Wednesday, March 30, 2011

പേപ്പര്‍രഹിത ഓഫിസ്: കോടികളുടെ കച്ചവടത്തിന് നീക്കം


പേപ്പര്‍രഹിത ഓഫിസ്: കോടികളുടെ കച്ചവടത്തിന് നീക്കം
നിലവിലെ സോഫ്റ്റ്‌വെയര്‍ ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: പേപ്പര്‍രഹിത ഓഫിസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കോടികളുടെ പകല്‍കൊള്ളക്ക് അരങ്ങൊരുങ്ങുന്നു. മൂന്ന് വര്‍ഷം മുമ്പ് ഉദ്ഘാടനംചെയ്ത പദ്ധതിയില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപേക്ഷിച്ച് പരിഷ്‌കരിച്ച സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ഐ.ടി വകുപ്പ് തീരുമാനിച്ചു. ഇതിന്റെ മറവില്‍ കോടികളുടെ കച്ചവടമാണ് നടക്കുക. ആദ്യഘട്ടം പരീക്ഷിച്ച് കഴിഞ്ഞു. കൂടുതല്‍ വകുപ്പിലേക്ക് ഇത് വ്യാപിപ്പിക്കുകയാണ്. ഐ.ടി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിഷ്‌കരണത്തിന്റെ നേട്ടം കെല്‍ട്രോണ്‍ വഴി സ്വകാര്യ കമ്പനിയിലേക്കാണ് പോകുന്നത്.
വാര്‍ഷിക മെയിന്റനന്‍സ് കരാറടക്കം നല്‍കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഫയലുകള്‍ സ്വകാര്യ സ്ഥാപനത്തിന് പരിശോധിക്കാന്‍ കഴിയുന്ന അവസ്ഥ ഇതോടെ സൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2008 ഫെബ്രുവരി 15നാണ് പേപ്പര്‍ രഹിത ഓഫിസ് പദ്ധതിക്ക് തുടക്കമിട്ടത്. കേരള ഐ.ടി മിഷന്‍ ഓഫിസിനെ ആദ്യ പേപ്പര്‍രഹിത ഓഫിസായി മുഖ്യമന്ത്രിയാണ് പ്രഖ്യാപിച്ചത്. കേരള സര്‍ക്കാറിന് വേണ്ടി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി) വികസിപ്പിച്ച മെസേജ് എന്ന് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പദ്ധതി തയാറാക്കിയത്. കേന്ദ്രസര്‍ക്കാറിന് കീഴിലെ എന്‍.ഐ.സി സംസ്ഥാനത്തിന് ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ വികസിപ്പിച്ച് നല്‍കിയ ഈ സോഫ്റ്റ്‌വെയര്‍ പിന്നീട് പല ഓഫിസുകളിലും ഉപയോഗിച്ചു. ഇതിന്റെ ഹാര്‍ഡ്‌വെയര്‍ ആവശ്യങ്ങള്‍ക്ക് മാത്രമാണ് കേരളത്തിന് 30ലക്ഷം ചെലവിടേണ്ടിവന്നത്. ഇത് മികച്ച സംവിധാനമാണെന്ന് ഹൈദരാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്മാര്‍ട്ട് ഗവേണന്‍സ് നടത്തിയ പഠനം സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനിടെയാണ് ഡിജിറ്റല്‍ ഡോക്യുമെന്റ് ആന്‍ഡ് ഫയലിങ് സിസ്റ്റം (ഡി.ഡി.എഫ്.എസ്) എന്ന പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ഐ.ടി വകുപ്പ് തീരുമാനിച്ചത്. 'മെസേജ്' ഒഴിവാക്കിയെന്ന് പോലും പറയാതെയാണ് ഡി.ഡി.എഫ്.എസിലേക്ക് മാറാന്‍ തീരുമാനിച്ചത്. മെസേജിന്റെ അതേമാതൃകയില്‍, ഏതാനും പുതിയ സൗകര്യങ്ങളോടെയാണ് ഡി.ഡി.എഫ്.എസ് വികസിപ്പിച്ചിരിക്കുന്നത്. വിവിധ ഓഫിസുകളില്‍ ഡി.ഡി.എഫ്.എസ് സ്ഥാപിക്കാന്‍ ഐ.ടി വകുപ്പ് കെല്‍ട്രോണിന് കരാറുകൊടുത്തു. 2.2 കോടി രൂപക്ക് ഏഴ് വകുപ്പില്‍ നടപ്പാക്കാനാണ് കരാര്‍. വെറും 30 ലക്ഷം ചെലവില്‍ സംസ്ഥാനത്താകെ നടപ്പാക്കാന്‍ കഴിയുന്ന 'മെസേജ്'കൈയിലിരിക്കേയാണ് കോടികളുടെ കരാര്‍ നല്‍കിയത്. മറ്റ് വകുപ്പുകളില്‍ ഇത് നടപ്പാക്കാവുന്നതാെണ ന്ന് സര്‍ക്കാര്‍ അനുമതിയും കൊടുത്തിട്ടുണ്ട്. ഇതനുസരിച്ച് ഓരോ വകുപ്പും 15 ലക്ഷം രൂപ നല്‍കി ഡി.ഡി.എഫ്.എസ് വാങ്ങണം. നാല് ലക്ഷം രൂപ വാര്‍ഷിക മെയിന്റനന്‍സ് കരാറിനും നല്‍കണം.
'മെസേജ്' കൂടുതല്‍ നവീകരിക്കാന്‍ കഴിയാത്തതിനാലാണ് ഡി.ഡി.എഫ്.എസ് ഏര്‍പ്പെടുത്തുന്നെതന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. സെക്രട്ടേറിയറ്റ് മാന്വലും നടപടിക്രമങ്ങളുമനുസിച്ച് തയാറാക്കിയതാണ് ഡി.ഡി.എഫ്.എസ് എന്നും 'മെസേജില്‍' ഈ സംവിധാനമില്ലെന്നും ഐ.ടി സെക്രട്ടറി സുരേഷ്‌കുമാര്‍ പറഞ്ഞു. മെസേജ് പൊതുസംവിധാനം വഴി വരുന്നതിനാല്‍ അതിന് വിശ്വാസ്യതയുമില്ല. എന്നാല്‍ ഏത് രീതിയില്‍ നവീകരിക്കാനും പുതിയ ഓപ്ഷനുകളോടെ വികസിപ്പിക്കാനും കഴിയുന്നതാണ് മെസേജ് എന്ന് എന്‍.ഐ.സി പറയുന്നു. രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്ന് ഇവ ഉപയോഗിച്ചവരും വ്യക്തമാക്കുന്നു. ഐ.ടി മിഷന്റെ വെബ്‌സൈറ്റില്‍ ഡി.ഡി.എസ്.എഫിന്റെ സവിശേഷതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലും മെസേജില്‍നിന്ന് കാര്യമായ വ്യത്യാസമില്ല.
മെസേജ് നവീകരിക്കാന്‍ തയാറാകാതെ സര്‍ക്കാര്‍ പുതിയ കച്ചവടത്തിന് കരാര്‍ നല്‍കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മെസേജ് വികസിപ്പിക്കാന്‍ നേതൃത്വംകൊടുത്ത് പിന്നീട് എന്‍.ഐ.സി വിട്ടുപോയവര്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനം തന്നെയാണ് പുതിയ സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നതെന്നും സൂചനയുണ്ട്. ഇത് കെല്‍ട്രോണ്‍ വഴി സര്‍ക്കാറിലെത്തുകയാണത്രെ ചെയ്യുന്നത്.


No comments:

Post a Comment