. സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ ആരെങ്കിലും പുറത്തു പോകുന്നതില്‍ വിരോധമില്ലെന്ന് സിന്ധു ജോയിയുടെ കോണ്‍ഗ്രസ് പ്രവേശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കാരാട്ട് പറഞ്ഞു.


No comments:

Post a Comment