Wednesday, March 30, 2011

സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനം: സൂത്രധാരന്‍ പിടിയിലായതായി എന്‍.ഐ.എ


സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനം: സൂത്രധാരന്‍ പിടിയിലായതായി എന്‍.ഐ.എ

ന്യൂദല്‍ഹി: 43 പാക് പൗരന്മാരടക്കം 68 പേര്‍ കൊല്ലപ്പെട്ട സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനക്കേസിലെ പ്രധാന സൂത്രധാരന്‍ പിടിയിലായതായി ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. 2010 ഡിസംബറില്‍ നടന്ന അറസ്റ്റാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പിടിയിലായ പ്രതി സ്‌ഫോടനത്തിന് പിറകില്‍ നടന്ന ഗൂഢാലോചനയില്‍ തനിക്കുള്ള പങ്ക് സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ വിവരങ്ങളും ഇയാളില്‍നിന്ന് ലഭിച്ചുകഴിഞ്ഞു. ഈ വഴിക്കുള്ള അന്വേഷണവും തുടര്‍ന്നുവരുകയാണ്.
ഇന്ത്യ-പാക് ആഭ്യന്തര സെക്രട്ടറിതല ചര്‍ച്ചയുടെ ഭാഗമായി പാകിസ്താന്‍ സംഝോത എക്‌സ്‌പ്രസ് സ്‌ഫോടന കേസിന്റെ പുരോഗതിയെ കുറിച്ച് ആരാഞ്ഞതിന് തൊട്ടുപിറകെ ഇന്ത്യ-പാക് ക്രിക്കറ്റ് സെമിഫൈനല്‍ വീക്ഷിക്കാന്‍ പാക് പ്രധാനമന്ത്രി യൂസുഫ് ഗീലാനി ഇന്ത്യയിലെത്തിയ സമയത്താണ് എന്‍.ഐ.എയുടെ സുപ്രധാന വെളിപ്പെടുത്തല്‍.
സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ കഠിന പരിശ്രമം നടത്തിവരുകയാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ധരുടെയും റെയില്‍വേ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചതായും ആഭ്യന്തര മന്ത്രാലയം പാകിസ്താനെ അറിയിച്ചിരുന്നു.രാജ്യത്തെ വിവിധ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും തീവണ്ടികളിലും നടന്ന സ്‌ഫോടനങ്ങളില്‍ തനിക്കും മറ്റു നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ് അസിമാനന്ദ കഴിഞ്ഞ ജനുവരിയില്‍ കോടതിമുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. മുസ്‌ലിം തീവ്രവാദികള്‍ നടത്തുന്ന സ്‌ഫോടനങ്ങള്‍ക്ക് പകരമായാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.2007 ഫെബ്രുവരിയിലാണ് ഹരിയാനയിലെ പാനിപത്തില്‍ സംഝോത എക്‌സ്‌പ്രസിന്റെ രണ്ട് ബോഗികളിലായി സ്‌ഫോടനം നടന്നത്.


No comments:

Post a Comment