Wednesday, March 30, 2011

പിണറായിയുടെ ഹരജിക്ക് നാടകീയ അന്ത്യം

Published on Thu, 03/31/2011 - 08:12 ( 47 min 34 sec ago)

ന്യൂദല്‍ഹി: ലാവലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് ചോദ്യം ചെയ്യുന്ന പിണറായി വിജയന്റെ ഹരജിയില്‍ ഒന്നര വര്‍ഷത്തിന് ശേഷം നാടകീയ വഴിത്തിരിവ്. ആദ്യം ഹരജി പരിഗണിച്ച ബെഞ്ച് അത് ഫയലില്‍ സ്വീകരിച്ച് നാലുവട്ടം കേസ് കേട്ടതാണ്. അതിന് ശേഷമാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ ബെഞ്ച് ഹരജി തള്ളിയത്.
പിണറായിയുടെ ഹരജി സുപ്രീംകോടതിയില്‍ വന്നതു മുതല്‍ നാടകീയതകളാണ്. പ്രമുഖ അഭിഭാഷക സ്ഥാപനമായ പരേഖ് ആന്റ് കമ്പനി കേസ് നടത്തിപ്പ് ഏറ്റെടുത്തപ്പോള്‍ പ്രശസ്ത അഭിഭാഷകന്‍ എഫ്.എസ് നരിമാനെയാണ് പിണറായിക്ക് വേണ്ടി രംഗത്തിറക്കിയത്. പൊതുതാല്‍പര്യ ഹരജിയുടെ ഗണത്തില്‍ പെടുന്ന ക്രിമിനല്‍ റിട്ട് ഹരജിയായി കേസ് ഫയല്‍ ചെയ്യുന്നതു തന്നെ ചര്‍ച്ചയായി. അത് വിവാദമായപ്പോള്‍ കേസ് ക്രിമിനല്‍ റിട്ട് ഹരജിയായി മാറി. കേസ് പരിഗണിക്കുന്നതില്‍ വന്ന വേഗതയായിരുന്നു മറ്റൊരു വിഷയം. കെ.ജി ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസായിരിക്കേ, ഹരജി വേഗത്തില്‍ പരിഗണിക്കുന്നതിന് സ്വീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ചോദ്യം ചെയ്യപ്പെട്ടു.
മന്ത്രിസഭാ ശിപാര്‍ശ മാറ്റിവെച്ച് പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ഗവര്‍ണറാണ് അനുമതി നല്‍കിയതെങ്കിലും പിണറായിയുടെ ഹരജിയില്‍ ഗവര്‍ണര്‍ എതിര്‍കക്ഷിയായിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും സി.ബി.ഐയുമായിരുന്നു എതിര്‍ കക്ഷികള്‍. ഗവര്‍ണറാണ് തീരുമാനം എടുത്തതെന്നിരിക്കേ, ഗവര്‍ണറുടെ ഭാഗം ആര് പറയണമെന്ന സംശയമായി. കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരാകുന്ന തനിക്ക് ഗവര്‍ണറുടെ ഭാഗം കൂടി വാദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി ഒടുവില്‍ കേസില്‍ ഹാജരാകുന്നതില്‍ നിന്നു തന്നെ ഒടുവില്‍ ഒഴിഞ്ഞുമാറി. ജസ്റ്റിസുമാരായ ആര്‍.വി രവീന്ദ്രന്‍, എ.കെ പട്‌നായിക് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് ആദ്യം പരിഗണിച്ചത്. ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാതെ തന്നെ ഹരജി ഫയലില്‍ സ്വീകരിച്ച് വിശദവാദം കേള്‍ക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു. പിന്നീട് മുന്‍ഗണനാക്രമം തെറ്റിച്ച് കേസ് പരിഗണിക്കപ്പെട്ടത് നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായി. കേസ് പരിഗണിക്കപ്പെട്ടപ്പോള്‍ സി.ബി.ഐയും കേന്ദ്രസര്‍ക്കാറും ഗവര്‍ണറുടെ തീരുമാനത്തെ അനുകൂലിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിയോജിച്ചു. അപ്പോഴും ഗവര്‍ണറുടെ ഭാഗം ആരു പറയുമെന്നത് വിഷയമായി നിന്നു. ഇതിനെല്ലാമിടയിലാണ് അറ്റോര്‍ണി ജനറലിന്റെ ഒഴിഞ്ഞുമാറല്‍. വഹന്‍വതി ഒഴിഞ്ഞുമാറിയതിന് തൊട്ടുപിന്നാലെ, കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ കാരണമൊന്നും പറയാതെ ഒഴിഞ്ഞു. ഇതോടെയാണ് ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ടി വന്നത്. ജസ്റ്റിസുമാരായ എച്ച്.എസ് ബേദി, ചന്ദ്രമൗലി പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന് ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ ലാവലിന്‍ കേസിന്റെ ചുമതല നല്‍കി. നേരത്തെ കേസ് കേട്ട ബെഞ്ച് ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചായിരുന്നില്ലെങ്കില്‍, പതിവായി ക്രിമിനല്‍ കേസുകള്‍ കേള്‍ക്കുന്ന ബെഞ്ചിന് മുമ്പിലേക്ക് ലാവലിന്‍ കേസ് ഇതോടെ മാറി.
കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ എഫ്.എസ് നരിമാന്‍ ഹാജരായിരുന്നില്ല. കേസ് ഏറ്റെടുത്തു നടത്തിയിരുന്ന അഭിഭാഷക സ്ഥാപനമായ പരേഖ് ആന്റ് കമ്പനിയുടെ കെ.എച്ച് പരേഖും എത്തിയില്ല. ഇതിന് കാരണം വ്യക്തമല്ല. പിണറായിക്ക് വേണ്ടി കെ.കെ വേണുഗോപാലാണ് വാദിച്ചത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജയദീപ് ഗുപ്ത, ജി. പ്രകാശ് എന്നിവരും പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സിന് വേണ്ടി സദറുല്‍ അനാമും ഹാജരായി. ഹരജി സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ ബെഞ്ച് കേസ് തള്ളിയിരിക്കേ, പിണറായിക്ക് ഇനി ഹൈകോടതിയെ സമീപിക്കാം.


No comments:

Post a Comment