Friday, March 25, 2011

പ്രതികാര രാഷ്ട്രീയം കളിച്ചത് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും


പ്രതികാര രാഷ്ട്രീയം കളിച്ചത് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും

തിരുവനന്തപുരം: പാമോയില്‍ കേസില്‍ പ്രതികാര രാഷ്ട്രീയം കളിച്ചത് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ അനുയായികളായ കോണ്‍ഗ്രസിലെ എ ഗ്രൂപ്പുമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആരോപിച്ചു. പാമോയില്‍ ആരോപണം നിയമസഭയില്‍ വരികയും നാലു മാസം നിയമസഭയെ ഇളക്കിമറിക്കുകയും ചെയ്തപ്പോഴൊന്നും ഉമ്മന്‍ചാണ്ടിയോ എ ഗ്രൂപ്പുകാരോ അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ പ്രതിരോധിക്കാന്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. 1992 ജൂലൈ 21 ന് പാമോയില്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി നേതൃത്വം വഹിച്ച ധനകാര്യ വകുപ്പിന്റെ പങ്ക് വിമര്‍ശന വിധേയമായപ്പോഴാണ് അദ്ദേഹം ശബ്ദിച്ച് തുടങ്ങിയതെന്നും വി.എസ് പറഞ്ഞു.

പാമോയില്‍ അഴിമതി ആരോപണത്തെ ഉപയോഗിച്ച് ഒളിഞ്ഞും തെളിഞ്ഞും എ ഗ്രൂപ്പുകാര്‍ കരുണാകരനെതിരെ നടത്തിയ കടന്നാക്രമണങ്ങള്‍ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ഉമ്മന്‍ചാണ്ടി നടത്തിവന്ന ഈ പ്രതികാര രാഷ്ട്രീയം തന്റെ മേല്‍ ആരോപിക്കരുതെന്ന് വി.എസ് പറഞ്ഞു. സംശുദ്ധ രാഷ്ട്രീയത്തിനായാണ് ഞാന്‍ നിലകൊള്ളുന്നത്. അവസാന നിമിഷം വരെ അതിന് വേണ്ടി പടപൊരുതുകയും ചെയ്യും.

അഴിമതിക്കെതിരെ വ്യക്തമായ തെളിവുകള്‍ നിരത്തി ഞാന്‍ പോരാട്ടം തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടായി. അത്തരം കേസുകളിലൊന്നില്‍ പോലും ഏതെങ്കിലും വ്യക്തിക്കോ പാര്‍ട്ടിക്കോ എതിരെ പ്രതികാരത്തോടെ ഞാന്‍ നീങ്ങിയിട്ടില്ല. സത്യത്തിലൂന്നിയുള്ള എന്റെ വാദമുഖങ്ങളിലൊന്നിനെ പോലും ഖണ്ഡിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും വി.എസ് ആരോപിച്ചു.

No comments:

Post a Comment