Friday, March 25, 2011

ഷാര്‍ജ സെക്‌സ് റാക്കറ്റ്: ക്രൈംബ്രാഞ്ച് അന്വേഷിക്കും


ഷാര്‍ജ സെക്‌സ് റാക്കറ്റ്: ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: മലയാളി യുവതികളെ ഷാര്‍ജയില്‍ പെണ്‍വാണിഭ സംഘങ്ങളുടെ കൈകളിലെത്തിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. കേസ് അന്വേഷണ കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗൗരവമേറിയ വീഴ്ച സംഭവിച്ച സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടിവരുന്നതെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി കെ. പത്മകുമാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ പത്തനംതിട്ട സ്വദേശിനി ഷീജ അസീസ് സമര്‍പ്പിച്ച ഹരജിയിലാണ് ഐ.ജിയുടെ വിശദീകരണം. അന്വേഷണം തൃപ്തികരമല്ലെന്ന പരാതി പരിഗണിച്ച് അന്വേഷണ മേല്‍നോട്ടം ഡി.ജി.പി നേരിട്ട് വഹിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി പത്മകുമാര്‍ ഇതുവരെ നടത്തിയ അന്വേഷണം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഷീജയുടെ പരാതിയില്‍ 2007 ആഗസ്റ്റ് 20നാണ് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 20 ദിവസം മാത്രമാണ് അന്വേഷണം നടന്നത്. ആറ് സാക്ഷികളില്‍നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ മൊഴിയില്‍ ചൂണ്ടിക്കാട്ടിയിരുന്ന വ്യക്തികളെ കണ്ടെത്താനോ മൊഴി രേഖപ്പെടുത്താനോ നടപടിയുണ്ടായില്ല. ഗള്‍ഫിലേക്ക് കൊണ്ടുപോയി സെക്‌സ് റാക്കറ്റില്‍പ്പെടുത്തിയ വ്യക്തിയെന്ന നിലയില്‍ പരാതിക്കാരി ചൂണ്ടിക്കാട്ടിയ യുവതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ നടപടി ഉണ്ടായില്ല.

അന്വേഷണത്തിലെ അലംഭാവം മൂലമാണ് യുവതിക്ക് രാജ്യം വിടാന്‍ കഴിഞ്ഞത്. 2009 ആഗസ്റ്റ് 27ന് കേസ് തെളിയിക്കാനായിട്ടില്ലെന്ന് കാണിച്ച് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ആരോപണവിധേയയായ യുവതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ ചോദ്യം ചെയ്യലിന് വിധേയമാകണമെന്നും മറ്റും വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഇത് നടപ്പാക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടപടി സ്വീകരിച്ചില്ല. പരാതിക്കാരി അഭയം തേടിയ ഷാര്‍ജയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് തെളിവെടുപ്പും നടത്തിയില്ല. ഹരജിക്കാരിയെ സഹായിച്ചെന്ന് പറയുന്ന വിദേശ മലയാളികളെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ ശ്രമിച്ചില്ല.

അലംഭാവം കാണിച്ച പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈ.എസ്.പി പി.എസ്. സാബുവാണ് കേസന്വേഷിക്കുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളും മറ്റുമുള്ളതിനാല്‍ അച്ചടക്ക നടപടിക്ക് കമീഷന്റെ അനുമതി ആവശ്യമുണ്ട്.
300ഓളം മലയാളി യുവതികള്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ നടപടി വേണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.


madhyamam daily 25.03.11

No comments:

Post a Comment