Thursday, March 24, 2011

തെരഞ്ഞെടുപ്പ് :പിന്തുണ സംബന്ധിച്ച് പി.ഡി.പിയില്‍ ആശയക്കുഴപ്പം

മലപ്പുറം: തെരഞ്ഞെടുപ്പില്‍ നേതൃത്വം ഇനിയും രാഷ്ട്രീയ നിലപാട് വ്യക്തമാക്കാത്തത് പി.ഡി.പിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. പി.ഡി.പി ജന. സെക്ക്രറി സുബൈര്‍ സബാഹി നേരത്തെ യു.ഡി.എഫിന് അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പാര്‍ട്ടി നയരൂപവല്‍കരണ സമിതി ചെയര്‍മാന്‍ സി.കെ അബ്ദുല്‍ അസീസ് പത്രസമ്മേളനം നടത്തുകയുമുണ്ടായി.ഇതേ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയ്ാച ഏറണാകുളത്ത് ചേര്‍ന്ന ജില്ലാ നേതാക്കളുടെയും സംസ്ഥാന കൌണ്‍സില്‍ അംഗങ്ങളുടെയും യോഗത്തില്‍ പാര്‍ട്ടി നയം പരസ്യമായി പ്രസ്താവിക്കണമെന്നും വൈകിപ്പിക്കരുതെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നയം ഇത്വരെ പ്രഖ്യാപിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് പി.ഡി.പി യുടേത് ഇത്തവണ മനസ്സാക്ഷി വോട്ടാണെന്ന് പ്രചരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ 16 മണ്ഡലങ്ങളില്‍ മത്സരിക്കാനും മറ്റിടങ്ങളില്‍ നേരത്തെയെടുത്ത ഇടത് അനുകൂല നിലപാട് തുടരാനുമായിരുന്നു ധാരണ. ഇക്കാര്യം ജയിലിലുള്ള ചെയര്‍മാന്‍ അബ്ദുന്നാസില്‍ മഅ്ദനി പ്രഖ്യാപിക്കുമെന്നും തീരുമാനിച്ചു. എന്നാല്‍ പിന്നീട് പറയാം എന്ന നിലപാട് മഅ്ദനി സ്വീകരിച്ചതോടെ യു.ഡി.എഫ് അനുകൂല നിലപാടാണെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ച് വരികയാണ്. ഇതാണ് പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞകാലത്ത് ഇടത് മുന്നണിക്ക് നല്‍കി വന്ന പിന്തുണക്ക് കാരണമായ രാഷ്ട്രീയ നിലപാടുകള്‍ നിലനില്‍ക്കുന്നുണ്ടോ അതോ ആ നിലപാട് അപ്രസക്തമായോ എന്ന ചോദ്യം കഴിഞ്ഞ യോഗത്തില്‍ ചിലര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അണികളെ അറിയിക്കണമെന്നും പരസ്യമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഏറണാകുള്ളത്തെ യോഗതീരുമാനം. മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന് ശക്തമായ തിരിച്ചു വരവിന് അവസരം കൊടുക്കുന്ന ഒരു നിലപാട് സ്വീകരിക്കുന്നതിനെതിരെയും അഭിപ്രായങ്ങളുയര്‍ന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ തയാറെടുപ്പുകള്‍ നടത്തണമെന്ന് ചെയര്‍മാന്‍ മൂന്ന് മാസം മുമ്പ് തന്നെ അറിയിച്ചിരുന്നെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നുമുണ്ടായില്ല. പകരം പി.ഡി.പിക്ക് യു.ഡി.എഫ് മുസ്ലിം ലീഗ് രാഷ്ട്രീയത്തോട് എതിര്‍പ്പില്ലെന്ന് പ്രസ്താവിക്കുകയാണ് ജനറല്‍ സെക്രട്ടറി ചെയ്തത്. പാര്‍ട്ടി നിലപാടിനെ കുറിച്ചുള്ള അജ്ഞതകൊണ്ടാണ് സെക്രട്ടറി ഇങ്ങിനെ പറയുന്നതെന്നായിരുന്നു അസീസിന്റെ മറുപടി. പി.ഡി.പി മത്സരിക്കാത്ത 124 മണ്ഡലങ്ങളില്‍ എന്ത് നിലപാടെടുക്കണമെന്നത് സംബന്ധിച്ച് പി.ഡി.പി നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസവും ആശയക്കുഴപ്പവും ശക്തമായിരിക്കയാണ്.

No comments:

Post a Comment