Thursday, March 24, 2011

ക്രൈസ്തവ മുഖമായി കണ്ണന്താനം ബി.ജെ.പിയില്‍


ക്രൈസ്തവ മുഖമായി കണ്ണന്താനം ബി.ജെ.പിയില്‍

ന്യൂദല്‍ഹി: സി.പി.എമ്മിനോട് സലാം പറഞ്ഞ് അല്‍ഫോന്‍സ് കണ്ണന്താനം ബി.ജെ.പിയില്‍. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് എത്തിയ കണ്ണന്താനം അഖിലേന്ത്യാ പ്രസിഡന്റ് നിതിന്‍ ഗഡ്കരിയില്‍ നിന്ന് അംഗത്വം ഏറ്റുവാങ്ങി. കണ്ണന്താനത്തെ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി.

ന്യൂനപക്ഷങ്ങള്‍ അധികമൊന്നും അംഗങ്ങളായി ഇല്ലാത്ത ബി.ജെ.പിക്ക് അപ്രതീക്ഷിതമായാണ് കണ്ണന്താനത്തെ കിട്ടിയത്. ബി.ജെ.പിയിലെ ക്രൈസ്തവ മുഖമായി കണ്ണന്താനത്തെ പാര്‍ട്ടി ഉപയോഗപ്പെടുത്തും. ഒറീസയില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന വര്‍ഗീയ കലാപത്തിന് ശേഷം ഇതാദ്യമായാണ് അറിയപ്പെടുന്ന ഒരു ക്രൈസ്തവ സമുദായാംഗം ബി.ജെ.പി പാളയത്തില്‍ എത്തുന്നത്.

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ ഉണ്ടായിരുന്ന നേരത്ത് പാര്‍ട്ടിയിലേക്ക് കടന്നുവരികയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്ത ക്രൈസ്തവ സമുദായക്കാര്‍ പലരാണ്. എന്നാല്‍ അവരൊക്കെ ഒന്നൊന്നായി അകന്നു പോയി. മുന്‍കേന്ദ്രമന്ത്രി പി.സി തോമസ്, ഒ.എം മാത്യു, ദേശീയ ന്യൂനപക്ഷ കമീഷന്‍ മുന്‍അംഗങ്ങളായ ജോണ്‍ ജോസഫ്, വി.വി അഗസ്റ്റിന്‍ തുടങ്ങിയവരെല്ലാം ബി.ജെ.പിയെ ഉപകാരപ്പെടുത്തിയവരാണ്. എന്നാല്‍ പാര്‍ട്ടി ദുര്‍ബലമായപ്പോള്‍ അവരൊക്കെ പുതിയ പാളയം തേടുകയോ, പാര്‍ട്ടിയില്‍ സജീവമല്ലാതാവുകയോ ചെയ്തു.

അതിനിടയിലാണ് അപ്രതീക്ഷിതമായി കണ്ണന്താനത്തിന്റെ കടന്നു വരവ്. മുന്‍ ഐ.എ.എസുകാരനും മുന്‍ എം.എല്‍.എയുമൊക്കെയായ കണ്ണന്താനത്തെ ക്രൈസ്തവ വിടവ് നികത്തുന്നതിന് ഉപകാരപ്പെടുത്താമെന്ന് മനക്കണക്ക് കൂട്ടുമ്പോള്‍ തന്നെ, എത്രകാലം അദ്ദേഹം പാര്‍ട്ടിയില്‍ കാലുറപ്പിച്ചു നില്‍ക്കുമെന്ന സംശയവും നേതാക്കള്‍ക്കുണ്ട്. പല കളങ്ങള്‍ മാറിമാറി നടന്നതിനൊടുവിലാണ് കണ്ണന്താനത്തിന് 'താമര'യില്‍ അഭിനിവേശം ഉണ്ടായത്.

വികസനോന്മുഖ രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് അംഗത്വം സ്വീകരിച്ച കണ്ണന്താനം വാര്‍ത്താലേഖകരോട് വിശദീകരിച്ചു. ബി.ജെ.പിയുടെ എല്ലാ അജണ്ടകളോടും താന്‍ യോജിക്കണമെന്നില്ല. എം.എല്‍.എ സ്ഥാനം രാജിവെച്ചതായും അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയുടെ 'വിഷന്‍-2025', അന്ത്യോദയ പദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍ കണ്ണന്താനത്തെ പങ്കാളിയാക്കുമെന്ന് ഗഡ്കരി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു.

2 comments:

  1. ‘മായാമയനുടെ ലീല’
    മാനവനറിയുന്നില്ല...!!!

    ReplyDelete