Wednesday, March 16, 2011

മാര്‍ക്‌സിസ്റ്റ് തത്വങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ എന്നെ അച്ചടക്കം പഠിപ്പിക്കുന്നു -വി.എസ്

Published on Thu, 03/17/2011 - 07:15 ( 1 hour 22 min ago)

മാര്‍ക്‌സിസ്റ്റ് തത്വങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ എന്നെ അച്ചടക്കം പഠിപ്പിക്കുന്നു  -വി.എസ്

തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് സംഘടനാ തത്വത്തില്‍നിന്ന് വ്യതിചലിക്കാനാണ് തന്നെ ലെനിനിസ്റ്റ് സംഘടനാ തത്വം പറഞ്ഞ് അച്ചടക്കം പഠിപ്പിക്കുന്നതെന്ന് വി.എസ് സംസ്ഥാന സമിതിയില്‍. യോഗത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് വി.എസ് അച്യുതാനന്ദന്‍ ഇത് പറഞ്ഞത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളിലെ വൈരുധ്യവും തന്റെ നിലപാടുകളും എടുത്ത് പറഞ്ഞായിരുന്നു വി.എസിന്റെ മറുപടി.
'ലെനിനിസ്റ്റ് സംഘടനാ തത്വം നടപ്പാക്കാനുള്ളതല്ല ഈ പാര്‍ട്ടി. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം നടപ്പാക്കാനുള്ളതാണ്. പക്ഷേ ലെനിനിസ്റ്റ് സംഘടനാ തത്വം പറഞ്ഞാണ് നിങ്ങള്‍ എന്നെ അച്ചടക്കം പഠിപ്പിക്കുന്നത്. അത് മാര്‍ക്‌സിസ്റ്റ് സംഘടനാ തത്വത്തില്‍ നിന്ന് വ്യതിചലിക്കാന്‍ വേണ്ടിയാണ്. മാര്‍ക്‌സിസത്തില്‍നിന്നുള്ള വ്യതിയാനത്തെയാണ് ഞാന്‍ എതിര്‍ത്തത്. ഞാന്‍ പറഞ്ഞത് ശരിയെന്നാണ് കേന്ദ്ര നേതൃത്വം പറഞ്ഞത്. ഡി.ഐ.സി ബന്ധം, മഅ്ദനിയുമായി വേദി പങ്കിട്ടത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്റെ നിലപാട് ശരിയെന്ന് ഒടുവില്‍ സമ്മതിക്കുകയായിരുന്നു. മാര്‍ക്‌സിസ്റ്റ് സംഘടനാ തത്വത്തില്‍നിന്ന് നേതൃത്വം വ്യതിചലിച്ചപ്പോഴാണ് ഞാന്‍ അതിലിടപെട്ടത്' -വി.എസ്. ചൂണ്ടിക്കാട്ടി.
എന്നാല്‍ എന്റെ ശരിയുടെ ഭാഗത്ത് നിന്നവരെ നിങ്ങള്‍ അച്ചടക്കം പറഞ്ഞ് ശിക്ഷിക്കുകയും പുറത്താക്കുകയുമാണ് ചെയ്തത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ജനങ്ങളെ സമീപിക്കാന്‍ ഉറപ്പുള്ള പ്രത്യയശാസ്ത്രം വേണം. എന്നാല്‍ അത് നേതൃത്വം നശിപ്പിച്ചു. ഭരണനേട്ടം ഉണ്ടായിട്ടുണ്ട്. മുന്‍കാലത്തെപ്പോലെ ഭരണവിരുദ്ധ വികാരവും ഇപ്പോഴില്ല. എന്നാല്‍ അതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍വാണിഭക്കാര്‍ക്കും ഭൂമാഫിയക്കും വ്യവസായത്തിന്റെ പേരില്‍ ഭൂമി വില്‍പ്പന നടത്തുന്നവര്‍ക്കും എതിരായി എന്ത് നടപടിയെടുത്തുവെന്ന് ജനങ്ങളോട് വിശദീകരിക്കേണ്ടിവരും. പെണ്‍വാണിഭക്കാരെ കൈയാമം വെച്ച് നടത്തിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ജനങ്ങള്‍ ആകാംക്ഷയോടെ നോക്കി. സ്ത്രീപീഡനം നടത്തിയെന്ന് പരാതി വന്ന പി. ശശിക്ക് എതിരായി എന്ത് നടപടിയാണെടുത്തത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞ ശശിയുടെ പാര്‍ട്ടി അംഗത്വം നിലനിര്‍ത്താനാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ശശി പാര്‍ട്ടിയില്‍നിന്നും രാജിവെച്ചതാണ്. രാജിവെച്ചയാളിന്റെ അംഗത്വം നിലനിര്‍ത്തുന്നത് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ നടപടിയാണ്. ഈ സംസ്ഥാന സമിതിയില്‍ നിന്നുള്ളവരല്ലേ ശശിെക്കതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇവരെയൊക്കെ വെച്ച് നിങ്ങള്‍ എങ്ങിനെയാണ് ജനങ്ങളെ സമീപിക്കുന്നത്?
ഭൂ മാഫിയക്കെതിരായ മൂന്നാര്‍ ഓപ്പറേഷന്‍ ഇടക്ക് വെച്ച് നിര്‍ത്തിച്ചു. അഴിമതിെക്കതിരായി നടപടിയെടുക്കുമെന്ന് നിങ്ങള്‍ പറയുമ്പോള്‍, ഈ അഴിമതി നടത്തുന്നവരില്‍ നമ്മുടെ നേതാക്കളും ഇല്ലേ? നമുക്കെതിരെ ഉയരുന്ന ആരോപണങ്ങളെ രാഷ്ട്രീയാരോപണം എന്നുപറഞ്ഞ് നിഷേധിക്കാം. എന്നാല്‍ സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നും തുക വാങ്ങിയത് തെറ്റായിപ്പോയെന്ന് നമ്മള്‍ സമ്മതിച്ചില്ലേ. ഈ മാര്‍ട്ടിനുമായി നിങ്ങള്‍ക്ക് എന്താണ് ബന്ധം? ഞാന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നതല്ല പ്രശ്‌നം. ഇതൊക്കെ പറയാന്‍ ധാര്‍മിക അവകാശമുള്ള ടീമിനെ വെച്ചേ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയൂ. സെക്രട്ടേറിയറ്റ് കൂടി പ്രായമായതിനാല്‍ ഞാന്‍ മല്‍സരിക്കേണ്ടന്നാണ് തീരുമാനിച്ചിരിക്കുന്നത്. ശരിയാണ് എനിക്ക് 89 വയസ്സായി. നിങ്ങള്‍ പറഞ്ഞ ആ പ്രായം കൊണ്ടുതന്നെ എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും പോയി പ്രചാരണം നടത്താന്‍ പ്രായം എന്നെ അനുവദിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടിക്ക് എതിരായി ആരെങ്കിലും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ഞാന്‍ ഡിഫന്‍ഡ് ചെയ്യാനുണ്ടാവും. എന്നും പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ വി.എസ് ്രപചാരണത്തിനുണ്ടാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞെങ്കിലും താന്‍ അത്തരമൊരു ഉറപ്പ് നല്‍കിയിെല്ലന്ന് വി.എസ് വിശദീകരിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഏഴു പേര്‍ വി.എസിന്റെ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ടായിരുന്നെങ്കില്‍, സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി വാദിക്കാന്‍ ആളുകള്‍ കുറവായിരുന്നു. എന്നാല്‍ വി.എസിന്റെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി ഔദ്യോഗിക പക്ഷത്ത് നിന്നുള്ളവരടക്കം രംഗത്ത് എത്തിയെന്നതും ശ്രദ്ധേയമാണ്.

Madhyamam daily 17.03.11

No comments:

Post a Comment