Wednesday, March 16, 2011

വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോര്‍ട്ടം രേഖകള്‍ അപ്രത്യക്ഷമായി


കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം രേഖകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് കാണാതായി. കോഴിക്കോട് എം.ഇ.എസ് വിമന്‍സ് കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന സിബാന സണ്ണിയുടെ (17) പോസ്റ്റുമോര്‍ട്ടം രേഖകളാണ് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍നിന്ന് അപ്രത്യക്ഷമായത്. പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ഇവിടെ നടന്നിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച പൊതുപ്രവര്‍ത്തകന് മെഡിക്കല്‍ കോളജില്‍നിന്ന് ലഭിച്ച മറുപടി.
1996 ഒക്‌ടോബര്‍ 29നാണ് സിബാന കോഴിക്കോട് ആറാം റെയില്‍വേ ഗേറ്റിനു മുന്നില്‍ സഹപാഠിയായ സുനൈന നജ്മലിനൊപ്പം പരശുറാം എക്‌സ്‌പ്രസിന് മുന്നില്‍ ചാടിയത്. ഗായകന്‍ നജ്മല്‍ ബാബുവിന്റെ മകളായിരുന്നു സുനൈന നജ്മല്‍. സുനൈന തല്‍ക്ഷണം മരിച്ചതിനാല്‍ മൃതദേഹം ബീച്ചാശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. അവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പിറ്റേന്ന് പോസ്റ്റുമോര്‍ട്ടം നടത്തി.
സിബാനയെ നാട്ടുകാര്‍ മെഡിക്കല്‍ കോളജിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പിറ്റേന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇതിന്റെ രേഖകളാണ് ആശുപത്രിയില്‍നിന്ന് അപ്രത്യക്ഷമായത്.
'96ലെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നായിരുന്നു ആക്ഷേപം. ജോസഫ് റോഡില്‍ താമസിച്ചിരുന്ന സണ്ണിയുടെ മകളായിരുന്നു സിബാന.
സിബാനയും സുനൈനയും ആത്മമിത്രങ്ങളായിരുന്നു. കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇരുവരും ട്രെയിനിനു മുന്നില്‍ ആത്മഹത്യ ചെയ്തത്.

MADHYAMAM DAILY 17.03.11

2 comments:

  1. കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നുണ്ടല്ലേ,,,

    ReplyDelete