Wednesday, March 30, 2011

പെരിന്തല്‍മണ്ണയില്‍ അലിയും ശശിയും വിയര്‍ക്കുന്നു













പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഇരുമുന്നണികളും വിയര്‍ക്കുന്നു. മങ്കടയിലെ മുന്‍ ഇടത് സ്വതന്ത്രനും പെരിന്തല്‍മണ്ണയിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയുമായ മഞ്ഞളാം കുഴി അലിയും സി.പി.എം സിറ്റിംഗ് എം.എല്‍.എ സി.പി.എം സ്ഥാനാര്‍ഥി വി. ശശികുമാറുമാണ് ഇവിടെ മത്സരിക്കുന്നത്. ജില്ലയില്‍ ഇടത്മുന്നണി പ്രതീക്ഷിക്കുന്ന മൂന്ന് സീറ്റുകളില്‍ ഒന്നാണ് പെരിന്തല്‍മണ്ണ. പെരിന്തല്‍മണ്ണ തിരിച്ചു പിടിക്കാനാണ് അലിയെ മങ്കടയില്‍ നിന്ന് മുസ്ലിംലീഗ് പെരിന്തല്‍മണ്ണയിലെത്തിച്ചത്. ശക്തമായ മത്സരം നടക്കുന്ന ഈ മണ്ഡലത്തില്‍ വിജയം ആരോടൊപ്പം എന്നത് പ്രവചനാതീതം. കഴിഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന ശശികുമാര്‍ 14003 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2001 ല്‍ മുസ്ലിംലീഗിലെ എന്‍. സൂപ്പി 5906 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച മണഡലമാണിത്. ഇത്തവണ 154518 വോട്ടര്‍മാരുണ്ട്. 2006 ല്‍ ഇടത് സ്ഥാനാര്‍ഥിക്ക് 7.10 ശതമാനം വോട്ടുകള്‍ വര്‍ധിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 7.15 ശതമാനം വോട്ടുകള്‍ കുറഞ്ഞു. മണ്ഡലത്തിന്റെ പുതിയ ക്രമീകരണത്തില്‍ ഇടത്മുന്നണിക്ക് പ്രതീക്ഷയാകുമായിരുന്ന അങ്ങാടിപ്പുറം, കീഴാറ്റൂര്‍ പഞ്ചായത്തുകള്‍ വെട്ടിമാറ്റപ്പെട്ടു. കൂട്ടിച്ചേര്‍ത്തവയാകട്ടെ യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്ന പഞ്ചായത്തുകളും. അതുകൊണ്ടുതന്നെ സിറ്റിംഗ് എം.എല്‍.എക്ക് ഇവിടെ കാര്യങ്ങള്‍ എളുപ്പമല്ല. മഞ്ഞളാംകുഴി അലി ശശികുമാറിനെ സംബന്ധിച്ചിടത്തോളം ശരിയായ എതിരാളിയാണ്. ജനപ്രീതി, വികസനം വിശ്വാസ്യത തുടങ്ങിയ കാര്യങ്ങളില്‍ ഇരുവരും തുല്യം. ഇവിടെ സത്യം പറഞ്ഞാല്‍ മുന്നണികള്‍ തമ്മിലല്ല, രണ്ട് വ്യക്തികള്‍ തമ്മിലാണ് മത്സരം. അലിക്ക് സുന്നിയിലെ ഇരുവിഭാഗങ്ങളുടെയും പിന്തുണയുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥി സി.കെ കുഞ്ഞിമുഹമ്മദാണ്. എസ്.ഡി.പി.ഐ മത്സരിക്കുന്നുണ്ടെങ്കിലും സജീവമായിട്ടില്ല.
ഇതാണ് മണ്ഡലത്തിലെ ഇപ്പോഴത്തെ ചിത്രം. ഇവിടെ മത്സരം ഇരുവര്‍ക്കും കടുത്തത് തന്നെയാണ്.



No comments:

Post a Comment